| Tuesday, 29th September 2020, 12:18 pm

രണ്ട് സിംഹങ്ങള്‍ രാമ-രാമ പറഞ്ഞുപോയ എന്‍.ഡി.എയില്‍ ഒരു രാമനും ഇപ്പോഴില്ല; ബി.ജെ.പിയെ പരിഹസിച്ച് ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രണ്ട് സിംഹങ്ങള്‍ നഷ്ടപ്പെട്ട സഖ്യമാണ് എന്‍.ഡി.എ എന്ന് ശിവസേന. ശിവസേനയ്ക്ക് പിന്നാലെ അകാലിദളും സഖ്യമൊഴിഞ്ഞതോടെയാണ് സഖ്യത്തെ പരിഹസിച്ച് ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ ലേഖനം വന്നത്.

പഞ്ചാബും മഹാരാഷ്ട്രയും ‘ പൗരുഷത്തിന്റെ’ മുഖമാണെന്നും അതാണ് ഇപ്പോള്‍ എന്‍.ഡി.എയ്ക്ക് നഷ്ടമായതെന്നും ലേഖനത്തില്‍ പറയുന്നു.

ഇപ്പോള്‍ ചിലര്‍ സഖ്യത്തോട് രാമരാമ പറഞ്ഞ് പോയെന്നും രണ്ട് സിംഹങ്ങള്‍ നഷ്ടപ്പെട്ട എന്‍.ഡി.എയില്‍ ഒരു രാമനും ഇപ്പോള്‍ അവശേഷിക്കുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു.

അകാലി ദളും ശിവസേനയും സഖ്യമൊഴിഞ്ഞതോടെ പിന്നെ എന്താണ് എന്‍.ഡി.എയില്‍ ഉള്ളതെന്ന് ലേഖനത്തില്‍ ചോദിക്കുന്നു. തെലുങ്ക്‌ദേശം പാര്‍ട്ടി സഖ്യമൊഴിഞ്ഞ നടപടിയെക്കുറിച്ചും ലേഖനത്തില്‍ പറയുന്നു.  നെടുംതൂണ് നഷ്ടമായ എന്‍.ഡി.എ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ എന്നും ശിവസേന പരിഹസിച്ചു.

എന്‍.ഡി.എ സഖ്യത്തിലെ അവിഭാജ്യ ഘടകങ്ങളായിരുന്നു ശിവസേനയും അകാലിദളും. ബി.ജെ.പിയുമായി ദീര്‍ഘകാല ബന്ധത്തിലായിരുന്ന ശിവസേന മഹാരാഷ്ട്രയിലെ അധികാര വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സഖ്യത്തില്‍ നിന്ന് പുറത്തുപോകുന്നത്. കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ശിരോമണി അകാലിദള്‍ അടുത്തിടെ എന്‍.ഡി.എ വിട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Higlights: ShivSena Mocks  NDA and BJP On Akali Dal’s move

We use cookies to give you the best possible experience. Learn more