| Sunday, 20th December 2020, 7:23 pm

തമിഴ് ജനത ആട്ടിയോടിച്ചവരെയാണ് മലയാളികള്‍ ട്വന്റി 20 എന്ന പേരില്‍ ആഘോഷിക്കുന്നത്

സൈജു പത്മനാഭന്‍

ഇന്ത്യയിലെ നൂറ്റിയമ്പതോളം തുണിമില്ലുകളില്‍ ഉല്‍പാദിപ്പിക്കുന്ന തുണികള്‍ ബ്ലീച്ചിങ്ങ് & ഡൈയിങ്ങ് ചെയ്യുന്നതിന് തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ ഒരു ലക്ഷം ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഡൈയിങ്ങ് യൂണിറ്റുകളിലേക്കാണ് എത്തിക്കുന്നത്. കിഴക്കമ്പലം കിറ്റക്‌സ് ഗാര്‍മെന്റ്‌സിനും തിരുപ്പൂരില്‍ ബ്ലീച്ചിങ്ങ് & ഡൈയിങ്ങ്ന്റെ നാല് യൂണിറ്റുകള്‍ ഉണ്ടായിരുന്നു. ഈ യൂണിറ്റുകള്‍ പുറംതള്ളുന്ന വിഷമാലിന്യം മൂലം പ്രസ്തുത കമ്പനികളുടെ ചുറ്റും ഏകദേശം മുപ്പത് കിലോമീറ്റര്‍ വരെ ദൂരം വരെ വ്യാപകമായി, മണ്ണ് വിഷമയമായി അവിടങ്ങളിലെ കൃഷി നശിച്ചു.

ഇരുപത്തി അയ്യായിരത്തിലധികം മനുഷ്യര്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാരക രോഗികളായി മാറി(അന്വേഷണം നടന്ന റിപ്പോര്‍ട്ട് പ്രകാരം). 1996 ല്‍ ഹൈക്കോടതിയില്‍ നിന്നും പിന്നീട് സുപ്രീംകോടതിയില്‍ നിന്നും നാട്ടുകാര്‍ കമ്പനിക്കെതിരായ വിധി സമ്പാദിച്ചു. നീണ്ട പതിനൊന്ന് വര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍.

കമ്പനി തുടര്‍ന്നവിടെ പ്രവര്‍ത്തിക്കണമെങ്കില്‍ മലിന ജലം സംസ്‌കരിച്ച് ശുദ്ധീകരിക്കുന്ന, മലിന രാസപദാര്‍ത്ഥങ്ങള്‍ സംസ്‌കരിക്കുന്ന യൂണിറ്റുകള്‍ സ്ഥാപിക്കണമെന്ന നിബന്ധനയാണ് കോടതി നിര്‍ദ്ദേശിച്ചത്. ഒരു യൂണിറ്റ് സ്ഥാപിക്കാന്‍ 40 – 45 കോടി രൂപ വേണം. അതിന്റെ വാര്‍ഷിക നടത്തിപ്പ് ചിലവ് 15 കോടി വരും. അപ്പോള്‍ ഒരു യൂണിറ്റിന് 60 കോടി മുടക്കണം.

മൊത്തം 4 യൂണിറ്റുകള്‍ക്കായി 240 കോടി ചെലവ് തുടക്കത്തില്‍ തന്നെ വേണം പിന്നീട് ഓരോ വര്‍ഷവും നടത്തിപ്പ് ചിലവ് 60 കോടി വീതം വരും. ഇത് മനസ്സിലാക്കിയാണ് കിഴക്കമ്പലത്ത് ഇടതുപക്ഷം പഞ്ചായത്ത് ഭരിക്കുന്ന സമയത്ത് 2007 ല്‍,  ബ്ലീച്ചിങ്ങ്&ഡൈയിങ്ങിന്റെ ഒരു യൂണിറ്റ് സ്ഥാപിക്കുന്നത്.

2008 മുതല്‍ സമീപവാസികള്‍ക്ക് വീണ്ടും സമരം തുടങ്ങേണ്ടി വന്നു. ഇത് മനസ്സിലാക്കിയ കമ്പനി മുതലാളി ജനങ്ങള്‍ക്ക് പച്ചക്കറിയും മറ്റും സൗജന്യം നല്‍കി ജനത്തെ കയ്യിലെടുക്കാന്‍ തുടങ്ങി. തമിഴ്‌നാട്ടില്‍ മുടക്കേണ്ടി വരുമായിരുന്ന 240 കോടിയുടെ പലിശ മാത്രം മതിയല്ലോ  പച്ചക്കറിയും മറ്റും സുലഭമായി നൽകാൻ. കമ്പനിയുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് ജനങ്ങളെ സേവിക്കുന്നു എന്ന മറവില്‍ വരും തലമുറയെ ദ്രോഹിക്കുന്ന പ്രവൃത്തി ആണ് ഇവിടെ നടക്കുന്നത്.

തങ്ങളുടെ വരും തലമുറയെ മാരക രോഗങ്ങള്‍ക്ക് അടിമകളാക്കുന്ന കമ്പനിയുടെ പ്രയാണത്തിന് ഒന്നും അറിയാതെ അഥവാ അറിയിക്കാതെ കുട പിടിക്കുകയാണ് അവിടത്തെ നാട്ടുകാര്‍, കമ്പനിയുണ്ടാക്കുന്ന മാരകമായ വിഷം മൂലമുള്ള ഭവിഷ്യത്ത് അറിയാതെ ജനം കമ്പനി മുതലാളിയുടെ സൗജന്യം വാങ്ങാന്‍ തുടങ്ങി.

2010 ല്‍ പഞ്ചായത്തിന്റെ ഭരണം യു.ഡി.എഫിന് ലഭിച്ചു. കമ്പനി മുതലാളി ബ്ലീച്ചിങ്ങ് & ഡൈയിങ്ങിന്റെ മൂന്ന് യൂണിറ്റുകള്‍ സ്ഥാപിക്കാനുളള അനുവാദത്തിന് പഞ്ചായത്തില്‍ അപേക്ഷ വച്ചു. ഇതിന്റെ ബൃഹത്തായ ദുരന്തം മനസ്സിലാക്കിയ പഞ്ചായത്ത് അന്ന് അനുമതി നല്‍കിയില്ല.

ഇങ്ങനെ ഒരു അവസ്ഥയില്‍ ആണ് പഞ്ചായത്ത് ഭരണം സ്വന്തമായാല്‍ ആരുടേയും പുറകെ അനുമതിക്കായി നടക്കേണ്ടല്ലോ എന്ന് മുതലാളി തിരിച്ചറിഞ്ഞത്. തമിഴ്‌നാട്ടില്‍ കേസ് തോല്‍ക്കാന്‍ കാരണം അവിടത്തെ പഞ്ചായത്ത് ഭരണസമിതി എതിര്‍ റിപ്പോര്‍ട്ട് നല്‍കിയതാണെന്ന കാര്യവും ഓര്‍മ്മ വന്നു.

കിറ്റക്‌സിന്റെ എം.ഡി സാബു എം. ജേക്കബ്‌

അങ്ങിനെയാണ് എത്ര വില കൊടുത്തും ഇവിടെ പഞ്ചായത്ത് പിടിക്കാന്‍ ഇറങ്ങിയത്. സൗജന്യം നല്‍കി ജനത്തെ കയ്യിലെടുത്തു. 2015 ല്‍ പഞ്ചായത്ത് ഭരണം നേടി. നേരത്തെ സ്ഥാപിക്കാന്‍ കഴിയാതിരുന്ന മൂന്ന് യൂണിറ്റുകള്‍ കൂടി സ്ഥാപിച്ചു.

ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ലോറികള്‍ തുണിയുമായി വന്ന് കിറ്റക്‌സില്‍ നിന്ന് ബ്ലീച്ചിങ്ങ് & ഡൈയിങ്ങ് നടത്തി കൊണ്ടുപോകുന്നു. തമിഴ് ജനത ആട്ടിയോടിച്ച കമ്പനി വലിയ വിവരമുള്ളവരെന്ന് അഭിമാനിക്കുന്ന നമ്മുടെ പ്രദേശത്ത് നിര്‍ഭയം പ്രവര്‍ത്തിക്കുന്നു.

കമ്പനിയുടെ 30 കിലോമീറ്ററിലധികം പ്രദേശത്തേക്ക് രാസമാലിന്യത്തിന്റെ വിഷവിസര്‍ജ്യം വെള്ളത്തിലൂടെയും വായുവിലൂടെയും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. എന്‍ഡോ സള്‍ഫാനിനേക്കാള്‍ വിഷമാണ് ഇതെന്നാണ് പഠന റിപ്പോര്‍ട്ട്.

തങ്ങളുടെ കമ്പനി ഉള്ള പഞ്ചായത്തിന് മുപ്പത്തിയഞ്ച് കിലോമീറ്ററിന് ഉള്ളിലുള്ള എല്ലാ പഞ്ചായത്തുകളും തങ്ങളുടെ ഭരണത്തിന്‍ കീഴിലാക്കി ജനങ്ങളില്‍ നിന്നും കമ്പനിക്കെതിരെ ഉണ്ടാകാവുന്ന പ്രതിഷേധം ഇല്ലാതാക്കാനാണ് പരിസര പഞ്ചായത്തുകള്‍ ലക്ഷ്യമിട്ട് ഇറങ്ങിയിട്ടുള്ളത്. ഇത് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: History of Kitex Group and Twenty -20

സൈജു പത്മനാഭന്‍

We use cookies to give you the best possible experience. Learn more