| Saturday, 26th May 2012, 7:15 pm

സംസ്‌കാരങ്ങളുടെ സംഗമഭൂവില്‍ - രണ്ടാം ഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

(സംസ്‌കാരങ്ങളെ സമന്വയിപ്പിച്ച ഒരു ദേശത്തിന്റെ കഥ)

രണ്ടാം ഭാഗം

ചരിത്രം-പൈതൃകം/ രാജീവ്‌

ക്രിസ്തുവര്‍ഷം എട്ടാംനൂറ്റാണ്ടോടുകൂടി ചേരസാമ്രാജ്യവും പെരുമാള്‍ വാഴ്ചയും അവസാനിച്ചതായി കരുതപ്പെടുന്നു. തളിയിലെ ബ്രാഹ്മണസഭ അതോടുകൂടി പ്രബലമാകുകയായിരുന്നു. ശിവക്ഷേത്രത്തിന്റെ സ്ഥാനം അതിനുമുമ്പ് ഉണ്ടായിരുന്നുവോ എന്നതിനു തെളിവുകളില്ല. എന്നാല്‍ തളിയില്‍ സ്ഥാനങ്ങളുടെ പ്രത്യേകതയാണ് പശ്ചിമദര്‍ശന ക്ഷേത്രസങ്കല്പം എന്നതിനാല്‍ ക്ഷേത്രോത്ഭവം തളിയുടെ ആരംഭത്തോടെയാണ് എന്നു വേണം കരുതാന്‍. കൈലാസത്തില്‍ ഭാരതഖണ്ഡം ദര്‍ശനമാക്കി പരമശിവന്‍ ഇരുന്നുരുളുന്നതുപോലെ ഉയര്‍ന്ന തളിയില്‍കുന്നിന്റെ നെറുകയില്‍ പടിഞ്ഞാറോട്ടു തന്നെ നോക്കി ക്ഷേത്രം നിലകൊള്ളുന്നു.

യോഗിയുടെ സങ്കല്പമാകയാലാവാം വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ ക്ഷേത്രസന്നിധിയില്‍ പതിവില്ല. ഈ ക്ഷേത്രം ഇന്നു കാണുന്ന നിലയില്‍ പുതുക്കിപ്പണിതത് തെക്കുംകൂര്‍ വാഴ്ചക്കാലത്താണ് എന്നു കരുതാം. വിശാലമായ ക്ഷേത്രമുറ്റത്തോടുകൂടി വാസ്തുശില്പരമായ മികവോടെ ഈക്ഷേത്രം നിലകൊള്ളുന്നു. ഉപദേവതയായി ചെറുവള്ളിക്കാവ് ഭഗവതി (ഭദ്രകാളി) തെക്കുകിഴക്കേ കോണില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഉപപ്രതിഷ്ഠകളില്‍ നാഗദേവതകളെ അടുത്ത കാലത്തായി പുറത്ത് പ്രതിഷ്ഠിച്ചിട്ടുണ്ട്. വിഷുവിന് കൊടികയറി പത്താമുദയം ആറാട്ടാണ് നടന്നുവരുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ക്ഷിപ്രപ്രസാദിയല്ലാത്തതിനാല്‍ കേവലമായ ഭൗതികനേട്ടം ഉന്നമാക്കി ആരാധിച്ചാല്‍ ഫലമില്ലെന്നും എന്നാല്‍ അപായഭീതിയും മരണഭീതിയും ഒഴിവായിക്കിട്ടാന്‍ തളിയില്‍ത്തേവരെ അറിഞ്ഞ് അഭയം പ്രാപിച്ചാല്‍ മതിയെന്നും ഭക്തരുടെ ഉറച്ച വാക്ക്. വേണ്ടുംവണ്ണം ഉപാസിച്ചാല്‍ എന്തും സാധിച്ചുതരും. അതിന് കഠിനമായ നിഷ്ഠ വേണമത്രെ. അതിനാലൊക്കെയാവാം തളിയില്‍ ശിവനേക്കാള്‍ ശാന്തപ്രകൃതനും ക്ഷിപ്രപ്രസാദിയുമായ തിരുനക്കരത്തേവര്‍ ചഞ്ചലചിത്തരായ സാധാരണക്കാര്‍ക്ക് പ്രിയങ്കരനായത്.

ക്ഷേത്രത്തിന്റെ പടിഞ്ഞാറോട്ടുള്ള വീഥി കുത്തനെ ഇറക്കമാണ്. അതുതീരുന്നത് നദീതീരത്തും. നദി വലതുഭാഗത്തുനിന്നും ഇടത്തോട്ട് ഒഴുകുന്നു. ക്ഷേത്രത്തിലെ അഭിഷേകജലം വടക്കുവശത്തെ ഓവിലൂടെ ഒഴുകി വടക്കുവശത്തുള്ള കുന്നിന്‍ചെരുവിന് താഴെയുള്ള ഭൂതത്താന്‍കുളത്തിലെത്തി അവിടെനിന്നും ചെറിയ തോട്ടിലൂടെ കൗണാനദിയിലെത്തി ദര്‍ശനവശേ ഒഴുകിപ്പോകുന്നു എന്നു സങ്കല്പം. കൈലാസത്തിന് ഗംഗ എങ്ങനെയാണോ അങ്ങനെതന്നെയാണ് ഇവിടെയും. ദിക്കുവച്ചു നോക്കിയാലും എല്ലാം. ഭൂതത്താന്‍കുളം ഇന്നു നികത്തപ്പെട്ടിരിക്കുന്നു. ഗംഗോത്രിക്കു തുല്യമായ ഇവിടെവരെ ക്ഷേത്രത്തില്‍ നിന്നുള്ള തീര്‍ത്ഥപ്രവാഹം സങ്കല്പം മാത്രം.
താഴത്തങ്ങാടി-കുളപ്പുരക്കടവിലാണ് തളിയില്‍തേവരുടെ തിരുവുത്സവത്തിന്റെ ആറാട്ട് കുളിക്കുന്നത്. താഴമണ്‍ മഠത്തിനാണ് ക്ഷേത്രത്തിന്റെ താന്ത്രിക അവകാശം. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലായതിനാല്‍ മുന്‍കാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നു. എന്നാല്‍ ക്ഷേത്രസംരക്ഷണത്തിന് അടുത്ത കാലത്തായി വേണ്ടത്ര ശ്രദ്ധ കൊടുത്തുകാണുന്നില്ല.

തളിയില്‍ ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം കലാപരമായ ചില സവിശേഷതകളുണ്ട്. ഉജ്ജ്വലമായ ചുവര്‍ച്ചിത്രങ്ങള്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിനെ അലങ്കരിക്കുന്നു. 15-ാം നൂറ്റാണ്ടിലെ പ്രശസ്തരായ ചില ചിത്രകാരന്മാരാണ് കേരളീയ ചുവര്‍ച്ചിത്രരീതിയിലുള്ള ഈ സൃഷ്ടികള്‍ നടത്തിയത്. ശ്രീകോവിലിന്റെ കല്‍പണി ബഹുവിശേഷമാണ്. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെ നിര്‍മ്മിതിയുമായി സാമ്യം കാണാം.

ഇതിന്റെ ഓരോ തലങ്ങളിലും ദേവീദേവന്മാരുടേയും പുരാണരംഗങ്ങളുടെയും മിഴിവാര്‍ന്ന ചിത്രീകരണം കാണാം. വേട്ടയ്ക്കുപോകുന്ന ശാസ്താവ്, നരസിംഹം, ശിവതാണ്ഡവം, കൃഷ്ണലീല ഇവയെല്ലാം ചിലതുമാത്രം. മുകള്‍ത്തട്ടിനോടുചേര്‍ന്നുള്ള ഭൂതാവലി ശ്രദ്ധേയമാണ്. വടക്കേ ചുമരില്‍ ഒട്ടകത്തിന്റെ പുറത്തു സഞ്ചരിക്കുന്ന നഗരാവു വായനക്കാരനായ മുസ്ലീം പ്രമാണിയുടെ ചിത്രമുണ്ട്. ഗ്രാമീണദൃശ്യങ്ങളുടെ മിഴിവാര്‍ന്ന ചിത്രീകരണം അഞ്ചു നൂറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായിരുന്ന ജനജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ പകര്‍ന്നുതരുന്നു. ഈ ചിത്രങ്ങളെല്ലാം ചരിത്രപഠിതാക്കളുടെ പ്രത്യേക ശ്രദ്ധ നേടിയിട്ടുണ്ട്. ക്ഷേത്രം വളരെക്കാലത്തോളം വേണ്ടുംവണ്ണം സംരക്ഷിക്കാതെയിരുന്നതിനാലാവാം ഈ ചിത്രങ്ങളില്‍  ഭൂരിഭാഗവും മങ്ങിയും മറഞ്ഞും കാണപ്പെടുന്നു.

ക്ഷേത്രമുറ്റത്തിന്റെ വടക്കു കിഴക്കേഭാഗത്തായി ആഴത്തിലൊരു കുളമുണ്ട്. ഉയര്‍ന്നകുന്നായതിനാല്‍ ജലനിരപ്പ് വളരെ താഴെയാണ്. അതിനാല്‍ വലിയ ഒരു ചതുരക്കിണര്‍ എന്നു പറയേണ്ടിവരും. കൊക്കരണി എന്നറിയപ്പെടുന്ന ഈ ജലാശയത്തില്‍ എത്തിപ്പെടണമെങ്കില്‍ അനേകം പടികള്‍ ഇറങ്ങണം. തെക്കുംകൂര്‍ വാഴ്ചക്കാലത്ത് രാജകുടുംബാംഗങ്ങള്‍ അപായക്കാലത്ത് രക്ഷപ്പെടുവാന്‍ തുരങ്കപ്പാതകള്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ഈ തുരങ്കപ്പാതകളുടെ പ്രവേശനദ്വാരം ഈ കൊക്കരണിയുടെ വശത്തുള്ള ഒരു രഹസ്യ അറയില്‍ തുടങ്ങുന്നു. വര്‍ഷങ്ങള്‍ മുമ്പുവരെ ഈ അറ അദൃശ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അടക്കപ്പെട്ടിരിക്കുന്നു. ഇവിടെനിന്നും താഴത്തങ്ങാടിയിലെ കടവിലേയ്ക്കും, പഴയചന്തയ്ക്കു കിഴക്കുവശത്തുള്ള പാറാണ്ടന്‍കുഴിയിലേയ്ക്കും, തെക്കേച്ചെരുവില്‍ താഴത്തങ്ങാടിയിലേയ്ക്കും അതുവഴി പള്ളിക്കോണം തോട്ടിലേയ്ക്കും ഭൂതത്താന്‍കുളത്തിലേയ്ക്കുമൊക്കെ ഈ തുരങ്കപാതയ്ക്ക് ശാഖകളുണ്ട് എന്ന് പഴമക്കാര്‍ പറയുന്നു. ശ്വാസവായുവിനുള്ള നിര്‍ഗ്ഗമനനാളികള്‍ പലയിടത്തും പ്രദേശവാസികള്‍ കണ്ടിട്ടുണ്ട്. ഏതാണ്ട് 30 വര്‍ഷങ്ങള്‍ക്കുമുമ്പ് പള്ളിക്കോണത്തേയ്ക്കുള്ള ഗുഹയുടെ മുഖദ്വാരം കണ്ടെത്തുകയുണ്ടായി. അതും ഇപ്പോള്‍ അടയ്ക്കപ്പെട്ട നിലയിലാണ്.

കേരളത്തില്‍ വിവിധസഭകളിലായി ക്രിസ്തീയസമൂഹം തിങ്ങിപ്പാര്‍ക്കുന്നത് മധ്യതിരുവിതാംകൂറില്‍ പ്രത്യേകിച്ച് കോട്ടയത്താണല്ലോ. ചരിത്രപരമായി രണ്ടാം ചേരസാമ്രാജ്യകാലത്ത് കൊല്ലത്താണ് ക്രിസ്ത്യാനി സമൂഹം അധികാരശ്രേണികളില്‍ പങ്കാളികളാകുന്നത്. സ്ഥാണുരവിവര്‍മ്മയുടെ പെരുമാള്‍വാഴ്ചക്കാലത്ത് മാര്‍ സപോര്‍ ഈശോ എന്ന വണികപ്രമുഖന് കൊല്ലം പട്ടണത്തിലെ വ്യാപാരകുത്തക എഴുതിക്കൊടുത്ത “തരിസാപ്പള്ളി ശാസനം” പ്രസിദ്ധമാണല്ലോ. സിറിയന്‍ പേര്‍ഷ്യന്‍ വ്യാപാരികളുടെ സ്വാധീനം കേരളതീരങ്ങളില്‍ സജീവമായിരുന്നല്ലോ. കേരളസഭയുടെ സിറിയന്‍ സ്വാധീനവും പാരമ്പര്യവും അതിനു ഹേതുവായി.

വാണിജ്യരംഗത്ത് ഏറ്റവും ശക്തമായി സ്വാധീനം തെളിയിച്ച കേരള ക്രൈസ്തവര്‍ കാര്‍ഷികരംഗത്തും ശ്രദ്ധ കേന്ദ്രീകരിച്ചുതുടങ്ങിയിരുന്നു. കൃഷിയും കച്ചവടവും ഉപജീവനമാക്കി മാറ്റിയ അവര്‍ തെക്കന്‍ പ്രദേശങ്ങളിലെ കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, നിരണം എന്നിവിടങ്ങളില്‍നിന്ന് വികസനത്തിന്റെ പാതയില്‍ മുന്നേറിക്കൊണ്ടിരുന്ന താഴത്തങ്ങാടിയില്‍ വന്ന് വാസമുറപ്പിച്ചു. കൊടുങ്ങല്ലൂര്‍ പട്ടണത്തിന്റെ തകര്‍ച്ചയോടെ കടുത്തുരുത്തിയിലും കുറവിലങ്ങാട്ടുമൊക്കെ എത്തിച്ചേര്‍ന്ന ക്രൈസ്തവരില്‍ ചിലരും കാലക്രമേണ താഴത്തങ്ങാടിയില്‍ എത്തിച്ചേര്‍ന്നു.

തെക്കുംകൂര്‍ വാണിരുന്ന രാജാക്കന്മാര്‍ എല്ലാവരും തന്നെ ഉല്പതിഷ്ണുക്കളും വികസനത്തില്‍ ശ്രദ്ധാലുക്കളും ആയിരുന്നു. ഓരോ ജനവിഭാഗങ്ങള്‍ക്കും വാസസ്ഥലവും ആരാധനാസൗകര്യങ്ങളും ഒരുക്കിക്കൊടുത്ത് അവരവരുടെ സേവനങ്ങള്‍ രാജ്യപുരോഗതിക്ക് അനുഗുണമാക്കി മാറ്റുന്നതില്‍ രാജാക്കന്മാര്‍ ശ്രദ്ധിച്ചിരുന്നു. ഈ പ്രോത്സാഹനമാണ് താഴത്തങ്ങാടിയിലും പരിസരപ്രദേശങ്ങളിലുമുള്ള ക്രൈസ്തവസ്വാധീനത്തിന് കാരണമായി ഭവിച്ചത്. സുറിയാനിഭാഷ വഴങ്ങിയിരുന്നതിനാല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന വണിക്കുകളുമായുള്ള സംവേദനം ക്രിസ്ത്യന്‍ വിഭാഗത്തിലെ കച്ചവടക്കാര്‍ക്ക് എളുപ്പവുമായിരുന്നു.

വാണിജ്യരംഗത്തും കാര്‍ഷികരംഗത്തും പൊതുജീവിതത്തിലും ഈ വിഭാഗം ആര്‍ജ്ജിച്ച മേല്‍ക്കൈ രാജാധികാരത്തിന്റെ ഉപശ്രേണികളില്‍ ഭാഗഭാക്കാകുവാന്‍ അവരെ സഹായിച്ചു. ഭരണരംഗത്ത് വേണ്ടുംവണ്ണമുള്ള സ്ഥാനമാനങ്ങള്‍ ക്രൈസ്തവപ്രമാണിമാര്‍ അന്നുതന്നെ നേടിയെടുത്തിരുന്നു. ഇന്നു താഴത്തങ്ങാടിയിലും ചുറ്റുമുള്ള ചില പുരാതന ക്രൈസ്തവകുടുംബക്കാര്‍ തെക്കുംകൂര്‍കാലത്ത് ഉന്നതമായ സ്ഥാനമാനങ്ങള്‍ വഹിച്ചിരുന്നു. പന്ത്രണ്ടു-പതിമൂന്ന് നൂറ്റാണ്ടുകളിലാവാം ആദിമക്രൈസ്തവര്‍ ഇവിടെ വാസമുറപ്പിച്ചിരുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കടുത്തുരുത്തിയില്‍നിന്ന് ക്‌നാനായ സമൂഹം ഇവിടെ കച്ചവടത്തിനായി എത്തിച്ചേര്‍ന്നു. സമസ്ത ക്രൈസ്തവര്‍ക്കും ആരാധനയ്ക്കായി ഒരു ദേവാലയം ഇവിടെ ആവശ്യമായി വന്നു.

തെക്കുംകൂര്‍ രാജാവായിരുന്ന ആദിത്യവര്‍മ്മയുടെ അകമഴിഞ്ഞ സഹായത്തോടെ തളിയില്‍ കുന്നിനോട് ചേര്‍ന്നുകിടക്കുന്ന വെറ്റാര്‍കുന്നില്‍ കോട്ടയത്തെ ആദ്യത്തെ കൃസ്ത്യന്‍ പള്ളിയായ വലിയപള്ളി ഉയര്‍ന്നുവന്നു.  ക്‌നാനായ സമൂഹം നൂറ്റാണ്ടുകളായി സൂക്ഷിച്ചുവച്ചിരുന്ന രണ്ടു പേര്‍ഷ്യന്‍ കല്‍ക്കുരിശുകള്‍ ഈ പള്ളിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. പഹ്‌ലവി എന്ന ലിപിയില്‍ ഇതിലുള്ള ലിഖിതങ്ങള്‍ ഇതിന്റെ അപൂര്‍വ്വത വിളിച്ചോതുന്നു. ചരിത്രപരമായി പ്രാധാന്യമുള്ള ഈ കല്‍ക്കുരിശുകളാണ് വലിയപള്ളിക്ക് അന്താരാഷ്ട്രപ്രശസ്തി നേടിക്കൊടുത്തത്. ഉജ്ജ്വലമായ സിറിയന്‍-കേരള വാസ്തുമാതൃകയില്‍ 1550-ല്‍ പണിതുയര്‍ത്തിയ ഈ പള്ളിയുടെ ആകാരസൗഷ്ടവം അനന്യമാണ്. പള്ളിയുടെ മുന്‍വശത്തുള്ള കല്‍ക്കുരിശ് പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നു. പള്ളിയോടു ചേര്‍ന്ന് മീനച്ചിലാറിന്റെ തീരത്താണ് വലിയങ്ങാടി സ്ഥിതി ചെയ്തിരുന്നത്. കിഴക്കന്‍ മലഞ്ചരക്കുകളുടെ പ്രധാന കച്ചവടം ഇവിടെയായിരുന്നു നടന്നിരുന്നത്. ശര്‍ക്കര, എണ്ണ തുടങ്ങിയവ വ്യാപാരം നടത്തിയിരുന്ന വിവിധ ക്‌നാനായ കുടുംബക്കാര്‍ ഇവിടെ താമസിച്ചിരുന്നു.

വലിയപള്ളി എല്ലാ വിഭാഗം ക്രൈസ്തവര്‍ക്കും പൊതുവായ ആരാധനയ്ക്കാണ് സ്ഥാപിച്ചതെങ്കിലും കാലക്രമേണ ക്‌നാനായക്കാര്‍ മേല്‍ക്കൈ നേടുകയും അതേതുടര്‍ന്ന് മാര്‍തോമാ ക്രൈസ്തവര്‍ക്ക് മറ്റൊരു ആരാധനാലയം ആവശ്യമായി വരികയുമാണുണ്ടായത്. ഇതു തിരിച്ചറിഞ്ഞ തെക്കുകൂര്‍രാജാവ് 1579-ല്‍ കേരളീയ ദേവാലയസങ്കല്പങ്ങള്‍ക്ക് അനുഗുണമായി കോട്ടയം ചെറിയപള്ളി നിര്‍മ്മിച്ചു നല്കി. ഇതിന്റെ വാസ്തുപരമായ പ്രത്യേകതകള്‍ കേരളത്തിലെ മറ്റേതൊരു ക്രൈസ്തവ ദേവാലയത്തേക്കാളും മുന്നിലാണെന്ന് ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് മനസ്സിലാകും.

കേരള പൈതൃകത്തെക്കുറിച്ചുള്ള വിദേശഗ്രന്ഥങ്ങളില്‍പോലും ചെറിയപള്ളിയും അവിടുത്തെ മദ്ബഹയില്‍ വരച്ചുചേര്‍ത്തിട്ടുള്ള ചുവര്‍ച്ചിത്രങ്ങളും പരാമര്‍ശവിഷയമായിട്ടുണ്ട്. ക്രിസ്തുവിന്റെ ജീവിതത്തിലെ സന്ദര്‍ഭങ്ങള്‍ പ്രകൃതിദത്തമായ നിറങ്ങള്‍ ഉപയോഗിച്ച് ചാരുതയോടെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. കേരളത്തിലെ ക്രൈസ്തവസഭയില്‍ ആശയപരമായി ഉണ്ടായ ഭിന്നതകള്‍ക്കും പുത്തന്‍കാഴ്ചപ്പാടുകളുടെ ഉദയങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഈ ദേവാലയം നെസ്‌തോറിയന്‍, യാക്കോബായ, മാര്‍ത്തോമാ തുടങ്ങിയ വിശ്വാസധാരകളുടെ കേരളത്തിലെ വിളനിലമായിരുന്നു എന്നു വേണമെങ്കില്‍ പറയാം.

മാര്‍ ഗബ്രിയേല്‍ എന്ന ഒരു നെസ്‌തോറിയന്‍ പുരോഹിതന്‍ ചെറിയപള്ളിയില്‍ ഉണ്ടായിരുന്നതായും അദ്ദേഹം മരിച്ചപ്പോള്‍ അവിടെ കബറടക്കിയതായും അറിയാന്‍ കഴിയുന്നുണ്ട്. ഡച്ച് ഗവര്‍ണറായ വാന്‍ ഇന്‍ഹോഫ് താഴത്തങ്ങാടി സന്ദര്‍ശിച്ചപ്പോള്‍ ഈ പുരോഹിതനെ കണ്ടതായി അദ്ദേഹത്തിന്റെ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. താഴത്തങ്ങാടിയിലെ ക്രൈസ്തവ ആത്മീയജ്യോതിസ്സുകളായിരുന്ന പുന്നത്ര മാര്‍ ദിവന്ന്യാസ്യോസ് തിരുമേനിയും താഴത്ത് പുന്നത്ര ചാണ്ടപ്പിള്ള കത്തനാരും (താഴത്തച്ഛന്‍) ഈ മഹാദേവാലയത്തെ വളരെക്കാലം സേവിച്ചിരുന്നു.

കോട്ടയത്ത് വൈദികപഠനത്തിനായി സെമിനാരി സ്ഥാപിച്ചത് താഴത്തങ്ങാടിയുടെ വടക്കേയറ്റത്തുള്ള ഗോവിന്ദപുരം ഭാഗത്തായിരുന്നു. മീനച്ചിലാര്‍ വളഞ്ഞുപുളഞ്ഞൊഴുകുന്ന മനോഹരമായ പ്രകൃതിഭംഗിയോടുകൂടിയ ഈ പ്രദേശത്തിന്റെ മറുകരയിലാണ് അയ്മനവും മര്യാത്തുരുത്തും സ്ഥിതിചെയ്യുന്നത്. അരുന്ധതിറോയിയുടെ പ്രശസ്തമായ God of small things എന്ന കൃതിയില്‍ ഈ പ്രദേശത്തിന്റെ പ്രകൃതിരമണീയത വെളിവാക്കപ്പെടുന്നുണ്ട്. സഭാ നവീകരണത്തിനായി കോട്ടയത്തെത്തിയ ഇംഗ്ലീഷ് പാതിരിമാരുടെ സഹായത്തോടെ സ്ഥാപിക്കപ്പെട്ട പഴയ സെമിനാരി കൂടി സന്ദര്‍ശിച്ചാല്‍ മാത്രമേ താഴത്തങ്ങാടി സന്ദര്‍ശനം പൂര്‍ത്തിയാകൂ.

രാജഭരണകാലത്ത് തളിയന്താനപുരം ചന്ത സ്ഥിതി ചെയ്തിരുന്ന സ്ഥലം ഇപ്പോള്‍ പഴയചന്ത എന്നറിയപ്പെടുന്നു. തളിയില്‍കുന്നിനു കിഴക്കുമാറിയുള്ള ഈ സ്ഥലത്താണ് പ്രശസ്തമായ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി സ്ഥിതി ചെയ്യുന്നത്. ചെറിയപള്ളി വികാരിയായിരുന്ന താഴത്തച്ഛന്‍ സഭാനവീകരണ ആശയങ്ങളില്‍ ആകൃഷ്ടനായി മാര്‍ത്തോമ്മാ സഭയുടെ സ്ഥാപനത്തില്‍ പങ്കാളിയാകുകയും അദ്ദേഹത്തിന്റെ ശ്രമഫലത്താല്‍ സ്ഥാപിക്കപ്പെട്ടതുമാണ് ഈ പള്ളി. താഴത്തച്ഛന്‍ ഈ പള്ളിയോട് ചേര്‍ന്നാണ് കബറടക്കപ്പെട്ടിരിക്കുന്നത്.

ഇവിടെനിന്ന് അല്പം കിഴക്കുമാറിയാണ് കോട്ടയം സി.എസ്.ഐ. കത്തീഡ്രല്‍പള്ളി സ്ഥിതിചെയ്യുന്നത്. ആംഗ്ലിക്കന്‍ മിഷണറിമാരുടെ പ്രവര്‍ത്തനമണ്ഡലമായിരുന്ന ഇവിടെയാണ് കേരളത്തിലെ ആദ്യത്തെ അച്ചടിശാലയായ സി.എം.എസ്. പ്രസ് ബെഞ്ചമിന്‍ ബെയിലി സ്ഥാപിച്ചത്. ഇവിടെനിന്നും കിഴക്കോട്ടുള്ള പ്രദേശങ്ങളിലാണ് സി.എസ്.ഐ. സഭാകേന്ദ്രം, സി.എം.എസ്. കോളജ് എന്നിവ സ്ഥിതിചെയ്യുന്നത്. ഈ പ്രദേശങ്ങളുടെ വികസനമാകാം പിന്നീട് താഴത്തങ്ങാടി തകര്‍ന്നപ്പോള്‍ തിരുനക്കര വികസിക്കുവാന്‍ പ്രചോദനമായിത്തീര്‍ന്നത്.

പൗരസ്ത്യ ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായ കുരിശുപള്ളി താഴത്തങ്ങാടിയുടെ കിഴക്കുവശത്തുള്ള പുത്തനങ്ങാടിയില്‍ സ്ഥിതിചെയ്യുന്നു. താഴത്തങ്ങാടിയുടെ തകര്‍ച്ചയോടുകൂടി തളിയന്താനപുരം ചന്ത അവിടെനിന്നു മാറ്റി കൂടുതല്‍ സൗകര്യപ്രദമായി പുത്തനങ്ങാടിയില്‍ സ്ഥാപിക്കപ്പെടുകയാണുണ്ടായത്. സ്ഥലനാമം തന്നെ അങ്ങനെയാണുണ്ടായത്. മീനച്ചിലാറിനേയും കൊടൂരാറിനേയും ബന്ധിപ്പിച്ച് വെട്ടിയുണ്ടാക്കിയ പുത്തനങ്ങാടിത്തോട്ടില്‍നിന്ന് കണ്ടെടുത്ത ഒരു മരക്കുരിശാണ് കുരിശുപള്ളിയുടെ സ്ഥാപനത്തിനു കാരണം.

ഈ മരക്കുരിശിനെ എല്ലാവിഭാഗം ആള്‍ക്കാരും വണങ്ങി ആരാധിച്ചിരുന്നു. കാലക്രമേണ പള്ളി സ്ഥാപിച്ച് അതില്‍ പ്രതിഷ്ഠിച്ചു. തികച്ചും കേരളീയമായ ആരാധനാസങ്കല്പങ്ങള്‍ക്ക് അനുഗുണമായിരുന്നു ഇവിടുത്തെ ആചാരങ്ങള്‍. അഭിവന്ദ്യനായ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ കാലത്ത് അദ്ദേഹം തന്നെ നേതൃത്വം കൊടുത്ത് മരക്കുരിശിന്റെ സ്ഥാനത്ത് കല്‍ക്കുരിശ് സ്ഥാപിച്ചു. ഇത് മദ്ബഹായിലാണുള്ളത്. സെന്റ് തോമസ് പുണ്യവാളന്റെ പേരിലാണ് ഈ പള്ളി അറിയപ്പെടുന്നത്. നാനാജാതി മതസ്ഥര്‍ക്ക് ഒരേപോലെ ആരാധിക്കുന്ന ഒരു മഹാദേവാലയമാണിത്. ദൂരദേശങ്ങളില്‍നിന്നുപോലും നിരവധി തീര്‍ത്ഥാടകര്‍ ഇവിടെ ദിനംപ്രതി എത്തിച്ചേരുന്നുണ്ട്.

കോട്ടയം വലിയപള്ളിയില്‍നിന്ന് ഒരു വിഭാഗം മാറിപ്പോയി ചെറിയപള്ളിയില്‍ ആരാധന തുടങ്ങിയെങ്കില്‍  പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം കത്തോലിക്കാവല്‍ക്കരണത്തിന്റെ നാളുകളില്‍ ക്‌നാനായ വിഭാഗത്തില്‍നിന്ന്  ഭിന്നിച്ചു പോയവര്‍ പുതുതായി സ്ഥാപിച്ച പളളിയാണ് ഇടയ്ക്കാട്ട് ഫെറോനാപള്ളി. രൂപസൗകുമാര്യത്തിന് ഒട്ടും കുറവില്ലാത്ത ഈ പള്ളി വലിയപള്ളിയോടു ചേര്‍ന്നുതന്നെ ആറ്റുതീരത്തായി സ്ഥിതിചെയ്യുന്നു. കോട്ടയം രൂപതയുടെ കീഴിലുള്ള പ്രധാനപള്ളികളിലൊന്നാണിത്.

ഈ ക്രൈസ്തവ ദേവാലയങ്ങള്‍ കൂടാതെ റോമന്‍ കത്തോലിക്കാ വിഭാഗത്തിന്റെ തിരുഹൃദയപള്ളി, പുത്തന്‍പള്ളി സെമിത്തേരി, മാര്‍ ബസേലിയോസ് പള്ളി, സിംഹാസനപ്പള്ളി എന്നിവ താഴത്തങ്ങാടി പ്രദേശത്തുതന്നെ സ്ഥിതിചെയ്യുന്നു. ഈ പള്ളികളിലെല്ലാം ആരാധന നടത്തുന്ന എല്ലാ വിഭാഗം ക്രൈസ്തവരും പര്‌സപരം ഇടപഴകിയും മറ്റുള്ളവരോട് സൗഹാര്‍ദ്ദത്തോടെയുമാണ് കഴിഞ്ഞുവരുന്നത്. തങ്ങളുടെ പൂര്‍വ്വികപാരമ്പര്യത്തില്‍ അങ്ങേയറ്റം അഭിമാനം കൊള്ളുകയും അതിനുകാരണമായിത്തീര്‍ന്ന സാംസ്‌കാരികധാരയെ തിരിച്ചറിയുകയും ചെയ്യുന്നവരാണ് ഇവരെല്ലാം.

താഴത്തങ്ങാടി ആലുംമൂട് കവലയ്ക്ക് വടക്കുമാറി ആറ്റുതീരത്തുള്ള വഴിയോരത്ത് ഒരു കൂറ്റന്‍ കല്‍ക്കുരിശുകാണാം. പ്രദേശവാസികള്‍ ഇതിന്റെ ചുവട്ടില്‍ മെഴുകുതിരി കത്തിച്ചുവച്ച് പ്രാര്‍ത്ഥിക്കുന്ന കാഴ്ച സന്ധ്യാനേരങ്ങളില്‍ ഇതുവഴി സഞ്ചരിക്കുന്നവര്‍ ശ്രദ്ധിക്കാതിരിക്കില്ല. ഈ കുരിശിന് ഒരു പ്രത്യേകതയുണ്ട്. കേരളത്തില്‍ എത്രതരത്തിലുള്ള ക്രൈസ്തവസഭകളുണ്ടോ അവയില്‍ പെട്ടവര്‍ക്കെല്ലാം ആരാധിക്കുവാന്‍ സ്ഥാപിച്ച കുരിശാണിത്. ലോകത്തെവിടെയെങ്കിലും ഒരു കുരിശ് സ്ഥാപിക്കപ്പെട്ടാല്‍ അതിന് ഏതെങ്കിലും ഒരു സഭയുടെ ഉടമസ്ഥാവകാശം ഉണ്ടായിരിക്കും. ഇതങ്ങനെയല്ല എന്നതുകൊണ്ടുതന്നെ ലോകശ്രദ്ധ ആകര്‍ഷിക്കേണ്ടതാണ്. സഭാവൈരുദ്ധ്യങ്ങള്‍ കൂടുതല്‍ മൂര്‍ച്ഛിക്കുന്ന ഇക്കാലത്ത് ഈ കുരിശ് ഒരു എക്യുമെനിക്കല്‍ സ്മാരകം എന്ന നിലയില്‍ കാത്തുസൂക്ഷിക്കേണ്ടതാണ്. പ്രസിദ്ധമായ താഴത്തുവീട്ടിലെ ചാണ്ടിപ്പിള്ള തരകന്‍ എന്ന ക്രൈസ്തവപ്രമാണിയുടെ നേതൃത്വത്തില്‍ ഒരു നൂറ്റാണ്ടിനുമുമ്പ് ചെങ്ങന്നൂരില്‍ പണി കഴിപ്പിച്ച് കൊണ്ടുവന്നു സ്ഥാപിച്ചതാണ് ഈ കുരിശ്.

(തുടരും..)

സംസ്‌കാരങ്ങളുടെ സംഗമഭൂവില്‍ (ഒന്നാം ഭാഗം)

We use cookies to give you the best possible experience. Learn more