ബെംഗളൂരു: ഇന്ത്യയില്‍ എച്ച്.എം.പി.വി രോഗബാധ. ബെംഗളൂരുവില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
വൈറസ് ചൈനീസ് വേരിയന്റ് ആണോ എന്നതില്‍ വ്യക്തതയില്ല. രോഗം എവിടെ നിന്നാണ് വന്നതെന്ന് പരിശോധന നടക്കുന്നതായി കര്‍ണാടക ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടിയുമായി ബന്ധപ്പെട്ടവരിലേക്കും മറ്റും പരിശോധന വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കുട്ടിക്ക് വിദേശ യാത്ര പശ്ചാത്തലമില്ലെന്നാണ് വിവരം. കുട്ടി നിലവില്‍ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. പനിയെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചൈനയില്‍ എച്ച്.എം.പി.വി രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ജനുവരി മൂന്നിന് കര്‍ണാടക സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നൽകിയിരുന്നു. മാസ്‌ക് ഉള്‍പ്പെടെ ഉപയോഗിക്കണമെന്നായിരുന്നു നിര്‍ദേശം. കുഞ്ഞുങ്ങളെയാണ് എച്ച്.എം.പി.വി കൂടുതലായും ബാധിക്കുക.
ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ് ഹ്യൂമന്‍ മെറ്റാപ്ന്യൂമോ വൈറസ്. സാധാരണയായി ഇത് ചുമ, ശ്വാസം മുട്ടല്‍, മൂക്കൊലിപ്പ്, തൊണ്ടവേദന, ന്യൂമോണിയ എന്നിവയ്ക്ക് കാരണമാകും.
കഴിഞ്ഞ ദിവസങ്ങളില്‍ ചൈനയിലെ തിങ്ങിനിറഞ്ഞ ആശുപത്രികളുടെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ കൊവിഡ് പോലെയുള്ള ഒരു മഹാമാരിയുടെ തുടക്കമാണെന്ന തരത്തില്‍ ആശങ്കകളും ഉയര്‍ന്നിരുന്നു.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിധത്തിലുള്ള പ്രതിസന്ധികള്‍ ചൈനയില്‍ ഇല്ലെന്ന് മലയാളികള്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.
അതേസമയം ചൈനയില്‍ വ്യാപിക്കുന്ന രോഗബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചൈനീസ് ഭരണകൂടം അറിയിച്ചിരുന്നു. ഇപ്പോഴുള്ള രോഗങ്ങള്‍ കേവലം തണുപ്പ് കാരണം ഉണ്ടാകുന്നതാണെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് അറിയിച്ചത്.
നിലവിലെ രോഗബാധ കഴിഞ്ഞ ശൈത്യകാലത്തേക്കാള്‍ തീവ്രത കുറഞ്ഞതാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ചൈനയിലെ നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളും മാവോ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: HMPV virus in Bengaluru; Confirmed for an 8 month old baby