|

ആര്‍.എസ്.എസിന്റെ ക്ഷണം സ്വീകരിച്ചത് വിഷയമല്ല; അവരുടെ തെറ്റുകള്‍ പറഞ്ഞുകൊടുക്കണമെന്ന് പ്രണബ് മുഖര്‍ജിയോട് ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് പരിശീലന പരിപാടിയില്‍ മുഖ്യാതിഥിയായി എത്തുന്ന പ്രണബ് മുഖര്‍ജി എന്താണ് അവരുടെ പ്രത്യയശാസ്ത്രത്തിലെ തെറ്റെന്ന് പറഞ്ഞുകൊടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. എന്തിനാണ് പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് ക്ഷണം സ്വീകരിച്ചത് എന്നത് ചര്‍ച്ചാ വിഷയമല്ല. അതിനെക്കാള്‍ ഗൗരവുമുള്ള ഒരു കാര്യം എന്തെന്നാല്‍, പ്രണബ് മുഖര്‍ജി ദയവായി അവിടെപ്പോകുകയും അവരുടെ പ്രത്യയശാസ്ത്രത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

നാഗ്പൂരില്‍ ജൂണ്‍ 7ന് നടക്കാനിരിക്കുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരെ മുഴുവന്‍ സമയ പ്രചാരകരാക്കി ഉയര്‍ത്തുന്ന പരിശീലന പരിപാടിയിലാണ് മുന്‍ രാഷ്ട്രപതി സംസാരിക്കുക. പരിശീലന പരിപാടിയില്‍ മുഖ്യപ്രഭാഷകനായാണ് അദ്ദേഹം എത്തുന്നത്. ആര്‍.എസ്.എസിന്റെ ക്ഷണം പ്രണബ് മുഖര്‍ജി സ്വീകരിച്ചതായി ആര്‍.എസ്.എസിന്റെ അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് അരുണ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.


Read Also : നിങ്ങള്‍ ആരാണ് ? തൂത്തുക്കുടി ജനറല്‍ ആശുപത്രിയില്‍ രജനീകാന്തിനോട് ഇരകളുടെ രോഷപ്രകടനം


പ്രണബ് മുഖര്‍ജി ക്ഷണം സ്വീകരിച്ചത് രാജ്യത്തിന് പ്രധാനപ്പെട്ട സന്ദേശമാണ് നല്‍കുന്നതെന്ന് ബി.ജെ.പി എം.പി രാകേഷ് സിന്‍ഹയും പറഞ്ഞിരുന്നു.

രാജ്യത്താകമാനമുള്ള 600ഓളം സംഘപ്രചാരകരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതും പരിപാടിയില്‍ പങ്കെടുക്കും. രാജ്യത്തെ വര്‍ഗീയതയിലൂടെ വിഭജിക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അദ്ധ്യഷന്‍ രാഹുല്‍ ഗാന്ധി അടക്കം വിമര്‍ശിക്കുമ്പോഴാണ് പ്രണബ് മുഖര്‍ജിയുടെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പ്രണബ് മുഖര്‍ജി 2012 മുതല്‍ 2017 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു. 1969 മുതല്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.

Video Stories