ചന്ദനമഴ സീരിയലിലെ ശ്രദ്ധ നേടിയ രംഗമായിരുന്നു നായികയായ അമൃത പാമ്പിനെ കയ്യിലെടുത്തത്. ഒറിജിനല്‍ പാമ്പിനെ കയ്യിലെടുത്ത നടി മേഘ്‌നക്ക് അഭിനന്ദനങ്ങളോടൊപ്പം ട്രോളുകളും നേരിടേണ്ടി വന്നിരുന്നു.
ഈ രംഗം ഷൂട്ട് ചെയ്തപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി ഷാലു കുര്യന്‍. ആ രംഗത്തില്‍ ആരും അഭിനയിക്കുകയായിരുന്നില്ലെന്നും ഒറിജിനല്‍ എക്‌സ്‌പ്രെഷനുകള്‍ തന്നെയാണ് മുഖത്ത് വന്നിരുന്നതെന്നും ഷാലു പറഞ്ഞു. മേഘ്‌നയുടെ ഡെഡിക്കേഷന്‍ മൂലമാണ് അത് ചെയ്യാന്‍ സമ്മതിച്ചതെന്നും താനായിരുന്നെങ്കില്‍ പറഞ്ഞുവിട്ടാലും ഈ രംഗത്തില്‍ അഭിനയിക്കില്ലെന്നും ഇന്ത്യാ ഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ശാലു പറഞ്ഞു.
‘ആ സീന്‍ ഒരുപാട് പേര്‍ റീല്‍ ചെയ്തിട്ടുണ്ട്. എല്ലാവരും അയച്ചുതരും. അത് കണ്ട് ചിരിച്ച് ചിരിച്ച് എന്റെ പണി തീരും. അതൊക്കെ കാണുന്നത് എനിക്ക് ഭയങ്കര സന്തോഷമാണ്. അത് ഒറിജിനല്‍ പാമ്പാണ് അവളുടെ കയ്യില്‍ ഇരിക്കുന്നത്. അതിന്റെ വാ കൂട്ടി തയ്ച്ചിട്ടുണ്ട്. പക്ഷേ ഇത് വഴുവഴുത്തൊരു സംഭവമാണല്ലോ.
നല്ല നീളമുണ്ട് അതിന്. അവളുടെ പൊക്കം തന്നെ കാണും. അവളുടെ ധൈര്യം സമ്മതിക്കണം. ഞാനാണെങ്കില്‍ ഈ സീന്‍ ചെയ്യുന്നില്ല, നിങ്ങളെന്നെ പറഞ്ഞുവിട്ടോ എന്ന് പറയും. അവള്‍ക്ക് അത്രയും ഡെഡിക്കേഷന്‍ ഉള്ളതുകൊണ്ടാണ് അത് ചെയ്തത്. നല്ല കാര്യമാണ്.
ആ സമയത്ത് ഞങ്ങളുടെ മുഖത്ത് വന്നത് ഒറിജിനല്‍ എക്‌സ്പ്രഷനുകള്‍ ആയിരുന്നു. ഇവള്‍ ഈ പാമ്പിനെ എടുത്ത് എന്ത് കാണിക്കുമോ? ഇത് കൊത്തുവോ എന്നൊക്കെ ചിന്തിച്ചു. ഞാന്‍ അവിടെ നിന്ന് സ്വര്‍ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയമേ, ആ കൊച്ചിനെ കാത്തോണേ, പാമ്പ് ഇങ്ങോട്ട് ചാടല്ലേ, അങ്ങോട്ട് ചാടല്ലേ എന്നൊക്കെ പ്രാര്‍ത്ഥിച്ചു.
ഇടക്ക് പാമ്പിന്റ വായിലെ തുന്നല്‍ അഴിഞ്ഞുപോയി. എന്നിട്ട് അതൊരു നില്‍പ്പുണ്ടായിരുന്നു. അവള്‍ കൈ നീട്ടി പിടിച്ച് നിന്നു. ഞാന്‍ ദൈവമേ എന്ന് വിളിച്ച് പോയി,’ ശാലു കുര്യന്‍ പറഞ്ഞു.
Content Hoighlight: shalu kurian talks about the snake scene in chandanamazha