'പ്രധാനമന്ത്രീ, രാജ്യത്തെ നയിക്കുന്നത് കുട്ടിക്കളിയല്ല': കാശ്മീരില്‍ കാണിച്ച അത്യാഗ്രഹത്തിന് ചരിത്രം മാപ്പുനല്‍കില്ലെന്ന് ശിവസേന
National
'പ്രധാനമന്ത്രീ, രാജ്യത്തെ നയിക്കുന്നത് കുട്ടിക്കളിയല്ല': കാശ്മീരില്‍ കാണിച്ച അത്യാഗ്രഹത്തിന് ചരിത്രം മാപ്പുനല്‍കില്ലെന്ന് ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st June 2018, 3:45 pm

മുംബൈ: കാശ്മീരില്‍ ബി.ജെ.പി കാണിച്ച അത്യാഗ്രഹത്തിന് ചരിത്രം ഒരിക്കലും മാപ്പു നല്‍കില്ലെന്ന് ശിവസേന. പരിപൂര്‍ണമായി അരാജകത്വം കൊണ്ടുവന്നതിനു ശേഷമാണ് കാശ്മീരില്‍ നിന്നും ബി.ജെ.പി. പിന്‍വാങ്ങിയതെന്നാണ് പാര്‍ട്ടി മുഖപത്രമായ “സാമ്‌ന”യിലെ മുഖപ്രസംഗത്തില്‍ ശിവസേന വിമര്‍ശിച്ചിരിക്കുന്നത്.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിനു സമാനമായ രീതിയിലാണ് ബി.ജെ.പി. കാശ്മീര്‍ വിട്ടതെന്നും ശിവസേന ആരോപിക്കുന്നുണ്ട്. പ്രദേശത്തെ അക്രമസംഭവങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ പി.ഡി.പിയെ പഴിചാരി രക്ഷപ്പെടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ഒരു രാജ്യത്തെ മുന്നോട്ടു നയിക്കുന്നത് വെറും കുട്ടിക്കളിയല്ലെന്നും പ്രധാനമന്ത്രിക്ക് ശിവസേന മുന്നറിയിപ്പു നല്‍കുന്നുണ്ട്. കാശ്മീരിലെ അവസ്ഥ ഇത്രയേറെ അധഃപതിച്ചിരുന്നില്ല. ഇത്രയധികം ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതും ഇത്ര രൂക്ഷമായ രക്തച്ചൊരിച്ചില്‍ ഉണ്ടായതും ബി.ജെ.പി അധികാരത്തിലേറിയതിനു ശേഷമാണ്. ഒടുക്കം പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിക്കാണ് പഴി കേള്‍ക്കേണ്ടി വന്നതെന്നും ശിവസേന പറയുന്നു.


Also Read: “പാസ്‌പോര്‍ട്ട് കിട്ടണമെങ്കില്‍ ഹിന്ദുമതത്തിലേക്ക് മാറണം” യു.പിയില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയ മിശ്രവിവാഹിതരോട് ഓഫീസര്‍


 

“കാശ്മീര്‍ സര്‍ക്കാര്‍ രൂപീകരിച്ചത് ബി.ജെ.പിയുടെ അത്യാഗ്രഹം കാരണമാണ്. അതിനു വിലകൊടുക്കേണ്ടി വന്നത് രാജ്യവും, ജവാന്മാരും, കാശ്മീരിലെ മനുഷ്യരും. ഇതിന് ചരിത്രം ഒരിക്കലും ബി.ജെ.പിക്ക് മാപ്പു നല്‍കില്ല.” ശിവസേന അഭിപ്രായപ്പെട്ടു. കാശ്മീരില്‍ തുടര്‍ന്നു പോരുന്ന അതിക്രമങ്ങള്‍ക്ക് ഒരു പരിഹാരം കൊണ്ടുവരുമെന്ന് വാഗ്ദാനം നല്‍കിയാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അധികാരത്തിലേറിയതെന്നും ശിവസേന കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

കാശ്മീരി പണ്ഡിറ്റുകളുടെ “ഖര്‍ വാപ്പസി” എന്തായെന്നും ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയില്‍ നിന്നും നീക്കം ചെയ്യാത്തതെന്തെന്നും ബി.ജെ.പി നേതൃത്വത്തെ നിശിതമായി വിമര്‍ശിക്കുന്ന മുഖപ്രസംഗത്തില്‍ ചോദിക്കുന്നുണ്ട്.