| Friday, 17th January 2020, 1:17 pm

ഹിറ്റ്ലറും മുസ്സോളിനിയും ജനാധിപത്യത്തിന്റെ ഉല്‍പ്പന്നങ്ങളെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജര്‍മ്മന്‍ മുന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറും ഇറ്റാലിയന്‍ സ്വേച്ഛാധിപതി ബെനിറ്റോ മുസ്സോളിനിയും ജനാധിപത്യത്തിന്റെ ഉല്‍പ്പന്നങ്ങളാണെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. ദല്‍ഹി റെയ്സീന ഡയലോഗില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍ തെരുവുകളെ ജനാധിപത്യ ഫോറമാക്കി മാറ്റുകയും അക്രമത്തില്‍ ഏര്‍പ്പെടുകയും ചെയ്യുകയാണെന്നും രാം മാധവ് പറഞ്ഞു.

പൗരത്വ ഭേഗതി നിയമം വിവേചനരഹിതമാണെന്നും വ്യത്യസ്ത കാലയളവില്‍ ഇവിടെ താമസിച്ചതിന് ശേഷം പുറത്തുപോയവരെ പൗരന്മാരാകാന്‍ അനുവദിക്കുന്നതാണെന്നും അദ്ദേഹം വാദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യ ജനാധിപത്യവിരുദ്ധതയിലേക്കാണോ നീങ്ങുന്നതെന്ന ചോദ്യത്തിന്, ഇന്ത്യയ്ക്ക് മികച്ചതും ഏറ്റവും ശക്തവുമായ ഒരു ഭരണഘടനയുണ്ടെന്നും ബി.ജെ.പി അതിനോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്നുണ്ടെന്നും ഇന്ത്യന്‍ ജനാധിപത്യം കൂടുതല്‍ പുരോഗതി കൈവരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പൗരത്വ ഭേദഗതി നിയമം ഏറ്റവും ജനാധിപത്യപരമായ രീതിയിലാണ് പാസാക്കിയതെന്നും പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഈ നിയമത്തെ വിമര്‍ശിക്കുന്നവര്‍ക്കെല്ലാം സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ടെന്നും രാം മാധവ് വാദിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥനാണ്. എന്നാല്‍ വ്യത്യസ്തമായ കാഴ്ചപ്പാടുള്ളവര്‍ അത് ശരിയായ ഫോറത്തിലൂടെയും ശരിയായ രീതിയിലും പ്രകടിപ്പിക്കണം. ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്ന് ചിലര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ആ ചിന്ത നിങ്ങള്‍ ആദ്യം മാറ്റിവെക്കണം. ജനാധിപത്യത്തില്‍ ആരും എല്ലാകാലവും നിലനില്‍ക്കില്ല. ജനങ്ങളെ പ്രതിനിധീകരിക്കുമ്പോള്‍ മാത്രമേ ജനാധിപത്യം വിജയിക്കുകയുള്ളൂ.

ഇന്ത്യ എല്ലായ്‌പ്പോഴും ജനാധിപത്യ മൂല്യങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ രാം മാധവ് ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്നും പറഞ്ഞു.

We use cookies to give you the best possible experience. Learn more