| Sunday, 25th February 2024, 12:27 pm

ഹിറ്റ് ആന്‍ഡ് റണ്‍ നിയമം; വിവാദമായതോടെ പിന്മാറി കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവാദമായ ഹിറ്റ് ആന്‍ഡ് റണ്‍ നിയമം നടപ്പാക്കുന്നതിൽ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍. നിയമത്തിലെ വിവാദ ശിക്ഷകള്‍ മരവിപ്പിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച മൂന്ന് ക്രിമിനല്‍ നിയമത്തില്‍ നേരത്തെ ഹിറ്റ് ആന്‍ഡ് റണ്‍ നിയമവും ഉള്‍പ്പെടുത്തിയിരുന്നു. നിയമത്തിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്.

അപകടം നടന്നാല്‍ പൊലീസിനെ അറിയിക്കാതെ ഡ്രൈവര്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടാല്‍ പത്ത് വര്‍ഷം തടവും പിഴയും ലഭിക്കുമെന്നാണ് നിയമത്തില്‍ പറയുന്നത്. അശ്രദ്ധമൂലം വണ്ടിയിടിച്ച് മരണം സംഭവിച്ചാല്‍ വാഹനം ഓടിച്ച വ്യക്തിക്ക് അഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കുമെന്നും നിയമത്തില്‍ പറയുന്നുണ്ട്.

എന്നാല്‍ നിയമത്തിനെതിരെ ട്രക്ക് ഡ്രൈവര്‍മാറും ലോറി ഡ്രൈവര്‍മാരും രംഗത്തെത്തി. തെരുവിൽ പ്രതിഷേധം നടത്തി കേന്ദ്രത്തെ തങ്ങളുടെ പ്രതിഷേധം അവര്‍ അറിയിച്ചിരുന്നു. സമരം ശക്തമായതോടെ പ്രതിപക്ഷവും വിഷയത്തില്‍ ഇടപെട്ടു.

പ്രതിഷേധം കണക്കിലെടുത്താണ് നിയമങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തയാറായിരിക്കുന്നത്. നിയമം റദ്ദാക്കിയത് സ്വാഗതം ചെയ്ത് കൊണ്ട് ബസ് ആന്‍ഡ് കാര്‍ ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യയും രംഗത്തെത്തി.

അതേസമയം, പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങൾ ജൂലൈ ഒന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 1860ലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന് (ഐ.പി.സി) പകരം ഭാരതീയ ന്യായ സംഹിത, 1973ലെ ക്രിമിനല്‍ നടപടി ചട്ടത്തിന് (സി.ആര്‍.പി.സി) പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 1872ലെ ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ എന്നിങ്ങനെയാണ് പുതിയ ക്രിമിനല്‍ നിയമങ്ങള്‍.

Contant Highlight: Hit-And-Run Law: Govt Backs Down On Controversial Clause

We use cookies to give you the best possible experience. Learn more