ഹോക്കി ഇന്ത്യ ലീഗ്: ഫ്രാഞ്ചസികള്‍ക്കുള്ള തുക വര്‍ദ്ധിപ്പിച്ചു
DSport
ഹോക്കി ഇന്ത്യ ലീഗ്: ഫ്രാഞ്ചസികള്‍ക്കുള്ള തുക വര്‍ദ്ധിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th October 2013, 5:50 pm

[]ന്യൂദല്‍ഹി: രണ്ടാം സീസണിനൊരുങ്ങുന്ന ഹോക്കി ഇന്ത്യാ ലീഗ് ഫ്രാഞ്ചസികള്‍ക്കുള്ള തുക വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ തവണത്തേതിനെക്കാള്‍ 46 ലക്ഷം അധികം നല്‍കാനാണ് ടൂര്‍ണ്ണമെന്റെ സംഘാടകര്‍ തീരുമാനിച്ചത്.

ഇതനുസരിച്ച് പുതിയ സീസണില്‍ ഫ്രാഞ്ചസികള്‍ക്കു 4.42 കോടി ലഭിക്കും. കഴിഞ്ഞ തവണയിത് 3.96 കോടിയായിരുന്നു.

പ്രതിഫല തുക ഉയര്‍ത്തണമെന്ന ഫ്രാഞ്ചസി ഉടമകളുടെ ആവശ്യം എക്‌സിക്യുട്ടീവ് ബോര്‍ഡ് അംഗീകരിച്ചതായി ഹോക്കി ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി നരേന്ദ്രര്‍ ബാത്ര പറഞ്ഞു.

പുതിയ കളിക്കാരെ സ്വന്തമാക്കാനും മറ്റുമായി ഈ തുക ഫ്രാഞ്ചസി ഉടമകള്‍ക്ക് ഉപയോഗപ്പെടുത്താം. കളിക്കാര്‍ക്കായുള്ള ലേലം നവംബര്‍ പതിനെട്ടിന് നടക്കുമെന്നും 154 ഓളം കളിക്കാര്‍ ലേലത്തില്‍ പങ്കെടുക്കാനായി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഹോക്കി നരേന്ദ്ര ബാത്ര പറഞ്ഞു.

ഉദ്ഘാന സീസണില്‍ ദേശീയ താരങ്ങളടക്കം 70 ഓളം ഇന്ത്യന്‍ കളിക്കാരും 50 വിദേശ കളിക്കാരും ടൂര്‍ണ്ണമെന്റിന്റെ ഭാഗമായിരുന്നു. മൊത്തം പങ്കെടുത്ത 120 കളിക്കാരില്‍ അറുപതോളം പേര്‍ വിവിധ രാജ്യങ്ങള്‍ക്കായി ഒളിപിക്‌സില്‍ പങ്കെടുത്തവരായിരുന്നു.