രാജ്യത്തിനു വേണ്ടത് അലോപ്പതിയെയും ആയുര്‍വേദത്തെയും സംയോജിപ്പിക്കുന്ന ചികിത്സാരീതിയെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍; ഹൈടെക് ആയുര്‍ മെഡിസിറ്റിക്ക് കോഴിക്കോട് തുടക്കം
കോഴിക്കോട്: അലോപ്പതിയെയും ആയുര്‍വേദത്തെയും സംയോജിപ്പിക്കുന്ന ചികിത്സാരീതിയാണ് രാജ്യത്തിന്റെ ആരോഗ്യസമ്പത്തിന് ആവശ്യമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ‘ഇന്ന് കേരളത്തില്‍ മാത്രമല്ല രാജ്യത്തും അലോപ്പതി ഒരു വഴിക്കും ആയുര്‍വേദം മറ്റൊരുവഴിക്കുമാണ്.
ഇത് രണ്ടും ഒരു കുടക്കീഴിലേക്ക് വരണം. ഹൈടെക് ആയുര്‍വേദ മെഡിസിറ്റി കോഴിക്കോട് യാഥര്‍ഥ്യമാവുമ്പോള്‍ ഇവ രണ്ടും ഒരുകുടക്കീഴിലേക്ക് വരുന്നു എന്നതാണ് കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നത് ‘, സ്പീക്കര്‍ പറഞ്ഞു. ഹൈടെക് ആയുര്‍വേദ മെഡിസിറ്റി കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അലോപ്പതി കൈവിട്ട പലരോഗങ്ങള്‍ക്കും ആയുര്‍വേദം പരിഹാരമായിട്ടുണ്ട്. അത് നമ്മുടെയെല്ലാം ജീവിതത്തിലെ അനുഭവമാണ്. ശാസ്ത്രീയ പഠനങ്ങളും നിരീക്ഷണങ്ങളും നടക്കുന്നില്ലെന്നതാണ് ആയുര്‍വേദത്തിന് അപവാദമായി ശാസ്ത്രലോകം ഉന്നയിക്കുന്നത്.
ഏറ്റവും ആധുനികമായ ഗവേഷണങ്ങളും പഠനങ്ങളും ആയുര്‍വേദ രംഗത്ത് നടക്കുകയാണെങ്കില്‍ അത് ലോകത്ത് നിലവിലുള്ള എല്ലാ ചികിത്സാവിധികളേയും മാറ്റി മറിക്കും. മാത്രമല്ല കേരളത്തിന്റെ ആരോഗ്യ ടൂറിസം രംഗത്തിനു വലിയ മുതല്‍ക്കൂട്ടാവുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ആയുര്‍ മെഡിസിറ്റി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിംസാറുല്‍ ഹഖ് ഹുദവി അധ്യക്ഷത വഹിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആയുര്‍ മെഡിസിറ്റി കഞ്ഞിപ്പുര പ്രോജക്ട് ഉദ്ഘാടനവും അനുഗ്രഹ ഭാഷണവും നടത്തി. ആരോഗ്യമുള്ള ജനതയാണ് നാടിന്റെ ആരോഗ്യ സമ്പത്തെന്ന് അദ്ദേഹം പറഞ്ഞു.
ആയുര്‍വേദത്തിന് ഇന്ന് ലഭിക്കുന്ന പ്രാധാന്യം നാളെ നമ്മുടെ നാടിന്റെ ആയുസ്സ് വര്‍ധിപ്പിക്കുമെന്നും ആയുര്‍ മെഡിസിറ്റി അതിന് തുടക്കം കുറിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.
ഉദ്ഘാന ചടങ്ങിന്റെ രണ്ടാം സെഷനില്‍ ഹൈടെക് ആയുര്‍ മെഡിസിറ്റിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദീകരിക്കുന്ന പരിപാടിയും നടന്നു. ഇന്നും നാളെയുമായി ആയുര്‍വേദത്തിലേയും അലോപ്പതിയിലേയും വിവിധ ചികിത്സാരീതികള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കും. രണ്ടുദിവസങ്ങളിലായുള്ള പരിപാടികളില്‍ മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീല്‍, തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.