മലയാള സിനിമയുടെ ചരിത്രത്തിലെ എണ്ണം പറഞ്ഞ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍ എല്ലാം തന്നെ മലയാളികള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ഓര്‍ക്കുന്നവയാണ്.
മലയാള സിനിമയില്‍ പുതിയ ഹാസ്യ തരംഗം സൃഷ്ട്ടിച്ച സംവിധായകനായിരുന്നു സിദ്ദിഖ്. മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ച സിനിമ എന്ന റെക്കോഡ് സ്വന്തമാക്കിയ ഗോഡ്ഫാദറിന്റെ സംവിധായകന്‍.
1991 ലാണ് എന്‍.എന്‍. പിള്ള, മുകേഷ്, കനക, ഫിലോമിന, ജഗദീഷ്, ഇന്നസെന്റ് എന്നിങ്ങനെ വന്‍ താരനിരയെ അണിനിരത്തി സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ ഗോഡ്ഫാദര്‍ റിലീസ് ചെയ്യുന്നത്.
തിരുവനന്തപുരത്തെ ഒരു തിയറ്ററില്‍ ചിത്രം തുടര്‍ച്ചായായി 405 ദിവസങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങള്‍ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ഗോഡ്ഫാദര്‍. ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു.
സത്യന്‍ അന്തിക്കാടിന്റെയും സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന്റെയും സംവിധാനത്തില്‍ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, നാടോടിക്കാറ്റ്, റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, മക്കള്‍ മാഹാത്മ്യം, കാബൂളിവാല, മാന്നാര്‍ മത്തായി സ്പീക്കിങ്, അയാള്‍ കഥയെഴുതുകയാണ്, ക്രോണിക് ബാച്ചിലര്‍, ഫ്രണ്ട്സ്, കിങ് ലെയര്‍, ബോഡി ഗാര്‍ഡ്, മക്കള്‍ മാഹാത്മ്യം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളും സിദ്ധിഖില്‍ നിന്ന് മലയാളികള്‍ നിറഞ്ഞ സദസ്സില്‍ സ്വീകരിച്ചവയാണ്.
മലയാളത്തില്‍ മാത്രം ഒതുങ്ങി നിന്ന ഹിറ്റ് മേക്കര്‍ ആയിരുന്നില്ല സിദ്ദിഖ്. വിജയിയെ നായകനാക്കി കാവലന്‍, ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍ നായകനായ ബോഡി ഗാര്‍ഡ് തുടങ്ങി വമ്പന്‍ ബോക്സ് ഓഫീസ് നേട്ടങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
പ്രിയദര്‍ശന് ശേഷം മലയാളത്തില്‍ നിന്നും ഹിന്ദിയില്‍ ചെന്ന് അദ്ദേഹത്തിന് ഹിറ്റ് ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു. സിദ്ദിഖിന്റെ മരണം മലയാള സിനിമയില്‍ ഉണ്ടാകുന്ന വിടവ് വലുത് തന്നെയാണ്.