| Sunday, 29th November 2020, 7:23 pm

ആത്മീയപ്രവര്‍ത്തകര്‍ക്ക് 'കൃത്രിമത്വങ്ങള്‍ ചെയ്യാന്‍ ട്രെയിനിംഗ് നല്‍കുന്ന' ബിലീവേഴ്‌സ് ചര്‍ച്ച്‌

ഷഫീഖ് താമരശ്ശേരി

ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ വിദേശത്ത് നിന്നെത്തിച്ച പണം വകമാറ്റി ചെലവഴിച്ച ക്രമക്കേടുകളുമായി ബന്ധപ്പെട്ട് തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതിവകുപ്പ് നടത്തിയ റെയ്ഡില്‍ കോടികളുടെ അനധികൃത പണമാണ് ഇതുവരെ പിടിക്കപ്പെട്ടത്. ഇതെ തുടര്‍ന്ന് കെ.പി യോഹന്നാന്‍, ബിലീവേഴ്‌സ് ചര്‍ച്ച് എന്നീ പേരുകള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പല സ്ഥാപനങ്ങളിലായി നടന്ന റെയ്ഡുകളില്‍ നിന്നായി പതിനാലര കോടിയോളം രൂപ ഇതിനകം പിടിച്ചെടുത്തു കഴിഞ്ഞു. തിരുവല്ലയില്‍ നടന്ന റെയ്ഡില്‍ അതി നാടകീയമായ രംഗങ്ങളും അരങ്ങേറിയിട്ടുണ്ട്.

ബിലീവേഴ്‌സ് ചര്‍ച്ചിലെ സഭാ വക്താവും മെഡിക്കല്‍ കോളേജ് മാനേജരുമായ ഫാ. സിജോ പണ്ടപ്പിള്ളി റെയ്ഡിനിടെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത തന്റെ ഐ ഫോണ്‍ തട്ടിപ്പറിച്ചോടുകയും ബാത്ത്‌റൂമിലെ ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ ഇത് തടഞ്ഞെങ്കിലും അദ്ദേഹം ഫോണ്‍ തറയിലെറിഞ്ഞ് തകര്‍ക്കുകയുണ്ടായി. സ്ഥലത്തുണ്ടായിരുന്ന ഒരു പെന്‍ഡ്രൈവ് നശിപ്പിക്കാന്‍ മറ്റൊരു ജീവനക്കാരിയും ശ്രമിച്ചു.

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പല സ്ഥാപനങ്ങളിലേക്കായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറായിരം കോടി രൂപയാണ് വിദേശത്ത് നിന്നെത്തിയതെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ വിദേശത്തുള്ള സഭാ സ്ഥാപകനായ കെ.പി യോഹന്നാനെയും പ്രധാന ചുമതല വഹിക്കുന്ന ഫാദര്‍ ഡാനിയല്‍ വര്‍ഗീസിനെയും രാജ്യത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്. ഇവരെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കു എന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം കള്ളപ്പണം സൂക്ഷിച്ചിരുന്ന സംഭവത്തില്‍ ഫാദര്‍ സിജോ പന്തപ്പള്ളിലിനെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കേന്ദ്ര വിദേശ സഹായ നിയന്ത്രണ നിയമമായ എഫ്.സി.ആര്‍.എ അട്ടിമറിച്ച് റിയല്‍ എസ്റ്റേറ്റ് മേഖയിലും മറ്റ് വ്യവസായങ്ങളിലും വന്‍ തുക കെ.പി യോഹന്നാന്‍ ചെലവഴിച്ചിട്ടുണ്ട് എന്നാണ് ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച ചില നിര്‍ണായക രേഖകളും ഇതുവരെ നടന്ന പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായിട്ടുണ്ട്. ആദായ നികുതി വകുപ്പ് കണ്ടെത്തിയ രേഖകളും തെളിവുകളും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയേക്കുമെന്നും വിവരങ്ങളുണ്ട്.

ആത്മീയരംഗത്ത് പ്രവര്‍ത്തനമാരംഭിച്ച് ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കെട്ടിട സമുച്ഛയങ്ങളും റിയല്‍ എസ്റ്റേറ്റ് വ്യാപാരവുമടക്കം കോടികളുടെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത ബിലീവേഴ്‌സ് ചര്‍ച്ച് എന്ന സ്ഥാപനവും അതിന്റെ സാരഥിയായ കെ.പി യോഹന്നാനും എങ്ങിനെയാണ് ഈ രീതിയിലേക്ക് വളര്‍ന്നതെന്ന് പരിശോധിക്കുയാണിവിടെ.

താറാവ് കച്ചവടക്കാരനില്‍ നിന്നും സുവിശേഷ പ്രാസംഗികനിലേക്ക്

അപ്പര്‍കുട്ടനാട്ടിലെ നിരണത്ത് കടപ്പിലാരില്‍ വീട്ടില്‍ ചാക്കോ പുന്നൂസിന്റെ മകനായി 1950 ലാണ് കടപ്പിലാരില്‍ പുന്നൂസ് യോഹന്നാന്‍ എന്ന കെ.പി യോഹന്നാന്‍ ജനിച്ചത്. മാര്‍ത്തോമ വിശ്വാസികളായ ചാക്കോയുടെ കുടുംബത്തിന് അക്കാലത്ത് താറാവ് വളര്‍ത്തലായിരുന്നു പ്രധാന വരുമാന മാര്‍ഗം.

പിതാവിനോടൊപ്പം താറാവ് കൃഷിയിലേര്‍പ്പെട്ടിരുന്ന യോഹന്നാന്റെ ജീവിതം വഴിതിരിച്ചുവിടുന്നത് ഡബ്ല്യു.എ ക്രിസ്വെല്‍ എന്ന അമേരിക്കക്കാരനാണ്. ക്രിസ്വെലിനൊപ്പം അമേരിക്കയിലെത്തിയ യോഹന്നാന്‍ അവിടെ വൈദിക പഠനത്തില്‍ ഏര്‍പ്പെട്ടു. അവിടെ നിന്നാണ് യോഹന്നാന്റെ ‘ആത്മീയ യാത്ര’ ആരംഭിക്കുന്നത്. അമേരിക്കയില്‍ വെച്ച് കണ്ടുമുട്ടിയ ജര്‍മന്‍ സ്വദേശിനിയായ ഗസാലയെ 1974ല്‍ ജീവിത പങ്കാളിയാക്കി. ശേഷം ഇരുവരും ഒരുമിച്ചായിരുന്നു സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്.

കെ.പി യോഹന്നാന്‍

നീണ്ട കാലത്തെ പ്രവാസത്തിനു ശേഷം കെ.പി യോഹന്നാനും കുടുംബവും 1983 ല്‍ തിരുവല്ല നഗരത്തിന് സമീപമുള്ള മാഞ്ഞാടിയില്‍ ഗോസ്പല്‍ ഏഷ്യ എന്ന പേരില്‍ ഒരു ആത്മീയ സ്ഥാപനം കെട്ടിപ്പൊക്കി. സഹോദരങ്ങളായ കെ.പി ചാക്കോ, കെ.പി മാത്യൂസ് എന്നിവരോടൊപ്പമായിരുന്നു ട്രസ്റ്റ് ആരംഭിച്ചത്. നിരവധി സംരഭങ്ങള്‍ പിന്നീട് കെ.പി യോഹന്നാന്റെ നേതൃത്വത്തില്‍ വന്നു. സുവിശേഷ പ്രഘോഷണത്തിനായുളള ആത്മീയ യാത്ര എന്ന റേഡിയോ പരിപാടിയുടെ പ്രക്ഷേപണവും ആരംഭിച്ചു. പിന്നീടങ്ങോട്ട് ഇന്നത്തെ കെ.പി യോഹന്നാനിലേക്കുള്ള വളര്‍ച്ചയായിരുന്നു.

1974-ല്‍ ആരംഭിച്ച യോഹന്നാന്റെ ആത്മീയ യാത്രയുടെ സ്ഥാപനവത്കൃത രൂപമായിരുന്നു ബിലീവേഴ്സ് ചര്‍ച്ച്. അനുയായികളും ആസ്തിയും വര്‍ധിച്ചതോടെ 2003-ല്‍ ബിലീവേഴ്സ് ചര്‍ച്ച് ഒരു എപ്പിസ്‌കോപ്പല്‍ സഭയായി മാറി. പതിയെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് അതിന്റെ വേരുകള്‍ പടര്‍ന്നു. കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്ക് സമാന്തരമായി പ്രവര്‍ത്തിച്ച്, അവര്‍ക്കു മുന്നില്‍ തന്റെ ശക്തി തെളിയിച്ച് കെ.പി യോഹന്നാന്‍ വളര്‍ന്നു. ശേഷം കെ.പി യോഹന്നാന്‍ എന്ന പേര് തന്നെ ഉപേക്ഷിച്ചു.

കുട്ടനാട്ടുകാരനായ കെ.പി യോഹന്നാന്‍ ഇന്ന് മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്ത പ്രഥമന്‍ എന്നാണ് അറിയപ്പെടുന്നത്. ‘സ്വയം പ്രഖ്യാപിത ബിഷപ്പ്’ എന്നാണ് കെ.പി യോഹന്നാനെതിരെ മറ്റ് ക്രിസ്തീയ സഭകളില്‍ നിന്നുയരുന്ന വിമര്‍ശനം. സി.എസ്.ഐ സഭയുടെ മോഡറേറ്ററായിരുന്ന ബിഷപ്പ് കെ.ജെ സാമുവലാണ് കെ.പി യോഹന്നാനെ മെത്രാനായി അഭിഷേകം നടത്തിയത്. യോഹന്നാന്റെ മെത്രാഭിഷേകം വ്യാജമാണ് എന്ന ആരോപണത്തെതുടര്‍ന്ന് സാമുവലിന് മോഡറേറ്റര്‍ സ്ഥാനം രാജിവെക്കേണ്ടി വന്നു. പക്ഷേ കെ.പി യോഹന്നാനെ ഇതൊന്നും ബാധിച്ചില്ല എന്ന് മാത്രമല്ല, അദ്ദേഹം വീണ്ടും വീണ്ടും വളരുകയാണുണ്ടായത്.

കെ.പി യോഹന്നാന്‍

കേരളത്തിലും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും, ഇതര രാജ്യങ്ങളിലുമെല്ലാം ശാഖകളുള്ള, മുപ്പതോളം ബിഷപ്പുമാരുള്ള, പത്തോളം രാജ്യങ്ങളിലായി 35 ലക്ഷത്തോളം വിശ്വസികളുണ്ടെന്ന് അവകാശപ്പെടുന്ന ബിലീവേഴ്സ് ചര്‍ച്ച് എന്ന എപ്പിസ്‌കോപ്പല്‍ സഭയുടെ മെത്രാന്‍ കെ.പി യോഹന്നാന്‍ ഇന്ന് ശതകോടികളുടെ അധിപനാണ്.

ഇന്ന് ശതകോടികളുടെ ആസ്തിയുണ്ട് ബിലീവേഴ്സ് ചര്‍ച്ചിന്. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ സ്ഥിതി ചെയ്യുന്ന ബിലീവേഴ്സ് സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ കോളേജാണ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ പ്രധാനം. എസ്.എന്‍.ഡി.പി മുന്‍ നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ എം.ബി ശ്രീകുമാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോന്നി ശാശ്വതീകാനന്ദ ആശുപത്രി നിലവില്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലാണുള്ളത്. തിരുവല്ല, തൃശൂര്‍ എന്നിവിടങ്ങളില്‍ റെഡിഡന്‍ഷ്യല്‍ സ്‌കൂളുകളുമുണ്ട്. റാന്നി പെരുനാട് കാര്‍മല്‍ എന്‍ജിനീയറിംഗ് കോളേജ് കാര്‍മല്‍ ട്രസ്റ്റില്‍ നിന്നും ബിലീവേഴ്സ് ചര്‍ച്ച് നേരത്തെ വാങ്ങിയിരുന്നു.

ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം ഔദ്യോഗികമായി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ക്ക് പുറമെ റിയല്‍ എസ്റ്റേറ്റ് അടക്കമുള്ള മറ്റ് പല മേഖലകളിലും ബിലീവേഴ്‌സ് ചര്‍ച്ചിന് വന്‍ നിക്ഷേപമുള്ളതായാണ് വിവരം. ഗോസ്പല്‍ ഏഷ്യയുടെ പേരില്‍ ഔദ്യോഗികമായി തന്നെ വിവിധ സ്ഥലങ്ങളിലായി ഏഴായിരം ഏക്കറിലധികം ഭൂമിയുണ്ട്. നിയമക്കുരുക്കില്‍ പെട്ട് വിവാദമായ ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കര്‍ ഗോസ്പല്‍ ഏഷ്യയുടെ ഉടമസ്ഥതയിലുള്ളതാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതിനായിരം ഏക്കറില്‍ അധികം ഭൂമിയാണ് വിവിധ ട്രസ്റ്റുകളുടെ പേരില്‍ കെ.പി യോഹന്നാന്‍ സ്വന്തമാക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചെറുവള്ളി എസ്റ്റേറ്റ് വിവാദം

കെ.പി.യോഹന്നാന്‍ കൈവശം വച്ചിരിക്കുന്ന, പത്തനംതിട്ട ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം നിര്‍മിക്കുന്നു എന്നുള്ള അങ്ങയുടെ പ്രസ്താവന കാണാനിടയായി. സര്‍ക്കാര്‍ ഭൂമി അനധികൃത മാര്‍ഗത്തിലൂടെ സ്വന്തമാക്കിയശേഷം അത് സര്‍ക്കാരിനുതന്നെ വില്‍പന നടത്തി അതിലൂടെ നേട്ടം കൊയ്യാനുള്ള ശ്രമമാണ് ചെറുവള്ളി എസ്റ്റേറ്റ് കൈമാറാമെന്ന കെ.പി.യോഹന്നാന്റെ തീരുമാനത്തിനു പിന്നിലുള്ളതെന്ന് അങ്ങയെ അറിയിക്കട്ടെ. സര്‍ക്കാര്‍ ഭൂമിയെന്ന് സര്‍ക്കാര്‍തന്നെ നേരത്തെ സമ്മതിച്ചിട്ടുള്ള ഭൂമി, കെ.പി.യോഹന്നാന്റേതെന്ന നിലയില്‍ ഏറ്റെടുക്കാനും വിമാനത്താവളം സ്ഥാപിക്കുമ്പോള്‍ അതില്‍ പങ്കാളിത്തം നല്‍കാനുമുള്ള നീക്കം ബോധപൂര്‍വമാണോയെന്നറിയാന്‍ താല്‍പര്യമുണ്ട്. 2200 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഇത്തരത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്താല്‍ അത് സംസ്ഥാനത്ത് ഇത്തരത്തില്‍ തോട്ടം എന്ന പേരില്‍ വന്‍കിടക്കാര്‍ കൈവശപ്പെടുത്തി വച്ചിരിക്കുന്ന അഞ്ച് ലക്ഷത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടുന്നതിലേക്ക് നയിക്കും. ഇതിലൂടെ സംസ്ഥാനത്തിന് 25,000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകുന്ന അഴിമതിക്കാണ് കളമൊരുങ്ങുന്നത്.

കേരളത്തില്‍ ഹാരിസണ്‍ മലയാളം കാലങ്ങളായി കൈവശം വെച്ചിരിക്കുന്ന ഭൂമിയായിരുന്നു കാഞ്ഞിരപ്പള്ളിയിലെ മണിമലയിലും ഏരുമേലിയിലുമായി വ്യാപിച്ചുകിടക്കുന്ന 2200 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റ്. തോട്ടം കുത്തകകളും സ്വകാര്യ വ്യക്തികളും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന റവന്യൂ ഭൂമി കണ്ടെത്തുന്നതിനായി കേരളത്തിലെ സര്‍ക്കാര്‍ നിയമിച്ച സ്‌പെഷല്‍ ഓഫിസറും എറണാകുളം ജില്ലാ കളക്ടറുമായ എം.ജി.രാജമാണിക്യം ഹാരിസണിന്റെ കൈവശമുള്ള ഭൂമിക്ക് കൈവശാവകാശ, പ്ലാന്റേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കരുതെന്ന ഉത്തരവിറക്കുകയും മരം മുറിക്കുന്നതിനും ഭൂമി കൈമാറ്റം ചെയ്യുന്നതിനും വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

കേരളത്തിലെ നാലു ജില്ലകളിലായി ഹാരിസണിന്റെ 25,000 ഏക്കര്‍ ഭൂമിയെ സംബന്ധിച്ച് സ്‌പെഷല്‍ ഓഫീസര്‍ സ്ഥലപരിശോധന നടത്തുകയും ഹാരിസണിനെതിരേ ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരം സര്‍ക്കാര്‍ ഭൂമി എന്ന നിലയില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് നാലു ജില്ലകളിലായി പരിശോധന നടത്തിയ സ്‌പെഷ്യല്‍ ഓഫീസര്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി ഹാരിസണ്‍ കൈവശം വച്ചിരിക്കുന്ന 29,185 ഏക്കര്‍ ഭൂമി ഏറ്റെടുത്തതായി പ്രഖ്യാപിച്ച. ഹാരിസണ്‍ പ്രതിനിധികള്‍ക്ക് നോട്ടീസ് കൈമാറി. ഇതില്‍പ്പെട്ടതായിരുന്നു ചെറുവള്ളി എസ്റ്റേറ്റും.

അതിനിടയിലാണ് ചെറുവള്ളി എസ്റ്റേറ്റ് നേരത്തെ തന്നെ ഹാരിസണ്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് വിറ്റതായുള്ള വിവരം പുറത്തുവരുന്നത്. 2005ലാണ് ഹാരിസണ്‍ മലയാളം ചെറുവള്ളി എസ്റ്റേറ്റ് കെ.പി.യോഹന്നാന് വിറ്റത്. ഈ വില്‍പ്പന നിയമവിരുദ്ധമാണെന്നു കാണിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ചെറുവള്ളി എസ്റ്റേറ്റിന്റെ പോക്കുവരവ് റദ്ദാക്കുകയുണ്ടായി. തുടര്‍ന്ന് സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കെ.പി.യോഹന്നാനുവേണ്ടി ഗോസ്പല്‍ ഫോര്‍ ഏഷ്യ കേരള ഹൈക്കോടതിയെ സമീപിച്ചു. ഭൂമി വില്‍ക്കാനുള്ള അവകാശം ഹാരിസണ്‍ മലയാളം കമ്പനിക്കില്ലെന്ന് കാണിച്ച് റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയുണ്ടായി. അവകാശം തെളിയിക്കാന്‍ കെ.പി.യോഹന്നാന്‍ ഹാജരാക്കിയ രേഖകള്‍ വസ്തുതാപരമായി ശരിയല്ലെന്നും ഭൂമിയുടെ സ്ഥിതി വിവരക്കണക്ക് ഇതില്‍ വ്യക്തമല്ലെന്നും കോടതി അന്ന് നിരീക്ഷിച്ചിരുന്നു.

എന്നാല്‍ ഒടുവില്‍ ഹാരിസണ്‍ കമ്പനിക്കും കെ.പി.യോഹന്നാനും ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുകൂലമാകുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നീങ്ങി. ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം പണിയാനുള്ള മന്ത്രിസഭാ തീരുമാനത്തിലൂടെ കെ.പി.യോഹന്നാന്റെ കൈവശമുള്ള ഭൂമിയുടെ ഉടമാവകാശം സര്‍ക്കാര്‍ സമ്മതിച്ചുകൊടുക്കുകയാണ് ചെയ്തത്.

‘ഹാരിസണ്‍ കമ്പനി നടത്തിയിട്ടുള്ള ഭൂമി തിരിമറി, കള്ള രേഖ ചമക്കല്‍, വിദേശ നാണയ വിനിമയ നിയമ ലംഘനം: ഭരണഘടനാ ലംഘനം തുടങ്ങി നിരവധി കുറ്റങ്ങളുടെ പേരില്‍, ക്രൈംബ്രാഞ്ച്, വിജിലന്‍സ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ നിരവധി ഏജന്‍സികളുടെ അന്വഷണം നേരിടുന്ന ഭൂമിയില്‍പ്പെടുന്നതാണ് ചെറുവള്ളി എസ്റ്റേറ്റ് ഭൂമി. എല്ലാ അന്വേഷണങ്ങളിലും ഇവര്‍ കുറ്റക്കാരാണന്ന് കണ്ടെത്തിയിട്ടുള്ളതും റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിന്റെ മേശപ്പുറത്ത് ഇരിക്കുന്നതുമാണ്.

സര്‍ക്കാര്‍ ഭൂമി കയ്യേറ്റം, ഗൂഡാലോചന, സര്‍ക്കാറിന് 100 കോടിയില്‍പരം രൂപയുടെ നഷ്ടമുണ്ടാക്കല്‍ തുടങ്ങി നിരവധി കേസ്സുകളിലെ പ്രതിയാണ് 2263 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഗോ സ്പെല്‍ മേധാവി കെ.പി.യോഹന്നാന്‍. ഇതുമായി ബന്ധപ്പെട്ട നിരവധി കേസ്സുകളില്‍ അദ്ദേഹം ഇപ്പോഴും വിചാരണ നേരിടുകയാണ്.

കേരള സര്‍ക്കാര്‍ തന്നെ വിദേശ തോട്ടം കുത്തകകള്‍ അനധികൃതമായി കൈവശം വെക്കുന്ന ഭൂമി കണ്ടെത്തി തിരിച്ചുപിടിക്കാന്‍ നിയോഗിച്ചിട്ടുള്ള
സ്പെഷ്യല്‍ ഓഫീസര്‍ 2015 മെയ് 28ന് തിരിച്ച് പിടിച്ച് ഏറ്റെടുത്തിട്ടുള്ള ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമി. ഇത്തരമൊരു ഭൂമി നിലവില്‍ തന്നെ നിരവധി ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേസ് നേരിടുന്ന ഒരാള്‍ക്ക് പണം കൊടുത്ത് വാങ്ങാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നതിനര്‍ത്ഥം ഈ സര്‍ക്കാര്‍ ഭൂമാഫിയകള്‍ക്ക് മുന്നില്‍ മുട്ടുകുത്തുന്നു എന്നത് തന്നെയാണ്. അതിലപ്പുറം ബിലീവേഴ്‌സ് ചര്‍ച്ചിനും കെ.പി യോഹന്നാനും സര്‍ക്കാറിലുള്ള സ്വാധീനം കൂടിയാമ് ഇത് വ്യക്തമാക്കുന്നത്.’ ഭൂസമര സമിതി നേതാവ് എം.പി കുഞ്ഞിക്കണാരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വേറെയും നിരവധി കേസ്സുകള്‍

ആസ്തി വര്‍ദ്ധനവിനെതിരെയുള്ളത് കൂടാതെ വേറെയും നിരവധി കേസുകളും പരാതികളും ബിലീവേഴ്സ് ചര്‍ച്ചിനും ഗോസ്പല്‍ ഏഷ്യയ്ക്കുമെതിരേ ഉയര്‍ന്നു വന്നിരുന്നു. വിദേശ സഹായം സ്വീകരിക്കുന്നതിലായിരുന്നു കൂടുതല്‍ ആരോപണങ്ങള്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ കോടിക്കണക്കിന് രൂപ ദുരുപയോഗം ചെയ്‌തെന്നു കാണിച്ച് ഗോസ്പല്‍ ഏഷ്യയ്‌ക്കെതിരേ അമേരിക്കയിലും കേസ്സുകളുണ്ടായിരുന്നു. പക്ഷേ, 37 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കി അമേരിക്കയിലെ കേസ്സുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ യോഹന്നാന് കഴിഞ്ഞു.

2012ല്‍ കേരള സര്‍ക്കാര്‍ യോഹന്നാനെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരുന്നു. കെ.പി യോഹന്നാന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് 2012ല്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. 1990 മുതല്‍ 2011 വരെ 48 രാജ്യങ്ങളില്‍ നിന്നും 1544 കോടി രൂപ വഴിവിട്ട് സ്വീകരിച്ചുവെന്നതായിരുന്നു അന്നത്തെ ആരോപണം. ഈ പണം ഉപയോഗിച്ച് 19,000 ഏക്കര്‍ ഭൂമിവാങ്ങിക്കൂട്ടിയതായും സംസ്ഥാനത്തിനകത്തും പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കെട്ടിടസമുച്ചയങ്ങള്‍ എന്നിവ നിര്‍മ്മിച്ചതായും കണ്ടെത്തിയിരുന്നു. വിദേശ സംഭാവനകളുടെ സ്വീകരണം, ക്രയവിക്രയം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ വിദേശരാജ്യങ്ങളിലും ബിലീവേഴ്സ് ചര്‍ച്ചിനെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട് പക്ഷേ ഉന്നതതല ഇടപെടലുകളിലൂടെ അന്വേഷണങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടുവെന്നാണ് വിവരം.

വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കെ.പി യോഹന്നാന് നേരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ മിഷനറി പ്രവര്‍ത്തനം നടത്താനെന്ന പേരില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും കോടികള്‍ സഹായമായി വാങ്ങി സ്വന്തം ആസ്തി വികസനത്തിന് ഉപയോഗിച്ചുവെന്നതാണ് കെ.പി യോഹന്നാനെതിരേയുള്ള പ്രധാന പരാതി. ഇത്തരം പരാതികളില്‍ ഇതാദ്യമായാണ് കെ.പി യോഹന്നാനും ബിലീവേഴ്‌സ് ചര്‍ച്ചും വിപുലമായ അന്വേഷണം നേരിടേണ്ടി വരുന്നത്.

സമ്പത്തുകൊണ്ടും അധികാരകേന്ദ്രങ്ങളിലുള്ള പിടിപാടുകൊണ്ടും ആത്മീയ നേതാവ് എന്ന നിലയില്‍ ഒരു വിഭാഗം ജനങ്ങളില്‍ നിന്നും നേടിയെടുത്ത പിന്തുണകൊണ്ടും തനിക്കെതിരേ വരുന്ന ആരോപണങ്ങളെയും പരാതികളെയും തടഞ്ഞു നിര്‍ത്താന്‍ യോഹന്നാന് എല്ലാ കാലത്തും സാധിച്ചിട്ടുണ്ട് എന്നാണ് നിരീക്ഷണങ്ങള്‍.

ഝാര്‍ഖണ്ഡ്, ചത്തീസ്ഗഡ്, ഒഡീഷ തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ വ്യത്യസ്ഥ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയും അതുവഴി സേവന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയും ചെയ്യുന്നുണ്ട്. ബ്രിഡ്ജ് ഓഫ് ഹോപ് എന്ന പേരില്‍ ദളിത് ആദിവാസി ഇതര പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ നടന്നുവന്ന സേവന പ്രവര്‍ത്തനങ്ങള്‍ ഇതില്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ മറവില്‍ നടക്കുന്നത് അതി വ്യാപകമായ അഴിമതിയും ക്രമക്കേടുകളുമാണെന്നാണ് വര്‍ഷങ്ങളോളം ബ്രിഡ്ജ് ഓഫ് ഹോപില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് മനം മടുത്ത് രാജി വെക്കുകയും ചെയ്ത പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മലയാളിയായ യുവാവ് ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

‘ഞാന്‍ ഹിന്ദു മതത്തില്‍ ജനിച്ചു വളര്‍ന്ന ഒരാളായിരുന്നു. പിന്നീട് പെന്തക്കോസ്തില്‍ ചേര്‍ന്നതിന് ശേഷമാണ് ബിലീവേഴ്‌സ് ചര്‍ച്ചിനെക്കുറിച്ചറിയുന്നതും അവരുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നതും. സേവനങ്ങളുടെ വഴിയില്‍ ജീവിതത്തതില്‍ കൂടുതല്‍ മുഴുകാമല്ലോ എന്ന ആലോചനാപ്രകാരമാണ് മുഴുവന്‍ സമയ പ്രവര്‍ത്തകനായി ചത്തീസ്ഡഗിലെത്തുന്നത്. കുറച്ചുകാലം പ്രവര്‍ത്തിച്ചുകഴിഞ്ഞപ്പോഴാണ് ഓരോ മേഖലയിലും അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന തട്ടിപ്പുകള്‍ ബോധ്യമായത്. എന്നക്കൊണ്ടൊക്കെ നിരവധി ക്രമക്കേടുകള്‍ അവര്‍ ചെയ്യിപ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയതായി ഹാജരാക്കാനുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍, ബില്ലുകള്‍ എന്നിവയൊക്കെ ഞങ്ങളെക്കൊണ്ട് തയ്യാറാക്കിപ്പിച്ചിട്ടുണ്ട്. ഞങ്ങളെയൊക്കെ ഇവിടുത്തെ പഴയ കടകളില്‍ ചെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ബില്ലുകള്‍ ശേഖരിക്കാനും കൃത്രിമ സീലുകളുണ്ടാക്കാനുമായി പറഞ്ഞുവിട്ടിട്ടുണ്ട്. പഴയ ബില്‍ ബുക്കുകള്‍ കിട്ടിയില്ലെങ്കില്‍ എങ്ങിനെ പുതിയ ബില്‍ ബിക്കുകള്‍ പഴയ രീതിയിലാക്കി മാറ്റാം എന്നതിന് അവര്‍ കൃത്യമായ ട്രെയിനിംഗുകളും തന്നിരുന്നു. അപ്പോഴാണ് എത്രത്തോളം ആസൂത്രിതമായാണ് ഇവര്‍ ഓരോ ക്രമക്കേടുകളും നടത്തുന്നതെന്ന് എനിക്ക് മനസ്സിലായത്. ആത്മീയതയുടെ പേരില്‍ ഇത്തരം കൊള്ളരുതായ്മകളുടെ ഭാഗമാകാന്‍ മാനസികമായി സാധിക്കാത്തതിനാലാണ് ഞാന്‍ അവിടെ നിന്നും രാജി വെച്ചത്.’ യുവാവ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KP Yohannan and Believers Church

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

Latest Stories

We use cookies to give you the best possible experience. Learn more