അഹമ്മദാബാദ്: രാജ്യത്ത് വീണ്ടും എച്ച്.എം.പി.വി കേസ് സ്ഥിരീകരിച്ചു. രണ്ട് കേസുകള്‍ ബെംഗളൂരുവില്‍ സ്ഥിരീകരിച്ചത് കൂടാതെ അഹമ്മദാബാദിലും ഒരു കേസ് രജിസ്റ്റര്‍ ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അഹമ്മദാബാദില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് മാസം പ്രായമുള്ള കുട്ടിക്കാണ് എച്ച്.എം.പി.വി സ്ഥിരീകരിച്ചത്. ഇന്ത്യയ്ക്ക് പുറത്ത് സഞ്ചരിച്ചിട്ടില്ലെന്നാണ് ദമ്പതികള്‍ പറയുന്നത്. രാജസ്ഥാനിലെ ദുംഗര്‍പൂര്‍ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനാണ് അഹമ്മദാബാദില്‍ എച്ച്.എം.പി.വി സ്ഥിരീകരിച്ചത്.
ബെംഗളൂരുവില്‍ എട്ട് മാസം പ്രായമുള്ള ആണ്‍കുട്ടിക്കും മൂന്ന് മാസം പ്രായമുള്ള പെണ്‍കുട്ടിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ് ഹ്യൂമന്‍ മെറ്റാപ്ന്യൂമോ വൈറസ്. സാധാരണയായി ഇത് ചുമ, ശ്വാസം മുട്ടല്‍, മൂക്കൊലിപ്പ്, തൊണ്ടവേദന, ന്യൂമോണിയ എന്നിവയ്ക്കാണ് കാരണമാകുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ചൈനയിലെ തിങ്ങിനിറഞ്ഞ ആശുപത്രികളുടെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ കൊവിഡ് പോലെയുള്ള ഒരു മഹാമാരിയുടെ തുടക്കമാണെന്ന തരത്തില്‍ ആശങ്കകളും ഉയര്‍ന്നിരുന്നു.
അതേസമയം ചൈനയില്‍ വ്യാപിക്കുന്ന രോഗബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചൈനീസ് ഭരണകൂടം അറിയിച്ചിരുന്നു. ഇപ്പോഴുള്ള രോഗങ്ങള്‍ കേവലം തണുപ്പ് കാരണം ഉണ്ടാകുന്നതാണെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് അറിയിച്ചത്.
നിലവിലെ രോഗബാധ കഴിഞ്ഞ ശൈത്യകാലത്തേക്കാള്‍ തീവ്രത കുറഞ്ഞതാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ചൈനയിലെ നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളും മാവോ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: HMPV again in the country; Confirmed in a two-month-old baby in Gujarat