ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിനേഷന്‍ നടപടികളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ലോക റെക്കോര്‍ഡ് നേടാനായി വാക്സിന്‍ പൂഴ്ത്തിവെച്ചു എന്ന് ചിദംബരം ആരോപിച്ചു.
‘ഞായറാഴ്ച പൂഴ്ത്തിവെക്കും, തിങ്കളാഴ്ച വാക്സിന്‍ നല്‍കും, ചൊവ്വാഴ്ച വീണ്ടും പഴയ മുടന്തിലേക്ക് തിരിച്ചുപോകും. ഇതാണ് ഒരൊറ്റ ദിവസത്തിലെ വാക്സിനേഷന്‍ ലോക റെക്കോര്‍ഡിന്റെ രഹസ്യം. ഈ വീരകൃത്യം ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടും, എനിക്ക് ഉറപ്പാണ്’ -ചിദംബരം ട്വീറ്റ് ചെയ്തു.
മോദി സര്‍ക്കാരിന് ആരോഗ്യ മേഖലയിലെ നൊബേല്‍ സമ്മാനം തന്നെ ലഭിച്ചേക്കാമെന്നും ചിദംബരം പരിഹസിക്കുന്നു.
രാജ്യത്ത് തിങ്കളാഴ്ചത്തെ റെക്കോര്‍ഡ് വാക്സിനേഷന് പിന്നാലെ ചൊവ്വാഴ്ച വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. തിങ്കളാഴ്ച 88 ലക്ഷത്തോളം പേരാണ് വാക്സിന്‍ സ്വീകരിച്ചത്.
അതേസമയം, ചിദംബരത്തിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ രംഗത്തെത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ത്യയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയാണെന്ന് അമിത് മാളവ്യ പറഞ്ഞു.