കൊച്ചി: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ തിളങ്ങിയ ഇന്ത്യയുടെ ഗോള്‍ കീപ്പര്‍ പി.ആര്‍.ശ്രീജേഷിനെ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) ആദരിച്ചു. കൊച്ചി ഏകദിനമത്സരത്തോടനുബന്ധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ്. ധോണിയ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് കെ.സി.എ ശ്രീജേഷിനെ ആദരിച്ചത്.
എം.എസ് ധോണി ശ്രീജേഷിന് ഉപഹാരങ്ങള്‍ സമ്മാനിച്ചു. കെ.സി.എ പ്രസിഡന്റ് ടി.സി.മാത്യുവും ഒപ്പമുണ്ടായിരുന്നു. ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇന്ത്യയ്ക്ക് സ്വര്‍ണം സമ്മാനിച്ച ശ്രീജേഷിനെ ധോണി അഭിനന്ദിച്ചു.
കൊച്ചിയിലെത്തിയ ധോണിക്കും സംഘത്തിനും ശ്രീജേഷ് വിജയാശംസകള്‍ നേര്‍ന്നു. വിന്‍ഡീസുമായുള്ള ഇന്ത്യന്‍ ടീമിന്റെ ഏകദിന മത്സരം ബുധനാഴ്ചയാണ്.
ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയുടെ സുവര്‍ണ നേട്ടത്തില്‍ ശ്രീജേഷിന്റെ പങ്ക് വളരെ വലുതാണ്. പാക്കിസ്ഥാനെതിരായ ഫൈനല്‍ മത്സരം പെനാല്‍ട്ടി വരെ നീണ്ടിരുന്നു. പെനാല്‍ട്ടി ഷൂട്ട് ഓഫില്‍ ശ്രീജേഷ് നടത്തിയ രണ്ട് സേവുകളാണ് ഇന്ത്യയ്ക്ക് രക്ഷയായത്.
ഹോക്കി മത്സരത്തിലെ വിജയശില്പിയായ ശ്രീജേഷിനെ കഴിഞ്ഞദിവസം മുഖ്യമന്ത്രി വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു. ശ്രീജേഷിന് സംസ്ഥാനത്ത് ജോലി നല്‍കുന്ന കാര്യവും മികച്ച പ്രകടനത്തിന് പാരിതോഷികം നല്‍കുന്ന കാര്യവും അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.
നിലവില്‍ ചെന്നൈയില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മാനേജരായി ജോലി ചെയ്യുകയാണ് ശ്രീജേഷ്.