മലയാളം കണ്ടതില്‍വെച്ച് ഏറ്റവും വലിയ തൊഴിലാളി സമരത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ചരിത്രമുറങ്ങുന്ന, ഭരണകൂടത്തിന്റെ വെടിയുണ്ടകള്‍ക്ക് മുന്നില്‍ പതറാതെ പിടിച്ചുനിന്ന തൊഴിലാളി വര്‍ഗത്തിന്റെ ചോരവീണ് ചുവന്ന മണ്ണാണ് മട്ടാഞ്ചേരിയുടേത്. ആ മട്ടാഞ്ചേരിയുടെ മണ്ണില്‍ മനുഷ്യത്വ വിരുദ്ധമായ തൊഴില്‍ ചൂഷണങ്ങള്‍ക്ക് വിധേയമായ തൊഴിലാളികളുടെയും പട്ടിണിയിലേക്ക് ആഴ്ന്നുപോയ അവരുടെ കുടുംബങ്ങളുടെയും കഥ പറയുന്ന സിനിമയാണ് രാജീവ് രവിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തുറമുഖം.
നിവിന്‍ പോളി, പൂര്‍ണിമ ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, നിമിഷ സജയന്‍. ദര്‍ശന രാജേന്ദ്രന്‍ തുടങ്ങി പ്രമുഖ താരനിരയും അവര്‍ക്കൊപ്പം മറ്റ് പല താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. എന്നാല്‍ ഈ തൊഴിലാളി പോരാട്ടത്തിന്റെ ചരിത്രത്തില്‍ കേരള സമരചരിത്രത്തില്‍ വേണ്ടവിധത്തില്‍ അടയാളപ്പെടുത്തിയിട്ടില്ല. തുറമുഖം എന്ന പേരില്‍ കെ.എം.ചിദംബരം തിരക്കഥ എഴുതി സംവിധാനം ചെയ്ത നാടകം മാത്രമാണ് ഈ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഏക കലാസൃഷ്ടി എന്നാണ് ചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്.
ആ നാടകത്തിന്റെ സിനിമാവിഷ്‌കാരമായാണ് രാജീവ് രവി തുറമുഖവുമായി തിയേറ്ററുകളിലെത്തുന്നത്. കെ.എം.ചിദംബരത്തിന്റെ മകനായ ഗോപന്‍ ചിദംബരമാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ഒരു നേരത്തെ അന്നത്തിന് വേണ്ടി മൂപ്പന്മാരും അവരുടെ കങ്കാണിമാരും എറിഞ്ഞ് തരുന്ന എല്ലിന്‍ കഷ്ണം പോലെയുള്ള ചാപ്പക്ക് മുമ്പില്‍ കാത്തിരിക്കേണ്ടി വന്ന സമര സഖാക്കളുടെ പുകയുന്ന ജീവിതം അടയാളപ്പെടുത്തുന്നതോടൊപ്പം തന്നെ, 1928നും 1953നും ഇടയിലുള്ള മട്ടാഞ്ചേരിയുടെ മറ്റ് ചരിത്രങ്ങളെ കൂടി അടയാളപ്പെടുത്താന്‍ സിനിമ ശ്രമിക്കുന്നുണ്ട്.
ജൂത ചരിത്രം, മൈസൂര്‍ കല്യാണം അതോടൊപ്പം തന്നെ ആ കാലഘട്ടത്തിലെ സ്ത്രീകളുടെ അവസ്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരോധനം തുടങ്ങി നിരവധി ചരിത്രം രാജീവ് രവി പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് അവതരിപ്പിക്കുന്നുണ്ട്.
വന്ന് ചേരുന്ന ഇടങ്ങളിലെല്ലാം പണത്തിന്റെ കേന്ദ്രമായി മാറുന്ന ജൂത ചരിത്രം സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. ജൂത ചരിത്രം പരിശോധിക്കുമ്പോള്‍ ഇത് കൃത്യമായി മനസിലാക്കാന്‍ സാധിക്കും. അതായത് വിഭാഗത്തില്‍പ്പെട്ടവര്‍ അധിവസിക്കുന്ന ഇടങ്ങളിലെല്ലാം തന്നെ പണത്തിന്റെ കുത്തക അവരുടെ കൈവശമായിരിക്കും. പ്രത്യേകിച്ച് ആ കാലഘട്ടത്തില്‍ മാട്ടാഞ്ചേരിയില്‍ ജീവിച്ചിരുന്ന ജൂതവിഭാഗത്തിന് ചരിത്രത്തില്‍ പ്രത്യേക പ്രാധാന്യവുമുണ്ട്.
തുറമുഖത്തിലേക്ക് വരുമ്പോള്‍, സാമ്പത്തികമായി പ്രതിസന്ധികളില്‍ അകപ്പെടുന്നവരെല്ലാം പണം കടം വാങ്ങാനായി ഓടിയെത്തുന്നത് ഒരു ജൂത സ്ത്രീയുടെ അടുത്താണ്. എന്നാല്‍ അതിനുമപ്പുറത്തേക്ക് ആ ഒരു ചരിത്രത്തെ സിനിമക്ക് അടയാളപ്പെടുത്താന്‍ കഴിയുന്നുണ്ടോ എന്നത് സംശയമാണ്.
മൈസൂര്‍ കല്യാണം
തുറമുഖം കഥപറയുന്ന കാലഘട്ടത്തിലുണ്ടായിരുന്ന ഒരു പ്രധാന സമ്പ്രദായമായിരുന്നു മൈസൂര്‍ കല്യാണം. ഒരോ മൈസൂര്‍ കല്യാണത്തിനും പറയാനുള്ളത് ദുരനുഭവങ്ങളുടെ കഥയാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുസ്‌ലിം കുടുംബങ്ങളിലെ സ്ത്രീകളെ കുറഞ്ഞ സ്ത്രീധനം വാങ്ങി മൈസൂര്‍, ബെംഗളൂരു, മാണ്ഡ്യ എന്നീ പ്രദേശങ്ങളില്‍ നിന്നെത്തുന്ന പുരുഷന്മാര്‍ വിവാഹം ചെയ്യുന്ന സമ്പ്രദായത്തെയാണ് മൈസൂര്‍ കല്യാണങ്ങളെന്ന് വിളിച്ചിരുന്നത്.
വ്യാജ മേല്‍വിലാസവും മറ്റും നല്‍കി ദല്ലാളന്‍മാര്‍ വഴിയാണ് ഇത്തരം കല്യാണങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഇതിന്റെ അന്തര ഫലം ഉപേഷിക്കപ്പെടുന്ന, മാറാവ്യാധികളില്‍ കുഴങ്ങുന്ന സ്ത്രീകളാണ്. വിവാഹം കഴിഞ്ഞ് മൂന്ന് നാല് മാസത്തിനുള്ളില്‍ സ്വര്‍ണവും പണവുമൊക്കെ കൈക്കലാക്കി സ്ത്രീകളെ ഉപേഷിക്കുന്ന രീതിയാണ് മൈസൂര്‍ കല്യാണം.
തുറമുഖം സിനിമയില്‍ ദര്‍ശന രാജേന്ദ്രന്‍ അവതരിപ്പിക്കുന്ന കാച്ചി എന്ന കഥാപാത്രം മൈസൂര്‍ കല്യാണവും അതിന്റെ ദുരന്ത ഫലം ജീവിതത്തിലുടനീളം അനുഭവിക്കേണ്ടി വന്ന സ്ത്രീകളെയും ആവിഷ്‌കരിക്കുന്നതിന് വേണ്ടി മനപൂര്‍വം തന്നെ അവതരിപ്പിച്ചിട്ടുള്ളതാണ്.
മട്ടാഞ്ചേരിയിലെ വെടിവെപ്പും അതിന്റെചരിത്രവും അടയാളപ്പെടുത്തുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം കൂടി അടയാളപ്പെടുത്തേണ്ടതുണ്ട്. കാലഘട്ടത്തിനെ സൂചിപ്പിക്കുന്നതിന് വേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരോധനവും രാജീവ് രവി തന്റെ സിനിമയിലൂടെ അവതരിപ്പിക്കുന്നുണ്ട്.