ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 16 റണ്‍സിന് പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫില്‍ പ്രവേശിച്ചിരുന്നു.
കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഴമൂലം 16 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈക്ക് 16 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
21 പന്തില്‍ 42 റണ്‍സ് നേടിയ വെങ്കിടേഷ് അയ്യര്‍ ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ആറ് ഫോറുകളും രണ്ട് സിക്സും ആണ് താരം നേടിയത്. 23 പന്തില്‍ 33 നേടിയ നിതീഷ് റാണയും 14 പന്തില്‍ 24 റണ്‍സ് നേടിയ ആന്ദ്രേ റസലും നിര്‍ണായകമായി.
മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്തയുടെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഫില്‍ സാള്‍ട്ട് സിക്‌സ് അടിച്ചിരുന്നു. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് പിറവിയെടുത്തത്.
2024 ഐ.പി.എല്‍ സീസണില്‍ ഇത് ആദ്യമായാണ് ഒരു താരം മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ സിക്‌സ് നേടുന്നത്. ഇതോടൊപ്പം ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യ പന്തില്‍ സിക്‌സര്‍ നേടുന്ന എട്ടാമത്തെ താരമായി മാറാനും സാള്‍ട്ടിന് സാധിച്ചു.
മത്സരത്തില്‍ അഞ്ച് പന്തില്‍ ആറ് നേടിക്കൊണ്ടാണ് താരം പുറത്തായത്. നുവാന്‍ തുഷാരയുടെ പന്തില്‍ അന്‍ഷുല്‍ കമ്പോജിന് ക്യാച്ച് നല്‍കിയാണ് സാള്‍ട്ട് മടങ്ങിയത്.