നിലവില്‍ മലയാളത്തില്‍ ഏറ്റവുമധികം ഗസ്റ്റ് അപ്പിയറന്‍സുകള്‍ ഉള്ള നടനാണ് ആസിഫ് അലി. അദ്ദേഹം അതിഥി താരമായെത്തിയ ചിത്രങ്ങളില്‍ മിക്കതും വിജയിക്കാറുമുണ്ട്. ആസിഫ് അതിഥി താരമായെത്തിയ റോഷാക്കിന്റെ വിജയം ഈ കാര്യം ഒന്നുകൂടി ഈ കാര്യം ഒന്നുകൂടി ഉറപ്പിക്കുന്നതായി.
ഇതിന് മുമ്പ് ആസിഫ് ഗസ്റ്റ് അപ്പിയറന്‍സ് നടത്തിയ ഹിറ്റായി ചിത്രങ്ങള്‍ നിരവധിയാണ്. അതില്‍ പലതിലും ആസിഫായി തന്നെയാണ് അദ്ദേഹം അഭിനയിച്ചത്. 2011ല്‍ കുഞ്ചാക്കോ ബോബനും ഭാവനയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഡോ. ലവ്. പ്രേമിക്കുന്നവരെ ഒന്നിപ്പിക്കാന്‍ നടക്കുന്ന വിനയചന്ദ്രന്റെ കഥ പറഞ്ഞ ചിത്രത്തിന്റെ തുടക്കത്തില്‍ ഒരു ആമുഖം പറയാനായി ആസിഫ് അലി എത്തിയിരുന്നു. 2011ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്റെ ഹിറ്റ് സ്റ്റാറ്റസ് നേടിയ ചിത്രങ്ങളിലൊന്നായി ഡോ. ലവ്.
2011ല്‍ തന്നെ പുറത്ത് വന്ന പൃഥ്വിരാജിന്റെ ഇന്ത്യന്‍ റുപ്പിയിലും ആസിഫിന്റെ ഗസ്റ്റ് റോളുണ്ടായിരുന്നു. ആസിഫിന് പുറമേ ജോജു ജോര്‍ജ്, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തില്‍ അതിഥി താരങ്ങളായെത്തിയിരുന്നു.
2012ല്‍ പുറത്ത് വന്ന മല്ലു സിങ്ങില്‍ പ്രേക്ഷകര്‍ മറക്കാനിടയില്ലാത്ത വേഷമാണ് ആസിഫ് ചെയ്തത്. ആസിഫ് അവതരിപ്പിച്ച ഹരീന്ദര്‍ സിങ്ങ് ചിത്രത്തില്‍ മരണപ്പെടുകയും പിന്നീട് ഇതേ വ്യക്തിയായി ഉണ്ണി മുകുന്ദന്‍ ജീവിക്കുകയും ചെയ്യുന്നതായിട്ടാണ് ചിത്രത്തില്‍ കാണിക്കുന്നത്.
ആസിഫ് നായികനായി എത്തിയ ചിത്രങ്ങളെക്കാള്‍ ഓര്‍മിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ഗസ്റ്റ് അപ്പിയറന്‍സാണ് ഉസ്താദ് ഹോട്ടലിലേത്. ആസിഫ് അലിയായി തന്നെ അദ്ദേഹമെത്തിയ ചിത്രത്തിലെ കുഞ്ചാക്കോ ബോബനല്ലേ എന്ന ഡയലോഗ് വലിയ ഹിറ്റായിരുന്നു. ഈ ഡയലോഗ് ഇപ്പോള്‍ ഒരു ക്ലീഷേയായി മാറിയിട്ടുണ്ട്.
അതിഥി താരമെന്ന നിലയില്‍ ആസിഫിന് ഒരു മാസ് ഇന്‍ട്രോ തന്നെ കിട്ടിയ ചിത്രമാണ് വെള്ളിമൂങ്ങ. ചിത്രത്തിന്റെ അവസാനം നായകനായ മാമച്ചനേയും കടത്തിവെട്ടി സ്‌കോര്‍ ചെയ്യുന്ന കഥാപാത്രമാണ് ആസിഫിന്റെ ജോസ് കുട്ടി.
പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ അമര്‍ അക്ബര്‍ ആന്തണിയില്‍ ഒരു നരേറ്ററായിട്ടാണ് ആസിഫ് എത്തിയത്. ചിത്രത്തിലുടനീളം ഫൈസല്‍ എന്ന് മിക്ക കഥാപാത്രങ്ങളും പറയുന്ന ഈ കഥാപാത്രം ആസിഫാണെന്ന് ഒടുവിലാണ് പ്രേക്ഷകര്‍ക്ക് മനസിലാവുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ടയിലും ആസിഫിന്റെ ഗസ്റ്റ് അപ്പിയറന്‍സ് ഉണ്ടായിരുന്നു. ആസിഫ് അലിക്കൊപ്പം വിനയ് ഫോര്‍ട്ടും ചിത്രത്തിലെത്തിയിരുന്നു. മാവോയിസ്റ്റ് ബാധിത മേഖല എന്ന് പറയപ്പെടുന്ന സ്ഥലത്ത് ഡ്യൂട്ടിയുള്ള പൊലീസുകാര്‍ക്ക് വെടിയുണ്ടകളുമായി പോവുന്ന രണ്ട് പൊലീസുകാരായാണ് വിനയ് ഫോര്‍ട്ടും ആസിഫ് അലിയും എത്തിയത്.
ഉണ്ടയും റോഷാക്കും തമ്മില്‍ ചില സിമിലാരിറ്റികളുമണ്ട്. ഖാലിദ് റഹ്മാന്റെ ആദ്യചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളത്തില്‍ നായകനായ ആസിഫ് അലി അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ഉണ്ടയില്‍ അതിഥി താരമായ എത്തിയിരുന്നു. അതുപോലെ നിസാം ബഷീറിന്റെ ആദ്യചിത്രമായ കെട്ട്യോളാണെന്റെ മാലാഖയില്‍ നായകനായ ആസിഫ് തന്നെ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ റോഷാക്കിലും അതിഥി താരമായെത്തി.
ആസിഫ് അതിഥിതാരമായെത്തിയ ഖാലിദ് റഹ്മാന്റെയും നിസാമിന്റെയും രണ്ടാമത്തെ ചിത്രങ്ങളില്‍ കേന്ദ്രകഥാപാത്രമായെത്തിയത് മമ്മൂട്ടിയായിരുന്നു.
ആസിഫ് അതിഥി താരമായെത്തിയ വിജയചിത്രങ്ങളാണിവ. ഇതിന് പുറമേ സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലും ആസിഫിന്റെ കാമിയോ അപ്പിയറന്‍സ് ഉണ്ടായിരുന്നു. ലാലും നവ്യനായരും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ ആസിഫായിട്ട് തന്നെയാണ് അദ്ദേഹം അഭിനയിച്ചത്. മോഹന്‍കുമാര്‍ ഫാന്‍സിലും അദ്ദേഹം ആസിഫായി തന്നെ ഗസ്റ്റ് അപ്പിയറന്‍സ് നടത്തി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബിള്‍ ബാരലിലും ആസിഫ് ഗസ്റ്റ് റോളിലെത്തി.
Content Highlight: hit movies which have the guest appearance of asif ali before Roschach