ലണ്ടന്‍: മിസ്സ് കോംഗോ യു കെ 2017 പട്ടത്തിനുടമയായി എച്ച്.ഐ.വി ബാധിത പുതു ചരിത്രം കുറിച്ചു. ഹൊഴ്സെല്ലി സിന്‍ഡ വാ എംബോംഗോ എന്ന പെണ്‍കുട്ടിയാണ് എച്ച്.ഐ.വി ബാധിതയുടെ നിഴലില്‍ നിന്ന് സൗന്ദര്യ റാണി പട്ടത്തിലേക്ക് വളര്‍ന്നിരിക്കുന്നത്. പതിനൊന്നാം വയസ്സില്‍ എച്ച്.ഐ.വി ബാധിതയാണെന്ന് തിരിച്ചറിഞ്ഞ് തളരാതെ പോരാടിയ പെണ്‍കുട്ടിക്ക് അര്‍ഹിക്കുന്ന അംഗീകാരമാണ് മിസ്സ് കോംഗോ പട്ടത്തിലൂടെ ലഭിച്ചിരിക്കുന്നത്.
ബ്രിട്ടനിലെ സ്റ്റാന്‍ഫോര്‍ഡ് ഹാളില്‍ നടന്ന ചടങ്ങിലാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ സൗന്ദര്യറാണിയായി ഹൊഴ്സെല്ലി തെരഞ്ഞെടുക്കപ്പെട്ടത്.
എച്ച്.ഐ.വി വൈറസുമായ് ജനിച്ച ഹൊഴ്‌സെല്ലി പോസിറ്റീവാണെന്ന വിവരം പതിനൊന്നാം വയസ്സിലാണ് തിരിച്ചറിയുന്നത്. ഡിഗ്രി വിദ്യാര്‍ത്ഥിയായ ഹൊഴ്‌സെല്ലി ജീവിതത്തില്‍ ചിലതെങ്കിലും നേടാനായ സന്തോഷത്തിലാണ് താനിപ്പോഴെന്നാണ് പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം പറഞ്ഞത്. ചിലരുടെയെങ്കിലും ഹൃദയത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞെന്നും അത് തന്നെ വലിയ കാര്യമാണെന്നും അവര്‍ പറയുന്നു.
സ്വന്തം രാജ്യത്തേക്ക് തിരികെ പോകണമെന്നും എച്ച്.ഐ.വിയെയും എയ്ഡ്സിനെയും കുറിച്ചുള്ള ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നുമാണ് ഹൊഴ്സെല്ലിയുടെ ആഗ്രഹം.
ഓരോ വര്‍ഷവും ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആയിരക്കണക്കിന് ആളുകള്‍ക്കാണ് എച്ച്.ഐ.വി, എയ്ഡ്സ് ബാധയിലൂടെ ജീവന്‍ നഷ്ടമാകുന്നതെന്നാണ് കണക്കുകള്‍. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കു പ്രകാരം ഹൊഴ്സെല്ലിയുടെ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ മാത്രം 370000 എച്ച്.ഐ.വി ബാധിതരാണുള്ളത്.