‘മല്ലിയോട്ട് പാലോട്ട് കാവില്‍ ഉത്സവകാലത്ത് കച്ചവടം ചെയ്യാനും മുസ്‌ലിങ്ങള്‍ക്ക് അവകാശമുണ്ടായിരുന്നു. മേടം അഞ്ചാം തീയതി മല്ലിയോട്ടെ അറപ്പറമ്പിന് താഴെ വയലില്‍ മത്സ്യക്കച്ചവടം നടക്കും. കുഞ്ഞിമംഗലത്ത് പെണ്ണ് കെട്ടിയ പുതിയാപ്പിളമാര്‍ പെരുന്നാളിന് മാത്രമല്ല, വിഷുവിനും കോടിത്തുണി വാങ്ങണം. മല്ലിയോട്ടെ ചന്തപ്പറമ്പില്‍ നിന്ന് തിരുത മീനും വാങ്ങണം’ കുഞ്ഞിമംഗലംകാരനായ ചരിത്രഗവേഷകന്‍ ഡോ. വൈ.വി കണ്ണന്റെ ‘കനലാടി മനസ്സ് -തെയ്യ പ്രബന്ധങ്ങള്‍’ എന്ന, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകത്തിലെതാണ് മേല്‍ ഉദ്ധരണി.
ഇവിടെ നിന്നും മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്കിന് ‘ഉത്സവകാലങ്ങളില്‍ അമ്പലപ്പറമ്പില്‍ മുസ്‌ലിങ്ങള്‍ക്ക് പ്രവേശനമില്ല’ എന്ന അറിയിപ്പ് ബോര്‍ഡിലേക്കുള്ള ചരിത്രത്തിന്റെ വഴികള്‍ ഒട്ടും പ്രകാശമാനമോ പുരോഗമനപരമോ അല്ല. കുഞ്ഞിമംഗലം ജുമുഅത്ത് പള്ളിക്ക് ചെമ്മട്ടിലാ പള്ളി എന്നും പേരുണ്ട്. ചെമ്മട്ടിലാ തെരുവിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഈ പള്ളിയുടെ പ്രസിഡന്റും ഒപ്പം കുഞ്ഞിമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കാരണവരുമായിരുന്ന ചാണത്തലയന്‍ എന്ന മുസ്‌ലിം തറവാട്ടിലെ സി മുഹമ്മദ് കുഞ്ഞിയെയും പരാമര്‍ശിക്കുന്നുണ്ട് കണ്ണന്‍ മാസ്റ്ററുടെ പുസ്തകത്തില്‍.
ചാണത്തലയന്‍ മുസ്‌ലിം കുടുംബമാണ് മുച്ചിലോട്ട് ക്ഷേത്ര പരിസരസ്ഥലം ക്ഷേത്രത്തിന് നല്‍കിയത്. അതേസമയം പണ്ട് ചെമ്മട്ടിലാ കാട് ആയിരുന്ന ജുമുഅത്ത് പള്ളി നിലകൊള്ളുന്ന സ്ഥലം സംഭാവന ചെയ്തത് കുളങ്ങരത്ത് നായര്‍ തറവാട്ടുകാരാണ്. കേരളത്തിലെ ഹിന്ദു-മുസ്‌ലിം ആദാനപ്രദാനങ്ങളുടെ ചരിത്രത്തില്‍ വലിയ സ്ഥാനമുള്ള പ്രദേശമാണ് കുഞ്ഞിമംഗലം.
ഇത് ഒരു വശം. മറുവശത്ത് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലും സവിശേഷമായ ഇടം കുഞ്ഞിമംഗലത്തിന് ഉണ്ട്. പാര്‍ട്ടി ഗ്രാമം എന്ന് ഔദ്യോഗികമോ അനൗദ്യോഗികമോ ആയ വിശേഷണമൊന്നും ഇല്ലെങ്കിലും കുഞ്ഞിമംഗലം നാട് കമ്യൂണിസ്റ്റാണ്. അവിടുത്തെ പഞ്ചായത്ത് ഭരണസമിതിയില്‍ ഒന്നോ രണ്ടോ മുസ്‌ലിം ലീഗുകാരൊഴിച്ചാല്‍ ബാക്കി മുഴുവനും സി.പി.ഐ.എമ്മുകാരോ അവരുടെ സഖ്യകക്ഷികളോ ആണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്കൊന്നും ഒരു വാര്‍ഡ് പോലും ഇന്നേവരെ അവിടെ നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.
മല്ലിയോട്ട് പാലോട്ട് കാവ് ക്ഷേത്രസമിതിയിലും ഉത്സവക്കമ്മിറ്റിയിലുമൊക്കെ സ്വാഭാവികമായും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാരോ അനുഭാവികളോ തന്നെയാണ് ഉണ്ടാവുക എന്നും ഇതെഴുതുന്നയാള്‍ കരുതുന്നു.
ഈ ബോര്‍ഡിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ആദ്യം കണ്ടപ്പോള്‍ ഉണ്ടായ അസ്വാസ്ഥ്യം, അത് കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്കിന്റെ സന്ദര്‍ഭത്തിലാണെന്ന് കണ്ടപ്പോള്‍ ഭയം കലര്‍ന്ന അത്്ഭുതമായി മാറി. അവിശ്വസനീയമായിത്തോന്നിയതിനാല്‍ ജമാല്‍ കടന്നപ്പള്ളിയെ വിളിച്ച് ഉറപ്പ് വരുത്തി.
ഹറമിലെ അമുസ്‌ലിം പ്രവേശന നിരോധവുമായി താരതമ്യം ചെയ്യാനിറങ്ങിപ്പുറപ്പെട്ടിട്ടുണ്ട് ചിലര്‍. ആ നിരോധവുമായി ബന്ധപ്പെട്ട എന്റെ നിലപാട് ഇവിടെ പലവട്ടം പറഞ്ഞതാണ്. അതിന് പക്ഷേ ഇവിടെ പ്രസക്തിയൊന്നുമില്ല. ഒരു പ്രത്യേക സമുദായത്തിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള ബോര്‍ഡല്ല അവിടെയുള്ളത്.
അഹിന്ദുക്കള്‍ പ്രവേശിക്കരുത് എന്നോ വിശ്വാസികളല്ലാത്തവര്‍ പ്രവേശിക്കരുത് എന്നോ എഴുതിയാല്‍ അതൊരു പ്രശ്‌നമാകുമായിരുന്നില്ല. എന്നല്ല, ഒരു മതാചാരസ്ഥലത്ത് അപ്രകാരം എഴുതിവെക്കാനുള്ള അവകാശത്തെയും തത്കാലം ആരും ചോദ്യം ചെയ്യാനൊന്നും പോകുന്നില്ല.
നുഴഞ്ഞു കയറിയ സംഘികളുടെ വേലയാണിത് എന്ന് വിശദീകരിക്കുന്ന ചില സഖാക്കളുമുണ്ട്.
പക്ഷേ, കുഞ്ഞിമംഗലത്ത് സംഘികള്‍ ഉണ്ടാവുക എന്നത് തന്നെ ചരിത്രത്തിന്റെ വലിയൊരു തകര്‍ച്ചയാണ്. ദേശത്തെയാണോ പാര്‍ട്ടിയെയാണോ സംഘിത്വം എന്ന സാംക്രമികവ്യാധി ബാധിച്ചിട്ടുള്ളത് എന്നേ ചിന്തിക്കേണ്ടതുള്ളൂ. ചുവപ്പ് വല്ലാതെ നരച്ചിരിക്കുന്നു, അതിലെ കാവിത്വം കണ്ണില്ലാത്തവര്‍ക്ക് പോലും പ്രത്യക്ഷമായിത്തുടങ്ങിയിരിക്കുന്നു എന്ന് ഇവിടെ എടുത്തു പറയേണ്ടി വരുന്നത് തീര്‍ച്ചയായും അത്യധികം ഖേദത്തോടു കൂടിത്തന്നെയാണ്. എങ്ങോട്ടേക്കാണ് നമ്മുടെ പോക്ക്?
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക