വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി മന സന്ദര്‍ശിച്ച മഹാത്മജിക്ക് അബ്രാഹ്മണന്‍ ആയതിനാല്‍ പ്രവേശനം നിഷേധിച്ച 'ഇണ്ടംതുരുത്തിമന' ഇന്ന് ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസായി വൈക്കം മഹാദേവക്ഷേത്രത്തിന്റെ വടക്കേനടയില്‍ തല ഉയര്‍ത്തി നില്‍ക്കുന്നു...
ഗാന്ധിജി സന്ദര്‍ശിച്ച വീട് ഇന്ന് സി.പി.ഐ പാര്‍ട്ടി ഓഫീസ് ആണെന്നും അത് സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്നുമുള്ള തരത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ഒരു പ്രസ്താവന നടത്തിയിരുന്നു.
ഈ മന സര്‍ക്കാര്‍ ചെത്തുതൊഴിലാളി യൂണിയനില്‍ നിന്ന് ഏറ്റെടുത്ത് പഴയപടിയാക്കണമെന്നാണ് കെ. സുരേന്ദ്രന്‍ പറയുന്നത്. അതായത് പണ്ട് ബ്രാഹ്മണ്യം അടക്കി വാണിരുന്ന, സാധാരണക്കാര്‍ക്ക് പൊതുനിരത്തുകള്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞ ജാതി പ്രമാണിമാര്‍ വാണിരുന്ന മന പഴയപടിയാക്കണമെന്നാണ് സുരേന്ദ്രന്റെ പക്ഷം.
വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി മന സന്ദര്‍ശിച്ച മഹാത്മജിക്ക് അബ്രാഹ്മണന്‍ ആയതിനാല്‍ പ്രവേശനം നിഷേധിച്ച ‘ഇണ്ടംതുരുത്തി മന’ ഇന്ന് ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസായി വൈക്കം മഹാദേവക്ഷേത്രത്തിന്റെ വടക്കേനടയില്‍ തല ഉയര്‍ത്തി നില്‍ക്കുന്നു.
ഇണ്ടംതുരുത്തി മനയുടെ ചരിത്രം പറയുന്ന എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.ബി. ബിനുവിന്റെ ലേഖനം വായിക്കാം..
അബ്രാഹ്മണന്‍ ആയതിനാല്‍ മഹാത്മജിക്ക് പ്രവേശനം നിഷേധിച്ച ‘ഇണ്ടംതുരുത്തി മന’ ഇന്ന് കേരള നവോത്ഥാന പ്രക്ഷോഭങ്ങളുടെ ചരിത്രസ്മാരകമായി വൈക്കം മഹാദേവക്ഷേത്രത്തിന്റെ വടക്കേനടയില്‍ തല ഉയര്‍ത്തി നില്‍ക്കുന്നു. എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസായി മാറിയ ഇണ്ടംതുരുത്തിമനയുടെ ചരിത്രം ഒരു നാടിന്റെ ചരിത്രവും കേരളത്തിന്റെ നവോത്ഥാന സമര ചരിത്രവുമാണ്.
1924 മാര്‍ച്ച് 30-ാം തീയതിയാണ് ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹം ആരംഭിക്കുന്നത്. ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതിയും ഉപജാതിയും തിരിച്ച് സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് പൊതുനിരത്തുകള്‍ ഉപയോഗിക്കാന്‍ പാടില്ല. സ്ത്രീകള്‍ മാറുമറയ്ക്കരുത്. കുട്ടികള്‍ വിദ്യ അഭ്യസിക്കരുത്. പള്ളിക്കൂടത്തിന്റെ വരാന്തയില്‍പോലും പ്രവേശിക്കുവാന്‍ ജാതിയില്‍ താണവന് അവകാശമില്ല. ആഭരണങ്ങള്‍ പാടില്ല. പ്രത്യേകിച്ച് സ്ത്രീകള്‍ സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഉപയോഗിച്ചുകൂട. പാറക്കല്ലുകള്‍ കൊണ്ടുള്ള കമ്മലുകളും മാലകളും മാത്രമേ ധരിക്കാവൂ. ഇങ്ങനെ നീണ്ടുപോകുന്നു നിയമങ്ങള്‍.
താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ വിവാഹം കഴിക്കണമെങ്കില്‍ ജന്മിമാരുടെ അനുവാദം വേണം. അവര്‍ ക്ഷേത്രത്തിന് 60 അടി അകലെ മാത്രമേ നില്‍ക്കാന്‍ പാടുള്ളൂ. കീഴ്ജാതിക്കാര്‍ താമസിക്കുന്ന സ്ഥലത്തിന് തറ, കൂര, കൊട്ടില്‍ എന്നൊക്കെയേ പറയാന്‍ പാടുള്ളൂ. വീട് എന്ന് പറയുന്നത് ജന്മിമാരുടെ താമസസ്ഥലത്തിനാണ്. ജന്മിക്ക് അനിഷ്ടം തോന്നിയാല്‍ കീഴ്ജാതിക്കാരന്റെ കൂര പൊളിച്ചു കളഞ്ഞാലും തിരിച്ചൊന്നും ചോദിക്കാന്‍ പാടില്ല. നായര്‍ക്ക് നമ്പൂതിരിയെ സമീപിക്കാം. എന്നാല്‍ തൊട്ടുകൂട. ഈഴവന്‍ മുപ്പതടി അകലെ നില്‍ക്കണം. ഈ കാട്ടുനീതികള്‍ നമ്മുടെ നാട്ടില്‍ നിലനിന്ന കാലഘട്ടത്തിലായിരുന്നു വൈക്കം സത്യഗ്രഹത്തിന് തുടക്കമിട്ടത്.
വൈക്കം ശിവക്ഷേത്രത്തിലേക്കുള്ള വഴികള്‍ അവര്‍ണ സമുദായങ്ങള്‍ക്കുകൂടി തുറന്നു കൊടുക്കണമെന്ന ആവശ്യവുമായി നാട്ടില്‍ നിലനിന്ന അനാചാരങ്ങള്‍ക്കെതിരെ വൈക്കം ക്ഷേത്രനടയില്‍ തന്നെ സത്യഗ്രഹം ആരംഭിച്ചു. ആദ്യദിവസം പ്രഭാതത്തില്‍ കുഞ്ഞാപ്പി എന്ന പുലയ യുവാവും ബാഹുലേയന്‍ എന്ന ഈഴവ യുവാവും ഗോവിന്ദപ്പണിക്കര്‍ എന്ന നായര്‍ യുവാവും ഒന്നിച്ച് വൈക്കം ക്ഷേത്രത്തിന്റെ മുന്നില്‍ വന്നു. താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശനം പാടില്ലാത്ത മേഖലയില്‍ നിയമം ലംഘിച്ച് കടന്നു. സവര്‍ണമേധാവികളും പൊലീസും സംഘടിതമായി വന്ന് അക്രമം അഴിച്ചുവിട്ടു. സമരഭടന്മാരെ അറസ്റ്റ് ചെയ്ത് കൊടിയ മര്‍ദ്ദനങ്ങള്‍ക്കു വിധേയമാക്കി.
ടി കെ മാധവന്‍ ആയിരുന്നു വൈക്കം സത്യഗ്രഹത്തിന്റെ മുഖ്യസാരഥി. കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ടി കെ മാധവന്റെ നേതൃത്വത്തില്‍ സമൂഹത്തില്‍ നിലനിന്ന അനാചാരങ്ങള്‍ക്കെതിരെ ധീരമായ സമരങ്ങള്‍ നടന്നു. സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ ഐതിഹാസികമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പതനം ഈ കാലഘട്ടത്തില്‍ പ്രസക്തമാണ്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച്, 2018 സെപ്റ്റംബര്‍ 28ന് വിധി പ്രസ്താവിച്ചതിനെതിരെ ബി.ജെ.പി സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന, നിയമവാഴ്ച തകര്‍ക്കുന്ന സമരത്തോടൊപ്പം നിലകൊള്ളുന്നവര്‍ പഴയകാല കോണ്‍ഗ്രസ് സമ്മേളനങ്ങളിലെ ചര്‍ച്ചകളും പ്രമേയങ്ങളും ഒന്നു മറിച്ചുനോക്കുന്നത് നന്നായിരിക്കും.
സത്യഗ്രഹത്തില്‍ പങ്കെടുത്ത ടി.കെ. മാധവനെയും കെ.പി. ശങ്കരമേനോനെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. സി.വി കുഞ്ഞുരാമന്‍, ചങ്ങനാശേരി പരമേശ്വരന്‍ പിള്ള, ജോര്‍ജ് ജോസഫ് തുടങ്ങിയ മഹാരഥന്‍മാര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. ശ്രീനാരായണഗുരു വൈക്കത്തെത്തി സത്യഗ്രഹത്തില്‍ പങ്കുചേര്‍ന്നു. ദ്രാവിഡ പ്രസ്ഥാനത്തിന്റെ നായകന്‍ തന്തൈ പെരിയോര്‍ ഇ.വി. രാമസ്വാമി നായ്ക്കര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്ത് നിയമം ലംഘിച്ച് അറസ്റ്റ് വരിച്ചു. പഞ്ചാബില്‍ നിന്നുള്‍പ്പെടെ രാജ്യത്തിന്റെ നാനാഭാഗത്തുനിന്ന് സത്യഗ്രഹത്തിന് സന്നദ്ധഭടന്മാര്‍ എത്തിച്ചേര്‍ന്നു. അറസ്റ്റ് കൊണ്ട് ഫലം കാണാതെ വന്ന അധികാരികള്‍ സത്യഗ്രഹികള്‍ക്കുനേരെ കൊടിയ മര്‍ദ്ദനമുറകള്‍ അഴിച്ചുവിട്ടു. ചിറ്റേടത്ത് ശങ്കുപിള്ള മര്‍ദ്ദനത്തിന്റെ ഫലമായി മരിച്ചു. രാമന്‍ ഇളയതിന്റെ കണ്ണില്‍ ചുണ്ണാമ്പ് എഴുതി. അദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെട്ടു. മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ വൈക്കത്തു നിന്ന് തിരുവനന്തപുരത്തേക്ക് ജാഥയായി എത്തി അമ്മ മഹാറാണിക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു.
1925 മാര്‍ച്ച് ഒമ്പതിന് ഗാന്ധിജി വൈക്കം സത്യഗ്രഹ ക്യാമ്പിലെത്തി. സവര്‍ണാധിപത്യത്തിനും തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കും ജാതിയുടെ പേരിലുള്ള പൗരാവകാശ നിഷേധത്തിനുമെതിരെ നടന്നുവന്ന ദേശീയ പ്രധാന്യം നേടിയ വൈക്കം സത്യഗ്രഹത്തിന് പിന്തുണയുമായാണ് മഹാത്മാഗാന്ധി വൈക്കത്തെത്തിയത്. ഇന്നത്തെപ്പോലെ യാത്രാ സൗകര്യങ്ങളൊന്നുമില്ലായിരുന്ന ആ കാലഘട്ടത്തില്‍ എത്ര വലിയ ക്ലേശം സഹിച്ചാണ് മഹാത്മജി വൈക്കത്ത് എത്തിയതെന്ന് പറയേണ്ടതില്ല.
ഗാന്ധിജി വെെക്കം സത്യാഗ്രഹത്തില്‍
സത്യഗ്രഹസമരത്തെ എതിര്‍ത്ത സവര്‍ണ ചേരിയുടെ നേതൃത്വം ഇണ്ടംതുരുത്തി മനയിലെ കാരണവര്‍ക്കായിരുന്നു. വൈക്കത്തെ 48 ബ്രാഹ്മണ ഇല്ലങ്ങളുടെ മേല്‍ക്കോയ്മ ഇണ്ടംതുരുത്തി മനയ്ക്കായിരുന്നു. വൈക്കം മഹാദേവക്ഷേത്രം ഇണ്ടംതുരുത്തിമന വക ഊരാണ്മ ക്ഷേത്രമായിരുന്നു. വൈക്കം സത്യഗ്രഹം നടക്കുന്ന സമയത്ത് നീലകണ്ഠന്‍ നമ്പ്യാതിരിയായിരുന്നു ഈ മനയിലെ കാരണവര്‍. പ്രതാപശാലിയും മഹാപണ്ഡിതനുമായി അറിയപ്പെട്ടിരുന്ന നീലകണ്ഠന്‍ നമ്പ്യാതിരി വൈക്കത്തെ സര്‍വാധിപതിയായിരുന്നു. എന്തിനും ഏതിനും നമ്പ്യാതിരിയുടെ അനുവാദം വേണം. രക്ഷിക്കാനും നിഗ്രഹിക്കാനും അധികാരമുള്ളവനായിരുന്നു നമ്പ്യാതിരി.
വൈക്കം സത്യഗ്രഹ സമരം രമ്യമായി പരിഹരിക്കാന്‍ സമരത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മഹാത്മജി ഇണ്ടംതുരുത്തി മനയിലെ കാരണവരെ നേരില്‍ കണ്ട് സംസാരിക്കാന്‍ ആഗ്രഹമറിയിച്ചു. ”നമ്മെ കാണേണ്ടവര്‍ക്ക് ഇല്ലത്തേക്ക് വരാം.” എന്ന നമ്പ്യാതിരിയുടെ അറിയിപ്പിനെ തുടര്‍ന്ന് മഹാത്മജിയും സംഘവും ഇണ്ടംതുരുത്തി മനയിലെത്തി. ബ്രാഹ്മണന്‍ അല്ലാത്തതിനാല്‍ മഹാത്മജിക്ക് മനയ്ക്കുള്ളിലേക്ക് പ്രവേശനം നിഷേധിച്ച നമ്പ്യാതിരി ഇരിപ്പിടമൊരുക്കിയത് മനയ്ക്കു മുന്‍വശത്ത് ഒരു പൂമുഖം നിര്‍മിച്ചായിരുന്നു. ഗാന്ധിജിയും സംഘവും മനയ്ക്കകത്ത് പ്രവേശിക്കാതെ പൂമുഖത്തുതന്നെ ഇരുന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
മഹാത്മജിയും മനയിലെ കാരണവരും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ വളരെ പ്രശസ്തമാണ്. അനാചാരങ്ങള്‍ അവസാനിപ്പിക്കണമെന്ന ഗാന്ധിജിയുടെ അഭ്യര്‍ഥന നിഷേധിച്ച നമ്പ്യാതിരി ചാതുര്‍വര്‍ണ്യം ദൈവസൃഷ്ടിയാണെന്നും ‘നീച ജന്മങ്ങള്‍ക്ക്’ മറ്റ് മനുഷ്യരെപ്പോലെ ജീവിക്കുവാന്‍ അര്‍ഹതയില്ലെന്ന് ഗാന്ധിജിയെ അറിയിക്കുകയായിരുന്നു. ഗാന്ധിജിയും സംഘവും ചര്‍ച്ച നടത്തി മടങ്ങിയ ശേഷം മനയും പരിസരവും ശുദ്ധികലശം നടത്തുവാന്‍ നമ്പ്യാതിരി മറന്നില്ല.
കേരള ചരിത്രത്തില്‍ ഒരിക്കലും മറക്കാത്ത വെള്ളപ്പൊക്കം (99 ലെ വെള്ളപ്പൊക്കം) ഉണ്ടായത് വൈക്കം സത്യഗ്രഹത്തിന്റെ നാളുകളിലായിരുന്നു. റോഡുകളും പരിസരവുമെല്ലാം പ്രളയജലം നിറഞ്ഞപ്പോഴും മണിക്കൂറുകളോളം വെള്ളത്തില്‍ നിന്നുകൊണ്ടുതന്നെ സമരഭടന്മാര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തു. 603 ദിവസങ്ങള്‍നീണ്ട സത്യഗ്രഹം 1925 നവംബര്‍ 21ന് പിന്‍വലിച്ചു. തീണ്ടല്‍ പലക എടുത്തുമാറ്റി. ക്ഷേത്രത്തിന്റെ കിഴക്കേനട ഒഴികെയുള്ള ഭാഗം അവര്‍ണര്‍ക്ക് തുറന്നുകൊടുത്തു. വൈക്കം സത്യഗ്രഹവും തുടര്‍ന്ന് നടന്ന ഗുരുവായൂര്‍ സത്യഗ്രഹവും കേരളത്തിലെ നവോത്ഥാനത്തിലെ സുവര്‍ണ ഏടുകളാണ്. 1936 നവംബര്‍ 12ന് ക്ഷേത്രപ്രവേശന വിളംബരവും വന്നു.
1943 വൈക്കത്ത് ചെത്തുതൊഴിലാളികളെ സംഘടിപ്പിച്ച് ചെത്തുതൊഴിലാളി യൂണിയന്‍ നിലവില്‍വന്നു. പി.എസ്. ശ്രീനിവാസനും സി.കെ. വിശ്വനാഥനും മുന്‍കൈയെടുത്ത് വൈക്കത്തെ ആദ്യത്തെ പാര്‍ട്ടി സെല്‍ രൂപീകരിച്ചു. കൊടിയ മര്‍ദ്ദനങ്ങള്‍ സഹിച്ച് ധീരമായ നേതൃത്വം നല്‍കി തൊഴിലാളികളെ സംഘടിപ്പിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിയാര്‍ജിച്ചു.
കാലാന്തരത്തില്‍ ജന്മിനാടുവാഴിത്തം ഇല്ലാതായി. ഇണ്ടംതുരുത്തി മനയുടെ പ്രതാപം ക്ഷയിച്ചു. മനയിലെ ചെറുമകളുടെ വിവാഹത്തിന് മന വില്‍ക്കുകയല്ലാതെ മറ്റുമാര്‍ഗമില്ലാതായി. എറണാകുളത്തെ ബിഷപ്പും ചെത്തുതൊഴിലാളി യൂണിയനുമാണ് മന വാങ്ങുന്നതിനായി സമീപിച്ചത്. നമ്പ്യയാതിരി അദ്ദേഹത്തിന്റെ ഉപദേശകരുമായി ആലോചിച്ച് മന യൂണിയന് നല്‍കുന്നതിന് തീരുമാനിച്ചു. 1963 ല്‍ ഇണ്ടംതുരുത്തി മനയും മന സ്ഥിതിചെയ്യുന്ന രണ്ടേക്കറോളം സ്ഥലവും സി.കെ. വിശ്വനാഥന്റെ നേതൃത്വത്തില്‍ ചെത്തുതൊഴിലാളി യൂണിയന്‍ സ്വന്തമാക്കി.
ദൂരെ നിന്ന് നോക്കിക്കാണുന്നതിനുപോലും അവകാശമില്ലാതിരുന്ന ഇണ്ടംതുരുത്തി മനയിലേക്ക് വലിയ ജനപ്രവാഹമാണ് തുടര്‍ന്നുണ്ടായത്. കാലപ്പഴക്കം കൊണ്ട് ജീര്‍ണിച്ച മന പുനര്‍നിര്‍മിക്കുന്നതിന് ചര്‍ച്ചകള്‍ നടന്നു. മനയുടെ ചരിത്രം പുതുതലമുറയെ ഓര്‍മപ്പെടുത്തുവാനായി കേടുപാടുകള്‍ തീര്‍ത്ത് പുനഃസൃഷ്ടിച്ചു. മഹാത്മജിക്ക് ഇരിപ്പിടത്തിനായി നിര്‍മിച്ച പൂമുഖവും ഇണ്ടന്‍തുരുത്തിമനയുടെ അകത്തളങ്ങളും നേരില്‍ കാണുന്നതിന് ദിവസേന ചരിത്രവിദ്യാര്‍ഥികള്‍ സന്ദര്‍ശനം നടത്തുന്നു. ചരിത്രസ്മാരകമായി മാറിയ ഇണ്ടംതുരുത്തിമന വൈക്കം സത്യഗ്രഹത്തിന്റെ നവോത്ഥാന സന്ദേശം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതാണ്.
Content Highlight: History of the change of Indamthuruthimana to INTUC Office