ചാര്‍ലി സിനിമ കണ്ട് യാത്ര ചെയ്യാനിറങ്ങിയ 21കാരി, കയ്യില്‍ ചില്ലികാശില്ലാതെ 10മാസവും, 8 സംസ്ഥാനങ്ങളും
രോഷ്‌നി രാജന്‍.എ

 

കയ്യില്‍ കാശില്ലാതെ യാത്രചെയ്യാനാവുമോ? എങ്കില്‍ അങ്ങനൊരു യാത്ര സാധ്യമാവുമെന്ന് പറയുകയാണ് തൃശൂര്‍ കാരിയായ ഉമ എന്ന ജേണലിസം വിദ്യാര്‍ത്ഥിനി. തൃശൂര്‍ കുന്നംകുളം മുതല്‍ അസംവരെ ചില്ലിക്കാശ് പോലും ചിലവാക്കാതെയാണ് ഉമ യാത്ര ചെയ്തതത്. പത്ത് മാസം കൊണ്ട് 8 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും യാത്ര ചെയ്താണ് ഉമ വീട്ടിലേക്ക് തിരികെയെത്തിയത്.

കാശ് ചിലവാക്കാതെ പല വാഹനങ്ങളിലും ലിഫ്റ്റ് ചോദിച്ച് യാത്ര നടത്തുന്നതിനെ ഹിച്ച്‌ഹൈക്കിങ്ങ് എന്നാണ് പറയുക. ഇത്തരത്തില്‍ പലരുടെയും വാഹനങ്ങളെ ആശ്രയിച്ചാണ് ഉമ ഈ യാത്ര നടത്തിയത്. താമസിക്കാനായി മറ്റുള്ളവരുടെ വീടിനെയും ആശ്രയിക്കുകയായിരുന്നു. ഉമ യാത്ര തുടങ്ങിയത് 2018 സസെപ്റ്റംബര്‍ മൂന്നിനാണ്. തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, ഒഡിഷ, തെലങ്കാന എന്നിവിടങ്ങളിലെല്ലാം ഉമ സഞ്ചരിച്ചു. പിന്നീട് കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഉമ അസമില്‍ തങ്ങുകയായിരുന്നു.

പ്ലാനിങ്ങൊന്നും ഇല്ലാതെ നടത്തിയ യാത്രയായതുകൊണ്ടാണ് ഇത്രയും രസം ഉണ്ടായതെന്ന് ഉമ പറയുന്നു. അസമില്‍ ദിബ്രുഗഡ് ജില്ലയിലെ ഒരു കുടുംബത്തിനൊപ്പമാണ് ഉമ ലോക്ക്ഡൗണ്‍കാലത്ത് തങ്ങിയിരുന്നത്. ‘യാത്രക്കിടയില്‍ കണ്ടുമുട്ടുന്ന ആളുകളെ പരിചയപ്പെടുകയും പലരും അവരുടെ കഥകള്‍ പറഞ്ഞ് കേള്‍പ്പിക്കുകയും ചെയ്തിരുന്നു. വ്യത്യസ്ത തരത്തിലുള്ള മനുഷ്യരെ കണ്ടുമുട്ടുന്നതും അവരോട് സൗഹൃദം പങ്കിടുന്നതും രസകരമായ കാര്യമാണ്’, ഉമ പറയുന്നു.

‘ഭാവിയില്‍ ഇനി ഇത്തരത്തില്‍ ഒരു യാത്ര നടത്താന്‍ കഴിയുമോ എന്നറിയില്ല, ഇപ്പോള്‍ നടത്തിയ യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കുകയുമില്ല’, ഉമ കൂട്ടിച്ചേര്‍ക്കുന്നു.

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.