ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി ടൂര്‍ണമെന്റ് പാക്കിസ്ഥാന്
DSport
ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി ടൂര്‍ണമെന്റ് പാക്കിസ്ഥാന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th December 2012, 9:54 am

ദോഹ: ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി ടൂര്‍ണമെന്റ് പാക്കിസ്ഥാന്. ഫൈനലില്‍ 5-4ന് ഇന്ത്യയെ പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന്‍ ജേതാക്കളായയത്.[]

കഴിഞ്ഞ വര്‍ഷത്തെ തോല്‍വിക്ക് ഇതോടെ പാക്കിസ്ഥാന്‍ പകരം വീട്ടി. ആദ്യപകുതിയില്‍ 2-1നു മുന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യ തോല്‍വിയിലേക്ക് കൂപ്പുകുത്തിയത്.

അവസാന മിനുട്ടില്‍ വീണുകിട്ടിയ പെനല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ചാണ് പാക്കിസ്ഥാന്‍ കിരീടം സ്വന്തമാക്കിയത്. കളിയുടെ ആദ്യ ഗോള്‍ ഏഴാം മിനുട്ടില്‍ പാക്കിസ്ഥാന്‍ നേടിയെങ്കിലും ആദ്യപകുതിയില്‍. ഗുര്‍വീന്ദര്‍ സിങ് ചാന്ദി, രൂപീന്ദര്‍ പാല്‍ എന്നിവരുടെ ഗോളില്‍ ഇന്ത്യ  2-1 ലീഡെടുത്തു.

രണ്ടാം പകുതിയില്‍ പക്ഷേ, ഈ മേധാവിത്വം നിലനിര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. ചടുല നീക്കങ്ങളിലൂടെ പാക്കിസ്ഥാന്‍ ഇന്ത്യയുടെ ലീഡ് ഇല്ലാതാക്കി. രണ്ടാം പകുതിയില്‍ ഇന്ത്യക്കായി വി.ആര്‍. രഘുനാഥ്, എസ്. വി. സുനില്‍ എന്നിവര്‍ ഗോള്‍ നേടി. 64-ാം മിനിറ്റിലാണ് സമനില തകര്‍ക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞത്.

അപ്പോള്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിലെത്തിച്ച് പാക്കിസ്ഥാന്‍ വിജയം പിടിച്ചുവാങ്ങുകയായിരുന്നു. കഴിഞ്ഞവര്‍ഷം ആരംഭിച്ച ഏഷ്യന്‍സ് ചാംപ്യന്‍സ്  ഹോക്കിയില്‍ ഇത്തവണ ആറ് ടീമുകളാണ് പങ്കെടുത്തത്.

24ന് നടന്ന ഗ്രൂപ്പ് മല്‍സരത്തില്‍ ഇന്ത്യ 2-1ന് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. ആദ്യ നാലു കളികള്‍ ജയിച്ച് ആദ്യം ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചതും ഇന്ത്യയായിരുന്നു. എന്നാല്‍, ലീഗിലെ അവസാന മല്‍സരത്തില്‍ ഇന്ത്യ മലേഷ്യയോട് 5-3ന് തോറ്റിരുന്നു. പാക്കിസ്ഥാന്‍ ജപ്പാനെ ഇതേ സ്‌കോറിനു തോല്‍പിച്ചാണു ഫൈനലില്‍ എത്തിയത്.

പാക്കിസ്ഥാനും മലേഷ്യയും 10 പോയന്റുമായി ഒപ്പത്തിനൊപ്പം നിന്നു. എന്നാല്‍, ഗോള്‍ ശരാശരി പാക് സംഘത്തിന് തുണയാവുകയായിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളിന് ചൈനയെ തോല്‍പിച്ചാണ് മലേഷ്യയുടെ വെങ്കലനേട്ടം. അഞ്ചാം സ്ഥാനത്തിനുവേണ്ടി നടന്ന മത്സരത്തില്‍ ഒമാന്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ജപ്പാനെ മറികടന്നു.