ബെംഗ്‌ളൂരു: രാജി പിന്‍വലിക്കാനൊരുങ്ങി കോണ്‍ഗ്രസ് എം.എല്‍.എ എം.ടി.ബി നാഗരാജ്. ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നാഗരാജ് രാജി പിന്‍വലിക്കുന്നത് പുനപരിശോധിക്കാമെന്ന് പറഞ്ഞത്.
ഡി.കെ.ശിവകുമാറും മറ്റു നേതാക്കളും തന്നെ വന്ന് കണ്ടുവെന്നും അവരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് രാജികാര്യം പുനപരിശോധിക്കാന്‍ തീരുമാനിച്ചതെന്നും കെ.സുധാകര്‍ റാവുമായി സംസാരിച്ച ശേഷം താന്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും നാഗരാജ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ഒരു കുടുംബമാകുമ്പോള്‍ അതില്‍ പ്രശ്നങ്ങളുണ്ടാകുമെന്നും 40 വര്‍ഷത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുപോരുന്നവരാണ് നമ്മളെന്നും എല്ലാം മറന്ന് നമ്മള്‍ മുന്നോട്ടുപോകണമെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.
നേരത്തെ എം.എല്‍.എ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പുനപരിശോധിച്ചേക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡിയും പറഞ്ഞിരുന്നു.
ജൂലൈ 15 വരെ സമയം ഉണ്ട്. അത് വരെ രാഷ്ട്രീയം സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും സംസാരമെല്ലാം കഴിഞ്ഞെന്നും തന്റെ പ്രശ്നങ്ങളെല്ലാം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞിട്ടുണ്ടെന്നും രാമലിംഗ റെഡ്ഡി പറഞ്ഞിരുന്നു. ജൂലൈ ആറിനാണ് രാമലിംഗ റെഡ്ഡി രാജി സമര്‍പ്പിച്ചത്.
രാമലിംഗ റെഡ്ഡിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് പുതിയ വിവരങ്ങള്‍. നേരത്തെ ബംഗളൂരു വികസന വകുപ്പ് മന്ത്രി സ്ഥാനം റെഡ്ഡിക്ക് വാഗ്ദാനം ചെയ്തിരുന്നു. മുതിര്‍ന്ന നേതാവായ തന്നെ മന്ത്രിസഭയില്‍ എടുക്കാത്തതിനെ ചൊല്ലി രാമലിംഗ റെഡ്ഡി കോണ്‍ഗ്രസ് നേതൃത്വത്തോട് രാമലിംഗ റെഡ്ഡി ഉടക്കിയിരുന്നു. അതിനാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം തന്നെ നല്‍കി റെഡ്ഡിയെ കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം. ഡി.കെ ശിവകുമാറാണ് ഈ വാഗ്ദാനത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.16 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. രാമലിംഗ റെഡ്ഡി രാജിവെച്ച മറ്റ് എം.എല്‍.എമാരുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല.