ഏറെ പബ്ലിസിറ്റിയോടെ പുറത്തിറക്കിയ രജനികാന്ത് ചിത്രം “ലിംഗാ” ബോക്‌സ്ഓഫീസില്‍ തകര്‍ന്നിരിക്കുകയാണ്. ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ വന്‍ നഷ്ടമാണു നേരിട്ടതെന്നാണു റിപ്പോര്‍ട്ട്.
“ലിംഗാ” ഉണ്ടാക്കിയ നഷ്ടം നികത്താനായി നഷ്ടപരിഹാരം ആരംഭിച്ച് ഒരു സംഘം ഡിസ്ട്രിബ്യൂട്ടര്‍മാര്‍ നിരാഹാരസമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രശ്‌നത്തില്‍ രജനികാന്തിന്റെ ശ്രദ്ധ കൊണ്ടുവരാന്‍ വേണ്ടിയാണ് സമരമെന്നും അവര്‍ പറയുന്നു.
” തീരുമാനിച്ചതുപോലെ നിരാഹാരവുമായി മുന്നോട്ടു പോകും. ലിംഗാ കാരണം ഞങ്ങള്‍ക്ക് വലിയ നഷ്ടമാണു സംഭവിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഞങ്ങളുടെ നിക്ഷേപത്തിന്റെ 70% നഷ്ടമായി. നിരാഹാരത്തിലൂടെ രജനികാന്ത് ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതൊരിക്കലും അദ്ദേഹത്തിന് എതിരല്ല. ഞങ്ങള്‍ ചതിക്കപ്പെട്ടതാണ്. അദ്ദേഹം അതു മനസിലാക്കണം.” ചിത്രത്തിന്റെ വിതരണക്കാര്‍ ചെന്നൈയില്‍ പറഞ്ഞു.
തിരുച്ചിറപ്പള്ളിയിലും തഞ്ചാവൂരിലും ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയ ഡിസ്ട്രിബ്യൂട്ടറായ ആര്‍. സിങ്കാരവടിവേലന്‍ താന്‍ ചതിക്കപ്പെട്ടതാണെന്നു പറഞ്ഞു. “”യെന്തിരനെ”ക്കാളും “പടയപ്പ”യെക്കാളും വിജയമായിരിക്കും “ലിംഗാ” എന്നാണ് ഞങ്ങളോടു നിര്‍മാതാക്കള്‍ പറഞ്ഞത്്. എന്നാല്‍ ചിത്രം വലിയ ഫ്‌ളോപ്പായി മാറി.” അദ്ദേഹം പറഞ്ഞു.
നിരാഹാരവുമായി മുന്നോട്ടുപോകാന്‍ അനുമതി തേടി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. 8 കോടിയാണ് സിങ്കാരവടിവേലന്‍ ചിത്രത്തിനുവേണ്ടി മുടക്കിയത്. എന്നാല്‍ മൂന്നാഴ്ച കൊണ്ട് അതിന്റെ പകുതിപോലും നേടാനായിട്ടില്ല.
ഡിസംബര്‍ 12നാണ് “ലിംഗാ” പുറത്തിറങ്ങിയത്. കെ.എസ് രവികുമാറാണ് ചിത്രം സംവിധാനം ചെയ്തത്.