[] ന്യൂദല്‍ഹി: ഹോക്കി ഇന്ത്യ ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡിനുള്ള കളിക്കാരെ ശുപാര്‍ശ ചെയ്തു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ നിന്നുള്ള ഒരു വനിതയെപ്പോലും പുരസ്‌കാരത്തിനുള്ള പട്ടികയിലുള്‍പ്പെടുത്താത്തത് വിരോധാഭാസമായി.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി അന്താരാഷ്ട്ര തലത്തിലും മികച്ച പ്രകടനം കാഴ്ച വെക്കുകയും മെഡല്‍ നേടുകയും ചെയ്തിട്ടുമാണ് വനിത ടീമില്‍ നിന്നുള്ള ഒരാളെപ്പോലും പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യാതിരുന്നത്. കായികരംഗത്തെ മികവിനുള്ള പുരസ്‌കാരത്തിനായി നാല് പേരെയും ലൈഫ് ടൈം അച്ചീവ്‌മെന്റിനുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരത്തിനും കോച്ചിങിലെ മികവിന് ദ്രോണാചാര്യ അവാര്‍ഡിനുമായി രണ്ട് പേരെയുമാണ്് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ധരംവീര്‍ സിങ്, വി.ആര്‍ രഘുനാഥ്, തുഷാര്‍ ഘന്റ്കര്‍, ഭരത് ചേതാരി, എന്നിവരെയാണ് അര്‍ജുനാ അവാര്‍ഡിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ധരംവീര്‍ സിങ്, രഘുനാഥ് എന്നിവരാണ് നിലവില്‍ അന്തര്‍ദേശീയ ടീമിലുള്ളത്.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നാഷണല്‍ വനിത ടീം കോച്ചുമായ സുമരെയ് ടെറ്റെയെ ധ്യാന്‍ചന്ദ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജൂനിയര്‍ വനിത ടീം കോച്ച് രമേഷ് പത്താനിയയാണ് ദ്രോണാചാര്യ അവാര്‍ഡിന് നിര്‍ദേശിച്ചിട്ടുള്ളത്.