ലോകകപ്പ് വേദിയില്‍ ഇതുവരെ അമേരിക്കയെ തോല്‍പിക്കാനാകാതെ ഇംഗ്ലണ്ട്; അല്‍ബൈത് സ്‌റ്റേഡിയത്തിലും ചരിത്രമാവര്‍ത്തിച്ചു
football news
ലോകകപ്പ് വേദിയില്‍ ഇതുവരെ അമേരിക്കയെ തോല്‍പിക്കാനാകാതെ ഇംഗ്ലണ്ട്; അല്‍ബൈത് സ്‌റ്റേഡിയത്തിലും ചരിത്രമാവര്‍ത്തിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th November 2022, 4:15 am

 

ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ടിണ്ടിനെ സമനിലയില്‍ തളച്ച് യു.എസ്.എ. ബുക്കായോ സാക്ക, ഹാരി കെയ്ന്‍, മേസണ്‍ മൗണ്ട്, റഹീം സ്റ്റെര്‍ലിങ് തുടങ്ങിയ പേരുകേട്ട ലോകോത്തര നിലവാരത്തിലുള്ള അറ്റാക്കിങ് നിരയെയാണ് അമേരിക്ക പിടിച്ചുകെട്ടിയത്.

ആദ്യ മത്സരത്തില്‍ ഇറാനെ ആറ് ഗോളിന് തകര്‍ത്ത ആത്മവിശ്വാസത്തില്‍ വന്ന ഇംഗ്ലണ്ടിന് ഒരു ഗോളുപോലും അമേരിക്കന്‍ വലയിലെത്തിക്കാനായില്ല.

ഇംഗ്ലണ്ട് കൂടുതല്‍ സമയം പന്ത് കൈവശം വെച്ചങ്കിലും യു.എസ് കൂടുതല്‍ ആക്രമിച്ച് കളിക്കുന്നതാണ് കളിയിലുടനീളം കണ്ടത്. മത്സരത്തിന്റെ ഇഞ്ച്വറി ടൈമില്‍ ഹാരി കെയ്‌ന് ലഭിച്ച അവസരം മുതലാക്കാനാകാതെ
മത്സരം 0-0ന് അവസാനിക്കുകയായിരുന്നു.

ഇതോടെ ലോകകപ്പ് വേദിയില്‍ യു.എസ്.എയെ തോല്‍പിക്കുക എന്ന ഇംഗ്ലണ്ടിന്റെ ആഗ്രഹം ഇന്നും നടന്നില്ല. ലോകകപ്പ് വേദിയില്‍ ഇതുവരെ ഇംഗ്ലണ്ടിന് യു.എസ്.എയോട് വിജയിക്കാനായിട്ടില്ല. ഒരു തോല്‍വിയും രണ്ട് സമനിലയുമാണ് ഇതുവരെയുള്ള ഫലം.

അല്‍ബൈത് സ്‌റ്റേഡിയത്തില്‍ ആദ്യം മുതല്‍ യു.എസ്. ബോക്സിലേക്ക് നിരന്തരം ഇംഗ്ലണ്ടിന്റെ ആക്രമണങ്ങളുണ്ടായെങ്കിലും, അമേരിക്കന്‍ പ്രതിരോധം കരുത്തുകാട്ടിയതോടെ ഒന്നും ലക്ഷ്യം കാണാതെ പോകുകയായിരുന്നു.

അതേസമയം, സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് ബിയില്‍ നാല് പോയിന്റുകളുമായി ഇംഗ്ലണ്ടാണ് മുന്നില്‍. ഒരു വിജയമുള്ള ഇറാന്‍ രണ്ടാമതും കളിച്ച രണ്ട് കളികളിലും സമനിലയില്‍ കുരുങ്ങിയ യു.എസ്.എ മൂന്നാം സ്ഥാനത്തുമാണ്.

ഒരു പോയിന്റ് മാത്രമുള്ള വെയ്ല്‍സ് നാലാമതാണ്. ഈ ഗ്രൂപ്പില്‍ നിലവില്‍ എല്ലാ ടീമുകള്‍ക്കും രണ്ടാം റൗണ്ട് പ്രതീക്ഷ സജീവമാണ്. ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരങ്ങളില്‍ ഇനി ഇംഗ്ലണ്ട് വെയ്ല്‍സിനെയും അമേരിക്ക ഇറാനെയും നേരിടും.