|

'നികുതി വർധന നടത്തിയാൽ സംസ്ഥാനങ്ങൾക്ക് കടമെടുക്കാം'; കേന്ദ്രത്തിന്റെ പാക്കേജ് സംസ്ഥാനങ്ങളുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുന്നത് പോലെയെന്ന് ചന്ദ്രശേഖര റാവു

ഡൂള്‍ന്യൂസ് ഡെസ്‌ക്

‌ഹൈദരാബാദ്: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു . കഴുത്തിൽ കത്തിവെച്ച് സംസ്ഥാന സർക്കാരുകളെ ഭീഷണിപ്പെടുത്തുന്നത് പോലെയാണ് കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

”കേന്ദ്രം സംസ്ഥാനങ്ങളുടെ കഴുത്തിൽ കത്തിവെച്ച് ഇത് നിങ്ങൾ ചെയ്താൽ 2,000 കോടി രൂപ നൽകുമെന്ന് പറയുന്നു. മുൻസിപ്പൽ നികുതി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു”. ഞങ്ങൾക്ക് ദാനമായി കിട്ടുന്ന ആ 2000 കോടി ആവശ്യമില്ല കെ.സി ആർ പറഞ്ഞു.

”ഇത് ഫെഡറലിസമല്ല, പ്രധാനമന്ത്രി പറയുന്ന സഹകരണ ഫെഡറലിസം വ്യാജമാണ്. സംസ്ഥാനങ്ങൾ എന്നാൽ കേന്ദ്രത്തിന് താഴെ നിൽക്കുന്നവരല്ല. ഞങ്ങളും ഭരണത്തിന് നേതൃത്വം വഹിക്കുന്നവരാണ്”. കേന്ദ്രത്തേക്കാൾ കൂടുതൽ ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകൾക്കുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

കടമെടുപ്പ് പരിധി ഉയർത്താൻ സംസ്ഥാനങ്ങളുടെ മേൽ കേന്ദ്രം ചുമത്തിയ വ്യവസ്ഥകളെയും അദ്ദേഹം വിമർശിച്ചു. കടമെടുപ്പ് പരിധി ഉയർത്തികിട്ടാനായി ന​ഗരഭരണ സ്ഥാപനങ്ങൾ നികുതി പിരിവ് വർദ്ധിപ്പിക്കണമെന്നതടക്കമുള്ള നിർദേശങ്ങളാണ് കേന്ദ്രം മുന്നോട്ട് വെച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക