| Thursday, 20th August 2020, 4:33 pm

വെറുമൊരു വിമാനത്താവളമല്ല അദാനിക്ക് വില്‍ക്കാന്‍ പോകുന്നത്; കേരളത്തിലെ ആദ്യത്തെ വിമാനത്താവളത്തിന്റെ ചരിത്രം ഇതാണ്...

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തിലെ ആദ്യത്തെ വിമാനത്താവളമെന്ന നിലയില്‍ സംസ്ഥാനത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ ഒന്നാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. നിരവധി പ്രത്യേകതകളും ചരിത്രപ്രാധാന്യവുമുള്ള ഈ വിമാനത്താവളത്തെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കടുത്ത എതിര്‍പ്പ് ഉയര്‍ന്നുവരുന്നുമുണ്ട്.

തിരുവനന്തപുരം നഗരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 1932 ല്‍ കേരള ഫ്‌ളൈയിംഗ് ക്ലബിന്റെ ഭാഗമായാണ് വിമാനത്താവളം സ്ഥാപിതമായത്. കായിക കേരളത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്ന കേണല്‍ ഗോദവര്‍മ്മ രാജയുടെ ആശയമായിരുന്നു തിരുവനന്തപുരത്തിന് ഒരു വിമാനത്താവളം എന്നത്. ഒരു പൈലറ്റ് കൂടിയായ അദ്ദേഹം വിമാനത്താവളമെന്നാവശ്യത്തെ പിന്താങ്ങി.

1932 സ്ഥാപിച്ച വിമാനത്താവളം ആദ്യം കൊല്ലം ആശ്രാമത്തിലായിരുന്നു. പിന്നീട് 1935-ല്‍ തിരുവനന്തപുരത്തേക്ക് അന്നത്തെ ദിവാനായ സര്‍.സി.പി മാറ്റി സ്ഥാപിക്കുകയായിരുന്നു.

1935 ല്‍ ആദ്യ വിമാനം തിരുവനന്തപുരത്ത് എത്തി. ടാറ്റാ എയര്‍ലൈന്‍സിന്റെ ഡിഎച്ച്.83 ഫോക്‌സ് മോത്ത് എന്ന വിമാനമാണ് തിരുവനന്തപുരത്ത് ലാന്റ് ചെയ്തത്. നെവില്‍ വിന്‍സെന്റായിരുന്നു പൈലറ്റ്.

ടാറ്റ കമ്പനി ഉദ്യോഗസ്ഥനായ ജാംഷെഡ് നവറോജി, തിരുവിതാംകൂര്‍-ബോംബൈ പ്രസിഡന്‍സി ഏജന്റ് ആയ കാഞ്ചി ദ്വാരകദാസ്, എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ബ്രിട്ടീഷ് വൈസ്രോയിയായ വെല്ലിംഗ്ടണ്‍ പ്രഭു തിരുവിതാംകൂര്‍ മഹാരാജാവിന് അയച്ച ജന്മദിന സന്ദേശവുമായിട്ടാണ് ആദ്യ ഫ്‌ളൈറ്റ് തിരുവനന്തപുരത്ത് എത്തിയത്.

1935 നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു. രാജകീയ കത്തിടപാടുകള്‍ക്കായിരുന്നു സര്‍വ്വീസ് ഉപയോഗിച്ചത്. ബോംബൈയിലേക്കുള്ള രാജകീയ ഉത്തരവുകളും കത്തുകളും വിമാനത്തിലൂടെ കൊണ്ടുപോകാന്‍ തുടങ്ങി.

1938 ആയപ്പോഴെക്കും റോയല്‍ ഗവണ്‍മെന്റ് ഓഫ് തിരുവിതാംകൂര്‍ മഹാരാജാവിന്റെ സ്വകാര്യ വിമാനമെന്ന ആശയത്തില്‍ ഒരു വിമാനം ഇവിടെ നിലനിര്‍ത്തുകയും വ്യോമാക്രമണങ്ങളില്‍ നിന്ന് സംസ്ഥാനത്തെ സംരക്ഷിക്കുന്നതിനായി റോയല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യത്തെ സ്‌ക്വാഡ്രണ്‍ സ്ഥാപിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം ആഭ്യന്തര സര്‍വ്വീസുകളുടെ എയര്‍സ്ട്രിപ്പായി വിമാനത്താവളം മാറി.

1967 ആയപ്പോഴെക്കും കൊളംബോയിലേക്ക് വീക്കിലി സര്‍വ്വീസുകള്‍ ആരംഭിച്ചുകൊണ്ട് തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര സര്‍വ്വീസ് ആരംഭിച്ചു. മാലിദ്വീപിലേക്കുള്ള വിമാനസര്‍വ്വീസ് ആരംഭിച്ചത് 1976 ആയിരുന്നു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് 1978 ഓടെ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുകയും ചെയ്തു.

1991 ജനുവരി ഒന്നിനാണ് അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവി തിരുവനന്തപുരം വിമാനത്താവളത്തിന് സ്വന്തമാകുന്നത്. ഇതോടെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലാകുകയും ചെയ്തു. 1991 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന വി.പി. സിംഗ് തിരുവനന്തപുരം വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി ഇ.കെ. നായനാര്‍ അദ്ധ്യക്ഷനായ സമ്മേളനത്തില്‍ വെച്ചാണ് ചരിത്രപരമായ ആ പ്രഖ്യാപനം ഉണ്ടായത്. പിന്നീട് പന്ത്രണ്ട് വര്‍ഷക്കാലത്തോളമെടുത്താണ് വിമാനത്താവളം ഇന്ന് കാണുന്ന നിലയിലായത്. ഒന്നാം യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വിമാനത്താവള വികസനം വീണ്ടും സാധ്യമായി. ഇക്കാലത്താണ് കേരളത്തിന് ഒരു പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ അനുവദിച്ചുകിട്ടിയത്.

2000 സെപ്റ്റംബര്‍ ഒന്നിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിമാനത്താവളമായി മാറി. 2006ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിമാനത്താവളത്തിനായി ചാക്കയില്‍ പുതിയ ടെര്‍മിനല്‍ നിര്‍മ്മാണത്തിനായി 290 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഇതോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്തു എയര്‍ ഇന്ത്യയുടെ ഒരു ഹാംഗര്‍ യൂണിറ്റും ചാക്കയില്‍ സ്ഥാപിച്ചു. പിന്നീട് ശംഖുംമുഖത്ത് പ്രവര്‍ത്തിച്ചിരുന്ന അന്താരാഷ്ട്ര വിമാനത്താവളം 2011 ല്‍ ചാക്കയിലേക്ക് മാറ്റി. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വിമാനത്താവളങ്ങളില്‍വെച്ച് ഏറ്റവും നല്ല വിമാനത്താവളമെന്ന പദവി രണ്ടുവട്ടം സ്വന്തമാക്കിയ വിമാനത്താവളമാണിത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: history of trivandrum airport

We use cookies to give you the best possible experience. Learn more