കൊച്ചി: വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് കുറഞ്ഞ വിലക്ക് റിയൽ എസ്റ്റേറ്റ് കമ്പനിക്ക് കൈമാറിയതിലൂടെ വിവാദത്തിലായ എച്ച്.എം.ടിയുടെ 70 ഏക്കർ ഭൂമി ഇപ്പോൾ അദാനി ഗ്രൂപ്പിന്റെ കയ്യിൽ. വ്യവസായ ആവശ്യത്തിന് മാത്രമേ ഭൂമി ഉപയോഗിക്കാവൂ എന്ന കോടതി നിർദേശം മറികടന്നാണ് കൈമാറ്റം നടന്നത്.
Also Read രാമക്ഷേത്ര നിർമ്മാണത്തിന് അടിത്തറ പാകിയത് രാമായണം സീരിയലെന്ന് ആനന്ദ് പട്വര്ദ്ധന്
ഐ.ടി മേഖലയിൽ പ്രത്യക്ഷമായും പരോക്ഷമായും 70,000 പേർക്ക് തൊഴിലവസരം ലഭിക്കുന്ന സൈബർ സിറ്റി പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഭൂമിയാണ് അദാനി ഗ്രൂപ് സ്വന്തമാക്കിയത്.
കളമശേരിയിൽ എച്ച്.എം.ടിക്ക് സർക്കാർ ഏറ്റെടുത്തുനൽകിയ ഭൂമിയിൽനിന്ന് 70 ഏക്കർ 2006ലാണ് 91 കോടിക്ക് റിയൽ എസ്റ്റേറ്റ് കമ്പനിയായ ഹൗസിങ് ഡെവലപ്മെൻറ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന് (എച്ച്.ഡി.ഐ.എൽ) കീഴിലുള്ള ബ്ലൂസ്റ്റാർ റിയൽറ്റേഴ്സിന് സർക്കാർ കൈമാറിയത്.
Also Read കേരളത്തില്‍ വിദേശ മദ്യവും വിദേശ ബിയറും വൈനും വില്ക്കാന് സര്‍ക്കാര്‍ അനുമതി
700 കോടിയെങ്കിലും ലഭിക്കേണ്ട ഭൂമി കുറഞ്ഞവിലക്ക് നൽകിയതിനുപിന്നിൽ അന്നത്തെ വ്യവസായമന്ത്രി എളമരം കരീമാണെന്നായിരുന്നു ആരോപണം. ഇടപാടിൽ അഴിമതി ആരോപിച്ച് ഹൈകോടതിയിലും സുപ്രീംകോടതിയിലും നൽകിയ പൊതുതാൽപര്യ ഹരജികൾ തള്ളി. എന്നാൽ, വ്യവസായ പദ്ധതികൾക്കല്ലാതെ ഭൂമി ഉപയോഗിക്കരുതെന്ന് കോടതി പ്രത്യേകം നിർദേശിച്ചിരുന്നു.
ഭൂമിയിൽ 4000 കോടി മുതൽമുടക്കിൽ മൂന്ന് ഘട്ടങ്ങളായി സൈബർ സിറ്റി നടപ്പാക്കുമെന്നായിരുന്നു എച്ച്.ഡി.ഐ.എല്ലിന്റെ പ്രഖ്യാപനം. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട എച്ച്.ഡി.ഐ.എല്ലിന് 12 വർഷമായിട്ടും പദ്ധതി നടപ്പാക്കാനായില്ല. ഇതോടെ, കരാർലംഘനം ചൂണ്ടിക്കാട്ടി ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ നീക്കം തുടങ്ങിയതോടെയാണ് ഉടമസ്ഥരായ ബ്ലൂസ്റ്റാർ റിയൽറ്റേഴ്സ് തങ്ങളുടെ ഒാഹരികൾ അദാനി ഗ്രൂപ്പിന് കൈമാറിയത്. ഇടപാട് എത്ര രൂപയുടേതാണെന്ന് വ്യക്തമായിട്ടില്ല.
Also Read ഇത്തവണ ഓസീസിന്റെ വെടിക്കെട്ടുണ്ടാവില്ല; ഐ.പി.എല്‍ കളിക്കാനില്ലെന്ന് ഫിഞ്ചും മാക്സ്വെല്ലും
ഒാഹരികൾ അദാനി ഗ്രൂപ്പിന് കൈമാറിയതോടെ ബ്ലൂസ്റ്റാർ റിയൽറ്റേഴ്സ് ഡയറക്ടർമാരായി അദാനി ഗ്രൂപ് ഡയറക്ടർ ജഗന്നാഥ റാവു ഗുഡേന, അദാനി വിഴിഞ്ഞം പോർട്ട് എം.ഡി രാജേഷ് ധാ, അദാനി പോർട്ട് കമ്പനി സെക്രട്ടറി കമലേഷ് ഭാഗിയ എന്നിവർ ചുമതലയേറ്റു.