| Thursday, 7th October 2021, 3:27 pm

ഹരിയാനയിലും കര്‍ഷക സമരത്തിനിടയിലേക്ക് ബി.ജെ.പി എം.പിയുടെ കാര്‍ ഓടിച്ചു കയറ്റി; ഒരാള്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: ഉത്തര്‍പ്രദേശിന് പിന്നാലെ ഹരിയാനയിലേയും കര്‍ഷക സമരത്തിനിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി. ബി.ജെ.പി എം.പി നയബ് സൈനിയുടെ കാറാണ് സമരത്തിനിടയിലേക്ക് ഓടിച്ചുകയറ്റിയതെന്ന് കര്‍ഷകര്‍ പറയുന്നു.

അപകടത്തില്‍ ഒരു കര്‍ഷകന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഉടന്‍ കേസെടുക്കണമെന്നും അല്ലെങ്കില്‍ ഒക്ടോബര്‍ 10 ന് പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു.

കുരുക്ഷേത്ര എം.പിയായ നയബ് സൈനിയും ഖനനമന്ത്രി മൂള്‍ ചന്ദ് ശര്‍മയും മറ്റ് നേതാക്കളും അംബാലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു. കാര്‍ഷിക നിയമത്തിനെതിരെ ഇവിടെ ദിവസങ്ങളായി കര്‍ഷകര്‍ സമരത്തിലാണ്.

പരിപാടി കഴിഞ്ഞ് നേതാക്കള്‍ മടങ്ങിപ്പോകുമ്പോഴാണ് കര്‍ഷകര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയതെന്ന് കര്‍ഷകര്‍ പറയുന്നു.

യു.പിയില്‍ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

സംഭവത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് ഹരിയാനയിലും സമാന സംഭവം ആവര്‍ത്തിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Hit By BJP MP’s Car During Protest In Haryana, Allege Farmers

We use cookies to give you the best possible experience. Learn more