ഭുവനേശ്വര്‍: പുരുഷന്മാരുടെ ലോകകപ്പ് ഹോക്കിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്ക്കു വിജയത്തുടക്കം. പൂള്‍ ബിയിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ഓസ്‌ട്രേലിയ കീഴടക്കി.
ഓസ്‌ട്രേലിയയ്ക്കായി ബ്ലേക് ഗോവേഴ്‌സ് (11ാം മിനിറ്റ്), തിമോത്തി ബ്രാന്‍ഡ് (34ാം മിനിറ്റ്) എന്നിവര്‍ ഗോള്‍ നേടി. അയര്‍ലന്‍ഡിനായി ഷെയ്ന്‍ ഒഡോനോഗിയാണ് (13ാം മിനിറ്റ്) ലക്ഷ്യംകണ്ടത്.
അതേസമയം, ലോകഹോക്കിയിലെ കുഞ്ഞന്മാരായ ചൈന 22 ന് ലോക ഏഴാം നമ്പരുകാരായ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു.
2010, 2014 ലോകകിരീടങ്ങള്‍ പേരിലുള്ള ഓസ്‌ട്രേലിയ പതിവുഫോമിന്റെ നിഴല്‍ മാത്രമായിരുന്നു ഇന്നലെ കളത്തില്‍. നാലാം മിനിറ്റില്‍ ഗോളിലേക്ക് ആദ്യ ഷോട്ടെടുത്ത് അയര്‍ലന്‍ഡായിരുന്നു. എന്നാല്‍, ഓസ്‌ട്രേലിയ ഗോള്‍കീപ്പര്‍ ആന്‍ഡ്രു ചാര്‍ട്ടറിന്റെ ഡബിള്‍ സേവാണ് അവരെ രക്ഷപ്പെടുത്തിയത്. സീന്‍ മുറേയുടെയും മാത്യു നെല്‍സണിന്റെയും ഷോട്ടുകള്‍ ചാര്‍ട്ടര്‍ തടുത്തു.
പിന്നീട് ആത്മവിശ്വാസത്തോടെ തിരിച്ചടിച്ചാണ് ബ്ലേക്ക് ഗോവേഴ്‌സിലൂടെ 11ാം മിനിറ്റില്‍ ഓസ്‌ട്രേലിയ ആദ്യ ഗോള്‍ നേടിയത്. 2 മിനിറ്റിനകം ഡോണോഹ്യൂവിന്റെ ഗോളില്‍ അയര്‍ലന്‍ഡ് ഒപ്പമെത്തിയതോടെ കളി മാറി. രണ്ടാം ക്വാര്‍ട്ടറിന്റെ അവസാന നേരത്ത് ഓസ്‌ട്രേലിയയ്ക്കു തുടര്‍ച്ചയായി പെനല്‍റ്റി കോര്‍ണറുകള്‍ കിട്ടി. പിന്നാലെ ഇടവേളയ്ക്കു ശേഷം രണ്ടാം മിനിറ്റില്‍ ടിം ബ്രാന്‍ഡിലൂടെ ഓസ്‌ട്രേലിയ വിജയഗോള്‍ നേടി ദീര്‍ഘ നിശ്വാസമുതിര്‍ത്തു.