| Saturday, 9th November 2024, 8:01 am

മണിപ്പൂരിൽ യുവതിയെ ബലാത്സംഗം ചെയ്‌ത് ജീവനോടെ കത്തിച്ചു; സംഭവത്തിൽ മെയ്തികൾക്ക് പങ്കുണ്ടെന്ന് കുക്കി വിഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: സംഘർഷഭരിതമായ മണിപ്പൂരിലെ ജിരിബാം ജില്ലയിൽ ഹമർ സമുദായത്തിൽപ്പെട്ട സ്‌കൂൾ അധ്യാപികയെ കലാപകാരികൾ ബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചു.

അജ്ഞാതർ ജിരിബാമിൽ ആക്രമണം നടത്തുകയും വീടുകൾ കത്തിക്കുകയും ചെയ്തു. പിന്നാലെയാണ് 31 കാരിയായ യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. സോസാങ്കിം എന്ന യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം പ്രാദേശിക സംഘടനകൾ കണ്ടെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കുക്കി-സോ കമ്മ്യൂണിറ്റികളുമായി ഹമർ വംശീയമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ആക്രമണത്തിന് പിന്നിൽ മെയ്തി വിഭാഗമാണെന്ന് കുക്കി വിഭാഗം ആരോപിച്ചു.

ഇരയുടെ ഭർത്താവ് എൻഗുർത്തൻസാങ് പറയുന്നത് വെള്ളിയാഴ്ച രാത്രി 9 മണിയോടെ അവരുടെ വസതിയിൽ വച്ച് സായുധ സംഘമായ മെയ്തി വിഭാഗം സോസാങ്കിമിനെ ബലാത്സംഗം ചെയ്യുകയും ജീവനോടെ കത്തിക്കുകയും ചെയ്തുവെന്നാണ്. ജിരിബാം പൊലീസ് സൂപ്രണ്ട് തയാറാക്കിയ എഫ്.ഐ.ആറിലും ഇത് തന്നെയാണ് പരാമർശിക്കുന്നത്.

‘അവർ എൻ്റെ വീടും കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. എന്റെ ഭാര്യയെ ആക്രമിച്ചു,’ അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരൻ പറഞ്ഞു.

യുവതിയുടെ കാലുകളിൽ ആയുധധാരികൾ വെടിയുതിർത്തതായി ഫെർജാൽ, ജിരിബാം ജില്ലയിലെ തദ്ദേശീയ ഗോത്രവർഗ അഭിഭാഷക സമിതി ഒരു പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് മണിപ്പൂർ പൊലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം അയൽ സംസ്ഥാനമായ അസമിലെ സിൽച്ചാറിലേക്ക് കൊണ്ടുപോയി പോസ്റ്റ്‌മോർട്ടം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.പി ജിരിബാം ജില്ലാ മജിസ്‌ട്രേറ്റിന് കത്തയച്ചിട്ടുണ്ട്.

ജിരിബാമിലെ ആശുപത്രിയിൽ ഫോറൻസിക് മെഡിസിൻ സൗകര്യമില്ലെന്നും മെയ്തികളും കുക്കികളും തമ്മിലുള്ള സംഘർഷം കണക്കിലെടുത്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലേക്ക് കൊണ്ടുപോകുന്നത് ഉചിതമല്ലെന്നും എസ്.പി പറഞ്ഞു. ഹെർമോൺ ഡ്യൂ ഇംഗ്ലീഷ് ജൂനിയർ ഹൈസ്‌കൂളിലെ അധ്യാപികയാണ് കൊല്ലപ്പെട്ടത്.

240ഓളം പേർ കൊല്ലപ്പെടുകയും 60,000ത്തിലധികം പേർ പലായനം ചെയ്യുകയും ചെയ്ത മെയ്തി-കുക്കി സംഘർഷത്തിൽ മണിപ്പൂർ കഴിഞ്ഞ വർഷം മെയ് മുതൽ ജ്വലിച്ചുനിൽക്കുകയാണ്. സൈന്യം ഉൾപ്പെടെയുള്ള സുരക്ഷാ സേനയുടെ സാന്നിധ്യമുണ്ടായിട്ടും ഇടയ്ക്കിടെ അക്രമ സംഭവങ്ങൾ തുടരുകയാണ്.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ സംഘർഷം ആരംഭിച്ചതു മുതൽ മെയ്തി ആധിപത്യമുള്ള ഇംഫാൽ താഴ്‌വര കുക്കി ആധിപത്യമുള്ള പ്രദേശങ്ങളിൽ നിന്ന് വിഭജിക്കപ്പെട്ടിരുന്നു.

Content Highlight: Hmar woman allegedly raped, burnt alive in Manipur; Kuki groups claim Meiteis involved

We use cookies to give you the best possible experience. Learn more