ഹിറ്റ്‌ലറെ കുറിച്ചുള്ള തന്റെ പോസ്റ്റ് ഇസ്രഈലിനെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല ; എംബസിയുടെ പ്രതിഷേധത്തില്‍ സഞ്ജയ് റാവത്ത്
national news
ഹിറ്റ്‌ലറെ കുറിച്ചുള്ള തന്റെ പോസ്റ്റ് ഇസ്രഈലിനെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല ; എംബസിയുടെ പ്രതിഷേധത്തില്‍ സഞ്ജയ് റാവത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th November 2023, 10:57 pm

മുബൈ : ഹിറ്റ്‌ലറിനെ കുറിച്ചുള്ള തന്റെ പോസ്റ്റിലൂടെ ഇസ്രഈലിനെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്. പോസ്റ്റിനെതിരെ ഇസ്രഈല്‍ എംബസി ശക്തമായ പ്രതിഷേധം  അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് ചെയ്ത ഒരു മാസത്തിന് ശേഷമുള്ള ഇസ്രഈലിന്റെ കത്ത് എംബസിയെ ആരുടെയോ പ്രേരണയാല്‍ അയച്ചതാകാമെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.

സഞ്ജയ് റാവത്തിന്റെ ജൂതവിരുദ്ധ പോസ്റ്റില്‍ നിരാശ പ്രകടിപ്പിച്ച ഇസ്രഈല്‍ എംബസി വിദേശകാര്യമന്ത്രാലയത്തിനും ലോക്‌സഭാ സ്പീക്കര്‍ക്കും കത്തെഴുതിയിരുന്നു.

ഗസയിലെ അല്‍ശിഫ ആശുപത്രി ആക്രമണത്തിന് ശേഷം, ഹിറ്റ്‌ലര്‍ ജൂതന്മാരെ ഇത്രയധികം വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലായെന്നാണ് സഞ്ജയ് റാവത്ത് എക്‌സില്‍ കുറിച്ചത്.

‘എക്‌സിലെ ആ പോസ്റ്റ് ഷെയര്‍ ചെയ്തിട്ട് ഒരുപാട് നാളായി. ഞാനാപോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്റെ പോസ്റ്റില്‍ ഹിറ്റലറെ കുറിച്ച് ഞാന്‍ പരാമര്‍ശം നടത്തിയിരുന്നു. പക്ഷേ ഇസ്രഈലിനെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല.തെക്കന്‍ ഇസ്രഈലിനെ ഹമാസ് ആക്രമിച്ച രീതിയെ ഞാന്‍ വിമര്‍ശിക്കുകയും അപലപിക്കുകയും ചെയ്തിരുന്നു. അതിന് മറുപടിയായി ഗസയിലെ ആശുപത്രികള്‍ ആക്രമിക്കപ്പെടുകയും നവജാഥശിശുക്കളെയും കുട്ടികളെയും കൊല്ലുകയും അവരുടെ അവശ്യസാധനങ്ങള്‍ തടയുകയും ചെയ്തതിനെ ഞാന്‍ അപലപിച്ചു. യുദ്ധസമയത്ത് കുട്ടികളെ ടാര്‍ഗറ്റ് ചെയ്യാന്‍ പാടില്ല,’ സഞ്ജയ് റാവത്ത് പറഞ്ഞു.

‘ഒരുമാസത്തിനു ശേഷമാണ് ഇന്ത്യയിലെ ഇസ്രഈല്‍ ഹൈകമ്മീഷന്‍ ഈ പോസ്റ്റിനെ കുറിച്ച് എനിക്ക് കത്തെഴുതിയത്. കത്തെഴുതാന്‍ ആരെങ്കിലും അവരെ പ്രേരിപ്പിച്ചത് ആകാമെന്ന് എനിക്ക് തോന്നുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 14നാണ് സഞ്ജയ് റാവത്ത് എക്‌സില്‍ പോസ്റ്റിട്ടത്. വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

CONTENT HIGHLIGHT : Hitler tweet was not to hurt Israel: Sanjay Raut on embassy letter