| Friday, 17th June 2016, 10:10 am

ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയിലെ നിര്‍ണായക മത്സരത്തില്‍ ഒസ്‌ട്രേലിയയോട് തോല്‍വി വഴങ്ങിയെങ്കിലും ഇന്ത്യ ഫൈനലിലെത്തി. ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ ഫൈനലില്‍ എത്തുന്നത്. ബുധനാഴ്ച നടന്ന മത്സരത്തില്‍ (4-2) എന്ന സ്‌കോറിനാണ് കരുത്തരായ ഓസ്‌ട്രേലിയ ഇന്ത്യയെ കീഴടക്കിയത്.

രാത്രി നടന്ന ബ്രിട്ടന്‍-ബെല്‍ജിയം മത്സരം സമനിലയിലായതോടെയാണ് (3-3) ഏഴുപോയിന്റുമായി ഇന്ത്യ ഫൈനലില്‍ എത്തിയത്. അഞ്ചു കളിയില്‍ നിന്ന് 11 പോയന്റുള്ള ഓസ്‌ട്രേലിയ തന്നെയാണ് ഫൈനില്‍ ഇന്ത്യയുടെ എതിരാളികള്‍. സമനിലയോടെ ബ്രിട്ടന് ആറും ബെല്‍ജിയത്തിന് അഞ്ചും പോയന്റുണ്ട്.

ബുധനാഴ്ച നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്കായി മിട്ടന്‍, ആരന്‍ സലെവ്‌സ്‌കി, ഫ്‌ളെന്‍ ഒഗിലി, ഗ്ലെന്‍ ടര്‍ണര്‍ എന്നിവര്‍ ഗോളുകള്‍ നേടി. ഇന്ത്യക്കായി പെനാല്‍ട്ടി കോര്‍ണറില്‍നിന്ന് വി.ആര്‍ രഘുനാഥ്, മന്ദീപ് സിങ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. തോറ്റെങ്കിലും ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയുടെ പോരാട്ടവീര്യം ശ്രദ്ധേയമായി.

ആദ്യക്വാര്‍ട്ടറില്‍ പ്രതിരോധത്തില്‍ പുലര്‍ത്തിയ ജാഗ്രതയും ഗോള്‍കീപ്പര്‍ പി.ആര് ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളുമായതോടെ ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്കായി. എന്നാല്‍, രണ്ടും മൂന്നും ക്വാര്‍ട്ടറുകളില്‍ രണ്ടുവീതം ഗോള്‍ നേടിയ ഓസീസ് മത്സരത്തില്‍ പിടിമുറുക്കി. ഒരു ഗോളാണ് ഈ ഘട്ടത്തില്‍ ഇന്ത്യക്ക് തിരിച്ചടിക്കാന്‍ കഴിഞ്ഞത്.

എന്നാല്‍, നാലാം ക്വാര്‍ട്ടറില്‍ തകര്‍പ്പന്‍ കളി പുറത്തെടുത്ത ഇന്ത്യന്‍ ടീം ഓസീസിനെ വിറപ്പിച്ചു. മന്ദീപ് സിങ് മികച്ച ഫീല്‍ഡ് ഗോളും നേടി. കളിയുടെ അവസാനമിനിറ്റുകളില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.

We use cookies to give you the best possible experience. Learn more