എച്ച്.എം.ടി ഭൂമിയിടപാട് കേസിലെ നിര്‍ണായക ഫയല്‍ നശിപ്പിച്ചു
Daily News
എച്ച്.എം.ടി ഭൂമിയിടപാട് കേസിലെ നിര്‍ണായക ഫയല്‍ നശിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd September 2014, 4:48 pm

hmt01[]കൊച്ചി:ഹൈക്കോടതി പരിഗണനയിലുള്ള എച്ച്.എം.ടി ഭൂമിയിടപാട് കേസിലെ നിര്‍ണായക ഫയല്‍ നശിപ്പിച്ചു. കാലഹരണപ്പെട്ട ഫയലായതു കൊണ്ടാണ് കത്തിച്ചത് എന്നതാണ് വ്യവസായ വകുപ്പിന്റെ ന്യായീകരണം. വിവരാവകാശ നിയമപ്രകാരമാണ് ഈ വിവരം ലഭിച്ചിരിക്കുന്നത്.

എച്ച്.എം.ടി ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് നിലനില്‍ക്കുന്നതിനാല്‍ ഈ ഫയല്‍ നശിപ്പിക്കാന്‍ പാടില്ലാത്തതാണ്. കോടതിയുടെ അനുമതിയില്ലാതെയാണ് ഫയല്‍ നശിപ്പിച്ചിരിക്കുന്നത്.

മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസ് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി. ഫയല്‍ കത്തികാനുള്ള ഉത്തരവടക്കം സമര്‍പ്പിക്കാനാണ് സിബി മാത്യൂസ് ആവശ്യപ്പെട്ടിരിക്കുന്നത്.

കളമശ്ശേരി എച്ച്.എം.ടി ഭൂമി റിയലെസ്റ്റേറ്റിന് കൈമാറിയതുമായി ബന്ധപ്പെട്ട ഫയലാണ് നശിപ്പിച്ച് കളഞ്ഞിരിക്കുന്നത്. ഭൂമിയുടെ ഉപയോഗം വ്യവസായ ആവശ്യങ്ങള്‍ക്ക് മാത്രമായി ഹൈക്കോടതി നിജപ്പെടുത്തുകയും സുപ്രിം കോടതി ഈ തീരുമാനം അംഗീകരിക്കുകയും ചെയ്തിരുന്നു. 2013 ല്‍ ഭൂമി വില്‍ക്കാന്‍ കമ്പനി പത്രപരസ്യം നല്‍കിയതിനെത്തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ജോയി കൈതാരം രജിസ്‌ട്രേഷന്‍ വകുപ്പിനെ സമീപിച്ചിരുന്നു. പിന്നീട് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയപ്പോളാണ് ഫയല്‍ കാണാനില്ല എന്ന മറുപടി ലഭിച്ചത്.

മറുപടിക്കെതിരെ അപലെറ്റ് അതോറിറ്റിയെ സമീപിച്ചപ്പോളാണ് ഫയല്‍ നശിപ്പിച്ചതായി അറിയാന്‍ കഴിഞ്ഞത്.