| Tuesday, 24th August 2021, 11:26 am

ദേശീയ പതാകയുടെ ചരിത്രമെങ്കിലും ചരിത്ര ഗവേഷകന്‍ പഠിക്കണം; മലബാര്‍ സമരത്തില്‍ ദേശീയ പതാകയുണ്ടായിരുന്നില്ലെന്ന സി.ഐ. ഐസകിന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മലബാര്‍ സമരത്തില്‍ ദേശീയ പതാകയുയര്‍ത്തിയിട്ടില്ലെന്നും ഖിലാഫത്തുകാര്‍ നടത്തിയ ‘മാപ്പിള കലാപങ്ങള്‍’ സ്വാതന്ത്ര്യസമരമല്ലെന്നുമുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗം ഡോ. സി.ഐ. ഐസകിന്റെ പ്രസ്താവനക്കെതിരെ വ്യാപക വിമര്‍ശനം.

മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു 1921ലെ മലബാര്‍ സമരത്തില്‍ പങ്കെടുത്ത 387 പേരെ സ്വാതന്ത്ര്യസമര ചരിത്രപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ ന്യായീകരിച്ചുകൊണ്ട് സി.ഐ. ഐസക് ഇത്തരത്തില്‍ സംസാരിച്ചത്.

‘മാപ്പിള കലാപം ഒരിക്കലും സ്വാതന്ത്ര്യസമരമായിരുന്നില്ല. 1836 മുതല്‍ 1921 വരെ 43 മാപ്പിള കലാപങ്ങള്‍ മലബാര്‍ ഭാഗത്തുണ്ടായിട്ടുണ്ട്. ഇതിന്റെ എല്ലാം കാരണം മത അസഹിഷ്ണുതയായിരുന്നു. മതത്തിലേക്ക് ബലമായി ആളുകളെ പരിവര്‍ത്തനം നടത്തുകയും അതിന് തയ്യാറാകാത്തവരെ കൊല ചെയ്യുകയും ചെയ്ത സംഭവങ്ങളാണത്. അതിലെ ഏറ്റവും വലിയ കലാപമായിരുന്നു 1921ല്‍ നടന്നത്.

ഇത് ഒരിക്കലും സ്വതന്ത്ര്യസമരമായിരുന്നില്ല. തുര്‍ക്കിയിലെ ഖലീഫയെ ഒന്നാം ലോക മഹായുദ്ധ സമയത്ത് ബ്രിട്ടീഷുകാര്‍ സ്ഥാനഭ്രഷ്ടനാക്കി എന്നു പറഞ്ഞുകൊണ്ടാണ് ഇത് തുടങ്ങുന്നത് തന്നെ. കേരളത്തിലെ മലപ്പുറം ജില്ലയില്‍ അരങ്ങേറിയ നരഹത്യ മലബാറില്‍ ഒരു ഖിലാഫത്ത് അതായത് മുസ്‌ലിം രാജ്യം ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നു. ആ സമരത്തില്‍ പങ്കെടുത്തവര്‍ ഹിന്ദുക്കളെ ഏകപക്ഷീയമായി കൊലപ്പെടുത്തി. 7000ത്തോളം ഹിന്ദുക്കള്‍ ഈ കാലഘട്ടത്തില്‍ മരിച്ചു.

ബ്രിട്ടീഷുകാര്‍ ലഹളകള്‍ അടിച്ചമര്‍ത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നു. ഒരിക്കല്‍ പോലും ഈ കലാപകാരികളാരും ദേശീയ പതാകയുയര്‍ത്തുകയോ ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന് പറയുകയോ ചെയ്തിട്ടില്ല. അവര്‍ ഖിലാഫത്ത് പതാകയുയര്‍ത്തുകയും ഖിലാഫത്ത് സ്ഥാപിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്തത്. അതുകൊണ്ട് ഇതൊരിക്കലും സ്വാതന്ത്ര്യസമരമായി കണക്കാനാവില്ല,’ സി.ഐ. ഐസക് പറഞ്ഞു.

ഐസകിന്റെ പ്രസ്താവന ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നാണ് ഇപ്പോള്‍ വ്യാപക വിമര്‍ശനമുയരുന്നത്. ഇന്ത്യക്ക് ഔദ്യോഗികമായി ഒരു ദേശീയ പതാകയുണ്ടാകുന്നത് 1947 ജൂലൈയിലാണ്. അതിനുമുന്‍പ് അനൗദ്യോഗികമായെങ്കിലും കോണ്‍ഗ്രസ് പതാകയെ ദേശീയ പതാകയെന്ന വികാരത്തോടെ കാണുന്നത് 1923ല്‍ മാത്രമാണെന്നുമാണ് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്.

അതിനും രണ്ട് വര്‍ഷം മുന്‍പ് 1921ല്‍ നടന്ന മലബാര്‍ സമരത്തില്‍ ദേശീയ പതാകയുയര്‍ത്തിയില്ലെന്ന് പറഞ്ഞ് സമരത്തെ ആക്ഷേപിക്കുന്നത് വിഡ്ഢിത്തമാണെന്നാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്. ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗമെന്ന നിലയില്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ ചരിത്രമെങ്കിലും ഡോ. സി.ഐ. ഐസക് മനസിലാക്കണമായിരുന്നെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

1906ലാണ് കൊല്‍ക്കത്ത ഫ്‌ളാഗ് എന്നറിയപ്പെടുന്ന ഒരു പതാക ദേശീയ സമരങ്ങളില്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നത്. ഈ പതാക ചില കോണ്‍ഗ്രസ് വാര്‍ഷികയോഗങ്ങളില്ലാതെ പിന്നീട് ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകളില്ല.

1097ല്‍ ബികാജി കാമ എന്ന നേതാവ് ജര്‍മനിയില്‍ ഉയര്‍ത്തിയ, പിന്നീട് ‘ബെര്‍ലിന്‍ പതാക’ എന്നറിയപ്പെട്ട പതാക യൂറോപ്പിലെത്തിയ ഇന്ത്യക്കാര്‍ക്കിടയില്‍ പ്രചാരം നേടിയെങ്കിലും ഇന്ത്യയിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തിരുന്നില്ല.

പിന്നീട് ആനി ബസന്റിന്റെയും ബാല്‍ ഗംഗാധര്‍ തിലകിന്റെയും നേതൃത്വത്തില്‍ ‘ഹോം റൂള്‍ പതാക’ പ്രചാരത്തില്‍ കൊണ്ടുവന്നെങ്കിലും പതാകയില്‍ ബ്രിട്ടീഷ് പതാകയ്ക്ക് വലിയ പ്രധാന്യം നല്‍കിയിരുന്നതുകൊണ്ട് തന്നെ ഇതിന് ദേശീയപതാകയെന്ന അംഗീകാരം ലഭിച്ചിരുന്നില്ല.

1921ലാണ് ഇന്നത്തെ ദേശീയ പാതകയോട് സാമ്യമുള്ള ഒരു പതാക നിലവില്‍ വരുന്നത്. ഗാന്ധിയുടെ നിര്‍ദേശപ്രകാരം പിങ്കളി വെങ്കയ്യ നായിഡുവായിരുന്നു ഈ പതാക രൂപകല്‍പന ചെയ്തത്. പിന്നീട് പല തവണ മാറ്റങ്ങള്‍ വരുത്തിയ ഈ പതാക 1923ലാണ് സ്വരാജ് പതാക എന്ന പേരില്‍ കൂടുതല്‍ അംഗീകാരം നേടുന്നത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് 1931ലാണ് കോണ്‍ഗ്രസ് പോലും ഈ പതാകയെ ഔദ്യോഗികമായി അംഗീകരിക്കുന്നത്.

എന്നാല്‍ ഇന്ന് കാണുന്ന ത്രിവര്‍ണ പതാക രൂപപ്പെടുന്നതും ഇന്ത്യയുടെ ദേശീയ പതാകയായി ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതും 1947 ജൂലൈ 22നാണ്.

ദേശീയ പതാകയുടെ ഈ ചരിത്രം ചൂണ്ടിക്കാട്ടിയാണ് ഐസകിന്റെ പ്രസ്താവനയിലെ വസ്തുതാവിരുദ്ധതയെ നിരവധി പേര്‍ ചോദ്യം ചെയ്യുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: History of National Flag, Dr. C I Isac’s controversial comment about 1921 Malabar Revolt

Latest Stories

We use cookies to give you the best possible experience. Learn more