| Saturday, 19th June 2021, 6:22 pm

ദിനേശ് ബീഡിയും കണ്ണൂര്‍ രാഷ്ട്രീയവും

ശ്രീഷ്മ കെ

വര്‍ഷം 1968. കണ്ണൂര്‍ ജില്ലയിലെ ഒരു ഗ്രാമം. തിരക്കുള്ള ഒരു പ്രവര്‍ത്തി ദിവസത്തിന്റെ ആരംഭമാണ്. ബീഡിതെറുപ്പു ജോലി ചെയ്യുന്ന, ഭൂരിഭാഗം സ്ത്രീകളടങ്ങുന്ന ഒരു സംഘമാളുകള്‍ പതിവുപോലെ രാവിലെ തന്നെ തങ്ങളുടെ ജോലി സ്ഥലത്തെത്തി. അവരെത്തുന്നതിന് മുന്‍പായി പാറാവുകാരന്‍ എന്നും തുറന്നിടാറുള്ള ഭീമന്‍ ഗേറ്റ്‌, അന്ന് പക്ഷേ അടഞ്ഞുകിടന്നു. ഗണേശ് ബീഡി എന്ന സ്വകാര്യ ബീഡിക്കമ്പനിക്കു മുന്നില്‍ മണിക്കൂറുകളോളം അവര്‍ കാത്തുനിന്നു. സമയം ധാരാളം കടന്നു പോയിട്ടും കമ്പനി തുറക്കാതായപ്പോള്‍, അവര്‍ക്ക് എന്തോ പന്തികേടു തോന്നി.

കൂടുതലന്വേഷിച്ചപ്പോഴാണ് കാര്യത്തിന്റെ ഗൗരവം അവര്‍ തിരിച്ചറിഞ്ഞത്. ഗണേശ് ബീഡിക്കമ്പനി മാത്രമല്ല, ഭാരത്, പി.വി.എസ്, ദര്‍ബാര്‍ എന്നിങ്ങനെ വടക്കന്‍ മലബാറിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന മറ്റ് സ്വകാര്യ ബീഡിക്കമ്പനികളൊന്നും അന്ന് തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല. കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച്, ഈ കമ്പനികളെല്ലാം എന്നെന്നേക്കുമായി അടച്ചുപൂട്ടിയിരിക്കുകയാണ്.

കേരളം വിട്ട് മംഗലാപുരത്തേക്കും തമിഴ്‌നാട്ടിലേക്കും മറ്റും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കമ്പനി മുതലാളിമാരുടെ തീരുമാനം. കമ്പനി നഷ്ടത്തിലായിട്ടോ, ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാതിരുന്നിട്ടോ ആയിരുന്നില്ല യാതൊരു മുന്നറിയിപ്പുമില്ലാത്ത ഈ നടപടി. മറിച്ച്, അന്നത്തെ ഇ.എം.എസ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനമെടുത്ത ഒരു തൊഴില്‍ സംരക്ഷണ നിയമത്തില്‍ പ്രതിഷേധിച്ചായിരുന്നു.

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ആഴത്തില്‍ വേരോട്ടമുണ്ടായിരുന്ന കണ്ണൂരിന്റെ മണ്ണില്‍ തൊഴിലാളികള്‍ മുട്ടുമടക്കിയില്ല. അവര്‍ സമരങ്ങള്‍ ചെയ്തു, അറസ്റ്റ് വരിച്ചു, മര്‍ദവനും ജയില്‍വാസവും അനുഭവിച്ചു. ഒടുവിലവര്‍ തീരുമാനിച്ചു. കുത്തക ബീഡിക്കമ്പനികള്‍ക്ക് ഒരു ബദല്‍ തീര്‍ക്കാന്‍. അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ കൂടി ഒപ്പം നിന്നതോടെ തൊഴിലാളികളുടെ ഉടമസ്ഥതിയില്‍ അവര്‍ തന്നെ കേരള ദിനേശ് ബീഡി എന്ന പേരില്‍ ഒരു സഹകരണ സംഘം ആരംഭിച്ചു.

തൊഴില്‍ ചൂഷണത്തിനെതിരായ തൊഴിലാളി മുന്നേറ്റത്തിന്റെ ഭാഗമായി രൂപം കൊണ്ട കേരള ദിനേശ് ബീഡി മുന്നോട്ട് വെച്ച തൊഴില്‍ സംസ്‌കാരം വടക്കന്‍ മലബാറിലെ ഗ്രാമങ്ങളുടെ മുഖം തന്നെ മാറ്റുകയായിരുന്നു. അക്കാലത്തെ സാധാരണക്കാരായ തൊഴിലാളികളുടെ ജീവിതത്തിലെ അവിഭാജ്യഘടകവും അവരുടെ ജീവിതചുറ്റുപാടുകളുടെ പ്രതീകവുമെല്ലാമായി ദിനേശ് ബീഡി മാറി. തൊളിലാളികളെ ആത്മാഭിമാനമുള്ള മനുഷ്യരായി പരിഗണിച്ച ദിനേശ് ബീഡിയുടെ തൊഴില്‍ സംസ്‌കാരം വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു.

കണ്ണൂരിലെ തൊഴിലാളികളെക്കൊണ്ട് സ്വന്തമായി ഒരു ബീഡിക്കമ്പനി തുടങ്ങാന്‍ പ്രേരിപ്പിച്ച ചരിത്ര പശ്ചാത്തലം ഇങ്ങനെയാണ്….

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ത്തന്നെ ബ്രിട്ടീഷുകാര്‍ വഴി കേരളത്തില്‍ പ്രചാരം നേടിയ ഒരു വ്യവസായമായിരുന്നു ബീഡി തെറുപ്പ്. തദ്ദേശീയമായ നിര്‍മാണവും വിലക്കുറവും ബീഡിക്ക് വലിയ മാര്‍ക്കറ്റ് ഉണ്ടാക്കിയിരുന്ന അക്കാലഘട്ടം മുതല്‍ക്കു തന്നെ ബീഡിക്കമ്പനികളും സംസ്ഥാനത്ത് വ്യാപകമായിരുന്നു. കുറഞ്ഞ മുതല്‍ മുടക്കില്‍ കൂടുതല്‍ ലാഭം കൊയ്യാന്‍ കമ്പനി മുതലാളിമാര്‍ക്കു സാധിച്ചിരുന്നെങ്കിലും, ബീഡിക്കമ്പനികളിലെ തൊഴിലാളികളുടെ സ്ഥിതി ഏറെ ദയനീയമായിരുന്നു.

കണ്ണൂരിലെ ബീഡിത്തൊഴിലാളികള്‍ക്കിടയില്‍ അന്ന് പ്രവര്‍ത്തിച്ചിരുന്ന തൊഴിലാളി യൂണിയനുകളും അവരുടെ നേതാവായിരുന്ന എ.കെ.ജി.യും ബീഡിത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ഒരു നിയമത്തിന് വേണ്ടി പ്രക്ഷോഭങ്ങള്‍ നടത്തി. ഒടുവില്‍ 1966 ല്‍ ബീഡി തെറുപ്പു തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തുന്ന ‘ബീഡി ആന്റ് സിഗാര്‍ വര്‍ക്കേഴ്‌സ് കണ്ടീഷന്‍സ് ഓഫ് എംപ്ലോയ്‌മെന്റ് ആക്ട്’ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നു. നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും, അത് നടപ്പിലാക്കാനുള്ള വിവേചനാധികാരം സംസ്ഥാനസര്‍ക്കാരുകള്‍ക്കായിരുന്നു. അധികം വൈകാതെ തന്നെ കേരളത്തില്‍ ബീഡി-സിഗാര്‍ നിയമം നടപ്പാക്കാന്‍ ഇ.എം.എസ് സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു.

തൊഴിലാളികള്‍ക്ക് അര്‍ഹിക്കുന്ന വേതനം നല്‍കാതെ, തൊഴില്‍ ചൂഷണത്തിലൂടെ ലാഭം കൊയ്തിരുന്ന ബീഡിക്കമ്പനി മുതലാളിമാര്‍ക്ക് ഇത് വലിയ തിരിച്ചടിയായി. താരതമ്യേന കൂലി കുറവുള്ള കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും അവര്‍ ശ്രദ്ധ തിരിച്ചു. എന്നാല്‍, കേരളത്തിലെ തെറുപ്പുതൊഴിലാളികള്‍ പരാജയം സമ്മതിച്ച് പിന്‍വാങ്ങാന്‍ തയ്യാറല്ലായിരുന്നു. പന്ത്രണ്ടായിരത്തോളം തൊഴിലാളികള്‍ക്കാണ് ഒറ്റ ദിവസം കൊണ്ട് തൊഴില്‍ നഷ്ടപ്പെട്ടത്. കമ്പനികളുടെ തീരുമാനം മനസ്സിലാക്കിയതോടെ, മലബാറിലെ ബീഡി തെറുപ്പു തൊഴിലാളികള്‍ സംഘടിച്ച് മംഗലാപുരത്തേക്ക് യാത്ര തിരിച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളും തൊഴിലാളി സംഘടനാ പ്രവര്‍ത്തകരും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ലാല്‍ബാഗിലെ ഗണേഷ് ബീഡിയുടെ ഡിപ്പോയ്ക്കു മുന്നില്‍ തൊഴിലാളികള്‍ സമരം ആരംഭിച്ചു. അടച്ചിട്ട കമ്പനി തുറക്കാതെ ഒരടി പിന്നോട്ടില്ലെന്നായിരുന്നു അവരുടെ നിലപാട്. സമരം നീണ്ടു പോയപ്പോള്‍, അന്നത്തെ മൈസൂര്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തുടര്‍ന്നും സമരം ചെയ്തവരെ നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ അറസ്റ്റു ചെയ്ത് ക്രൂരമായി മര്‍ദിച്ച് ജയിലിലടച്ചു. എന്നിട്ടും തൊഴിലാളികള്‍ പിന്മാറിയില്ല.

മംഗലാപുരത്തെ കശുവണ്ടി ഫാക്ടറികളിലും ഓട്ടു കമ്പനിയിലും ജോലി ചെയ്തിരുന്ന സാധാരണക്കാരായ തൊഴിലാളികള്‍ സമരക്കാര്‍ക്കൊപ്പം ചേര്‍ന്നു. എ.കെ.ജി., അഴീക്കോടന്‍ രാഘവന്‍, സി. കണ്ണന്‍ തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കളും സമരത്തിനൊപ്പമുണ്ടായിരുന്നു. വലിയ ജനപിന്തുണയായിരുന്നു അന്ന് ആ സമരത്തിനു ലഭിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടിട്ടും, കമ്പനി തുറന്നു പ്രവര്‍ത്തിക്കണം എന്ന ആവശ്യം പരിഗണിക്കാന്‍ ഉടമകള്‍ തയ്യാറായില്ല. കമ്പനിയുടമകളെ അനുനയിപ്പിക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ സര്‍ക്കാര്‍, മറ്റൊരു പദ്ധതിയിലേക്കു നീങ്ങി. സ്വകാര്യകമ്പനികള്‍ പ്രവര്‍ത്തനം തുടരാന്‍ സന്നദ്ധരല്ല. ആയിരക്കണക്കിന് തൊഴിലാളികളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടാനുമാകില്ല. സമാനമായ സാഹചര്യത്തില്‍ ഇന്ത്യന്‍ കോഫി ഹൗസിലൂടെ എ.കെ.ജി. മുന്‍പ് തുറന്നിട്ട വഴി അവര്‍ക്കു മുന്നിലുണ്ടായിരുന്നു – തൊഴിലാളികളുടെ നേതൃത്വത്തില്‍ ഒരു പുതിയ സ്ഥാപനം തൊഴിലാളികള്‍ക്കായി ആരംഭിക്കുക.

എ.കെ.ജി.

സഹകരണ പ്രസ്ഥാനത്തിന്റെ കേരളത്തിലെ അന്നുവരെയുള്ള വിജയഗാഥയിലേക്ക് ഒരേടു കൂടി തുന്നിച്ചേര്‍ക്കുക. അങ്ങേയറ്റം സാഹസികമായ ആ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുക തന്നെ ചെയ്തു. മുന്‍ മാതൃകകള്‍ പിന്തുടര്‍ന്നുകൊണ്ട് 1969 ഫെബ്രുവരി 15ന്, കേരളാ ദിനേശ് ബീഡി എന്ന തൊഴിലാളി സഹകരണ സംഘം കണ്ണൂരില്‍ രൂപം കൊണ്ടു. തങ്ങള്‍ക്ക് തൊഴില്‍ നിഷേധിച്ച മുതലാളിമാരുടെ ബീഡിക്കമ്പനികളെ നിഷ്പ്രഭമാക്കിക്കൊണ്ട്, തങ്ങള്‍ സ്വയം നയിക്കുന്ന കമ്പനി വരും നാളുകളില്‍ മാര്‍ക്കറ്റ് ഭരിക്കുമെന്ന് അന്ന് ആ തെറുപ്പുതൊഴിലാളികള്‍ ചിന്തിച്ചതേയില്ല.

മലബാര്‍ മേഖലയിലെ അസംഘടിത ബീഡിത്തൊഴിലാളികളെ പരമാവധി സംഘടിപ്പിച്ചുകൊണ്ട് ദിനേശ് ബീഡി ആരംഭിക്കാന്‍ മുന്‍കൈയെടുത്തത് അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്, വ്യവസായ മന്ത്രി ടി.വി തോമസ്, തൊഴില്‍മന്ത്രി മത്തായി മാഞ്ഞൂരാന്‍ എന്നിവര്‍ ചേര്‍ന്നാണ്. വ്യവസായ വകുപ്പ് ജോയിന്റ് ഡയറക്ടറായിരുന്ന ജി.കെ. പണിക്കര്‍ക്കായിരുന്നു സഹകരണ സംഘത്തിന്റെ ചുമതല.

ബീഡി തെറുപ്പ് വ്യവസായത്തിന് നിശ്ചിതമായ നിക്ഷേപം ആവശ്യമില്ല എന്നതായിരുന്നു സംഘത്തിന് ഗുണകരമായ ഒരു ഘടകം. ഒരു മുറവും കത്രികയും മാത്രമാണ് ആവശ്യമായ മെഷിനറി. ഓരോ തൊഴിലാളിയും ഇരുപതു രൂപ നിരക്കില്‍ സംഘത്തിന്റെ ഓഹരിയെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍, മാസങ്ങളോളമായി തൊഴിലില്ലാതെ ബുദ്ധിമുട്ടിയ തൊഴിലാളികളില്‍ പലരുടെയും പക്കല്‍ അത്രയും പണമുണ്ടായിരുന്നില്ല. ഈ സാഹചര്യം സര്‍ക്കാര്‍ മനസ്സിലാക്കുകയും, 19 രൂപ വീതം ഓരോ തൊഴിലാളിയ്ക്കും വായ്പയായി അനുവദിക്കുകയും ചെയ്തു. ഒപ്പം, 13 ലക്ഷം രൂപയുടെ ഓഹരി സര്‍ക്കാര്‍ നേരിട്ടു വാങ്ങി. അങ്ങനെ, ഓരോ ബീഡിത്തൊഴിലാളിയില്‍ നിന്നും ഒരു രൂപ വീതം പിരിവെടുത്താണ് ദിനേശ് ബീഡി പ്രവര്‍ത്തനമാരംഭിക്കുന്നത്.

തൊഴിലാളികള്‍ക്കായി രൂപം കൊടുത്ത പ്രസ്ഥാനം എന്ന നിലയില്‍ അങ്ങേയറ്റം വിപ്ലവകരമായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. പ്രാഥമിക ഘട്ടത്തില്‍ ദിനേശ് ബീഡിയില്‍ ജോലിയ്‌ക്കെടുത്തത് 3000 തൊഴിലാളികളെയാണ്. രാജ്യത്തെ ബീഡിവ്യവസായത്തിന്റെ അന്നോളമുള്ള ചരിത്രത്തില്‍ ഇത്രയധികം തൊഴിലാളികള്‍ക്ക് തുടക്കത്തില്‍ത്തന്നെ ജോലി ഉറപ്പാക്കിയ സംഭവം വേറെയില്ലായിരുന്നു. തൊഴിലാളികളുടെ എണ്ണത്തിലെ ബാഹുല്യം ദിനേശ് ബീഡിയെ ആദ്യകാലങ്ങളില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. ഇത്രയേറെ തൊഴിലാളികള്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ബീഡി മുഴുവനും മാര്‍ക്കറ്റില്‍ വിറ്റഴിക്കാന്‍ സാധിച്ചിരുന്നില്ല. ധാരാളം ബീഡി വിറ്റുപോകാതെ കെട്ടിക്കിടന്നു. അതോടെ, തൊഴിലാളികളുടെ ജോലിസമയവും കുറയ്‌ക്കേണ്ടിവന്നു.

എന്നാല്‍, ബീഡിത്തൊഴിലാളികളുടെ സമരത്തിനും അതിജീവനത്തിനും മലബാറില്‍ ലഭിച്ച ജനസമ്മിതി വളരെ വലുതായിരുന്നു. പൊതുജനത്തിന്റെ പങ്കാളിത്തം കൂടിയായതോടെ ദിനേശ് ബീഡി സഹകരണ സംഘം അതിന്റെ ബാലാരിഷ്ടതകള്‍ വളരെയെളുപ്പത്തില്‍ത്തന്നെ തരണം ചെയ്തു. കണ്ണൂരിലെ കേന്ദ്രസംഘവും അതിനു കീഴില്‍ 22 പ്രൈമറി സംഘങ്ങളുമായി പ്രവര്‍ത്തനമാരംഭിച്ച ദിനേശ് ബീഡി പ്രതീക്ഷിച്ചതിലുമേറെ വേഗത്തില്‍ വലിയൊരു സഹകരണപ്രസ്ഥാനമായി വളര്‍ന്നു.

എണ്‍പതുകളില്‍, ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനം എന്ന ഖ്യാതിയിലേക്ക് കേരള ദിനേശ് സഹകരണ സംഘം ഉയര്‍ന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലായി പ്രൈമറി സംഘങ്ങളും, അരലക്ഷത്തോളം തൊഴിലാളികളും ദിനേശ് എന്ന ബ്രാന്‍ഡിനു കീഴില്‍ പ്രവര്‍ത്തിച്ചു. പ്രവര്‍ത്തനം തുടങ്ങിയ വര്‍ഷം 50,000 രൂപയായിരുന്നു സംഘത്തിന്റെ ലാഭമെങ്കില്‍, 1994-95 സാമ്പത്തിക വര്‍ഷത്തില്‍ അത് 44 കോടിയായി. ബീഡി എന്നൊരൊറ്റ ഉല്പന്നം മാത്രം നിര്‍മിച്ചുകൊണ്ടായിരുന്നു സംഘം ഈ നേട്ടത്തിലേക്കെത്തിയതെന്നോര്‍ക്കണം.

ഒരു ഘട്ടത്തില്‍, ഇന്ത്യയിലെ പുകയില വിപണിയുടെ ഏറിയ പങ്കും ദിനേശ് ബീഡിയുടെ കൈകളിലായിരുന്നു. തൊഴിലാളി വിരുദ്ധരായ സ്വകാര്യ ബീഡിക്കമ്പനികളെല്ലാം ദിനേശ് ബീഡിയ്ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞു. ഗുണമേന്മയിലും മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലും ദിനേശിനൊപ്പമെത്താനാകാതെ അവര്‍ തളര്‍ന്നു. തൊഴിലാളി സഹകരണ സ്ഥാപനമായതിനാല്‍, ദിനേശ് ബീഡിയിലെ തൊഴിലിടവും അന്തരീക്ഷവും ഏറെ മെച്ചപ്പെട്ടതായിരുന്നു.

തൊഴില്‍ ചൂഷണം പാടെ ഇല്ലാതായെന്നു മാത്രമല്ല, അതുവരെ അസംഘടിതരായിരുന്ന ബീഡിത്തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ലാത്ത പ്രസവാവധി, ഗ്രാറ്റുവിറ്റി, സിക്ക് ലീവ്, പെയ്ഡ് ലീവ്, ആശ്രിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ എന്നിവയും സംഘം പ്രാബല്യത്തില്‍ കൊണ്ടുവന്നു. സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ ലോകത്തിനു തന്നെ മാതൃക സൃഷ്ടിക്കുകയായിരുന്നു ദിനേശ് ബീഡി. ദിനേശ് ബീഡി സഹകരണ സംഘത്തിന്റെ വിജയത്തെക്കുറിച്ച് ലോകപ്രസിദ്ധ സാമ്പത്തിക ശാസ്ത്ര ജേണലുകളില്‍ പഠനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടേണ്ട തൊഴില്‍ വിപ്ലവം, സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് പിന്തുടരാവുന്ന മാതൃക, വര്‍ഗ്ഗസമരവിജയത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ – ഇതെല്ലാമായിരിക്കുമ്പോഴും, ദിനേശ് ബീഡിയെ വിലയിരുത്തേണ്ടത് മറ്റു ചില ഘടകങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടാണ്. വടക്കേ മലബാറില്‍ ഒരു പുതിയ സാംസ്‌കാരിക വിപ്ലവത്തിനു കൂടി വിത്തുപാകിയ പ്രസ്ഥാനമാണ് ദിനേശ് ബീഡി. ദിനേശിന്റെ ബീഡി തെറുപ്പു കേന്ദ്രങ്ങളില്‍ ജോലിസമയം ആരംഭിക്കുന്നതു മുതല്‍ ഉച്ചത്തില്‍ പത്രവായന കേള്‍ക്കാം. പ്രസ്ഥാനം സ്ഥാപിതമായതു മുതല്‍ പിന്തുടര്‍ന്നു പോരുന്ന ഒരു പതിവാണിത്.

സംഘത്തിലെ മേല്‍നോട്ടം നിര്‍വഹിക്കുന്നയാളോ, അല്ലെങ്കില്‍ തൊഴിലാളികളിലൊരാളോ ദിനപത്രത്തിലെ വാര്‍ത്തകള്‍ ഉറക്കെ വായിക്കും. മറ്റു തൊഴിലാളികള്‍ ബീഡിയില വെട്ടുകയും ബീഡി തെറുക്കുകയും ചെയ്യുന്നതിനിടെ ഇത് ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്യും. കണ്ണൂരിലെ ഉള്‍ഗ്രാമങ്ങളിലെ സാധാരണക്കാരായ കൂലിത്തൊഴിലാളികള്‍ അമേരിക്കയിലും റഷ്യയിലും ബ്രിട്ടനിലും ചൈനയിലും നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് ബോധവാന്‍മാരായി. പാര്‍ലമെന്റിലും നിയമനിര്‍മാണസഭകളിലും നടക്കുന്ന കാര്യങ്ങളെക്കുരിച്ച് അവരറിഞ്ഞു. അവര്‍ ലോകോത്തര സാഹിത്യങ്ങളും നോവലുകളും കവിതകളും കഥകളുമെല്ലാം വായിച്ചും കേട്ടും വളര്‍ന്നു. അഭ്യസ്തവിദ്യരല്ലാത്ത, അടിസ്ഥാനവര്‍ഗ്ഗക്കാരായ ബീഡിതെറുപ്പു തൊഴിലാളികള്‍ അങ്ങനെ ലോകകാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായി, രാഷ്ട്രീയ സാക്ഷരരായി. ജോലിയ്ക്കിടെ അവര്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തു.

ഒരു കാലഘട്ടത്തില്‍ മലബാറിലെ ഗ്രാമങ്ങളില്‍ ബീഡി തെറുത്തു ജീവിച്ച ഒരു തലമുറയെ ദിനേശ് ബീഡി സ്വാധീനിച്ചത് ഇങ്ങനെ കൂടിയാണ്. ഒരു തൊഴില്‍ സംരഭവും അവിടുത്തെ തൊഴില്‍ സംസ്‌കാരവും അങ്ങേയറ്റം പിന്നോക്കമായി നിന്നിരുന്ന ഒരു പ്രദേശത്തിന്റെ സാമൂഹികതയെയും ജീവിതനിലവാരത്തെയും മാറ്റി മറിച്ചതിന്റെ ഉദാഹരണം കൂടിയാണ് കേരള ദിനേശ് ബിഡി. ഇന്നും ബീഡി തെറുപ്പിനൊപ്പം പത്രത്തിലെയും റേഡിയോയിലെയും വാര്‍ത്തകള്‍ക്ക് കാതോര്‍ക്കുന്ന ശീലം ഇവിടെ തുടര്‍ന്നു പോരുന്നുണ്ട്. സംഘത്തിലെ തൊഴിലാളികളില്‍ ഏറിയ പങ്കും അന്നും ഇന്നും സ്ത്രീകളാണ്. ഒപ്പം, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ശക്തിസ്രോതസ്സു കൂടിയായിരുന്നു ദിനേശ് ബീഡി സഹകരണ സംഘം.

മാര്‍ക്കറ്റ് അടക്കിഭരിച്ചുകൊണ്ടുള്ള ദിനേശ് ബീഡിയുടെ സുവര്‍ണകാലഘട്ടം പക്ഷേ, അധികകാലം നീണ്ടുനിന്നില്ല. 1990കള്‍ മുതല്‍ ബീഡി വ്യവസായം രാജ്യത്ത് വലിയ തിരിച്ചടികള്‍ നേരിട്ടു തുടങ്ങി. ഇതിന് പല കാരണങ്ങളുണ്ടായിരുന്നു. വ്യാജ ബീഡികളുടെ വരവായിരുന്നു അതിലൊന്ന്. ഒപ്പം വിലകുറഞ്ഞ മറ്റു ബീഡികളും മാര്‍ക്കറ്റിലെത്തിത്തുടങ്ങി. തിരുനെല്‍വേലിയിലും ബംഗാളിലും മറ്റും നിര്‍മിക്കുന്ന ഇത്തരം ബീഡികള്‍, തൊഴില്‍ചൂഷണത്തിന്റെ ഉല്പന്നമായിരുന്നു. അതുകൊണ്ടുതന്നെ, മുതല്‍മുടക്കും കുറവായിരുന്നു.

തൊഴിലാളികള്‍ക്ക് അര്‍ഹിക്കുന്ന വേതനവും ആനുകൂല്യങ്ങളും നല്‍കി പ്രവര്‍ത്തിക്കുന്ന ദിനേശ് ബീഡിയ്ക്ക് ഇവയോടു കിടപിടിക്കുന്ന തരത്തില്‍ വില കുറച്ചു ബീഡി വില്‍ക്കാനായില്ല. മറ്റിടങ്ങളില്‍ തൊഴിലാളികള്‍ക്ക് 1000 ബീഡി തെറുത്താല്‍ ലഭിക്കുക നൂറു രൂപയില്‍ത്താഴെയാണെങ്കില്‍, ദിനേശ് ബീഡിയില്‍ അത് അഞ്ഞൂറിലധികമാണ്. ഇതിനൊപ്പം, പുകവലിയ്‌ക്കെതിരായി രൂപപ്പെട്ടുകൊണ്ടിരുന്ന അവബോധവും സര്‍ക്കാര്‍ നിലപാടുകളും ബീഡിവ്യവസായത്തെ മൊത്തത്തിലും ദിനേശ് ബീഡിയെ പ്രത്യേകിച്ചും വല്ലാതെ ബാധിച്ചു. ജി.എസ്.ടി കൂടി നിലവില്‍ വന്നതോടെ പ്രതിസന്ധി ഏറെ രൂക്ഷമായി.

എന്നാല്‍, പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും അതിജീവിക്കാന്‍ തന്നെയായിരുന്നു കേരള ദിനേശ് ബീഡി സഹകരണ സംഘത്തിന്റെ തീരുമാനം. സംഘത്തിനെ ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ കൈവിടുക എന്നത് ചിന്തിക്കാന്‍ പോലുമാകില്ലായിരുന്നു. ശൂന്യതയില്‍ നിന്നും ആരംഭിച്ച് ഇത്രയും വളര്‍ന്നു കഴിഞ്ഞ സംഘത്തിന് പുതിയ പ്രതിസന്ധികളിലും പിടിച്ചു നില്‍ക്കുക എന്നത് വലിയ വെല്ലുവിളിയായില്ല. ബീഡിയെ മാത്രം ആശ്രയിച്ചു നിന്നിരുന്ന സഹകരണ സംഘം പതിയെ വൈവിധ്യവല്‍ക്കരണത്തിലേക്ക് കാലെടുത്തു വച്ചു. മറ്റു തൊഴില്‍ മേഖലകളിലേക്ക് കൂടി സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും, അതുവഴി തൊഴിലാളികളെ സംരക്ഷിക്കാനുമായിരുന്നു നീക്കം.

അതിന്റെ ഭാഗമായി, 1997ല്‍ സംഘം കണ്ണൂരില്‍ മൂന്ന് ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ തുടങ്ങി. ദിനേശ് ഫുഡ്‌സ് എന്ന് പേരും നല്‍കി. രണ്ടു വര്‍ഷത്തിനു ശേഷം 99ല്‍, ദിനേശ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സിസ്റ്റംസ് എന്ന പേരില്‍ മറ്റൊരു സ്ഥാപനവും ആരംഭിച്ചു. സഹകരണമേഖലയിലെ ബാങ്കുകളുടെ സോഫ്‌റ്റ്വെയര്‍ ജോലികള്‍ ഈ സ്ഥാപനത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്. തൊട്ടടുത്ത വര്‍ഷം സംഘം മൂന്ന് കുടനിര്‍മാണ യൂണിറ്റുകളും ആരംഭിച്ചു. ഇതിനൊപ്പം ദിനേശ് അപ്പാരല്‍സ് എന്ന വസ്ത്രനിര്‍മാണ യൂണിറ്റും സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. കേരള ദിനേശിന്റെ ഉല്പന്നങ്ങള്‍ക്ക് വിദേശരാജ്യങ്ങളിലടക്കം ഇന്ന് വിപണിയുണ്ട്.

നൂതനമായ പല ബിസിനസ് മോഡലുകളും ഇന്ന് ദിനേശ് ബീഡി സഹകരണ സംഘത്തിനു കീഴില്‍ ഒരുങ്ങുന്നുണ്ട്. തേങ്ങാപ്പാല്‍ വില്‍പനയും ദിനേശ് കഫേ എന്ന റസ്റ്റോറന്റ് ശൃംഖലയുമാണ് അക്കൂട്ടത്തില്‍ ഏറ്റവും പുതിയത്. വാഷിംഗ് പൗഡര്‍ നിര്‍മാണ യൂണിറ്റുകള്‍, കാറ്ററിംഗ് സെന്റര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഓഡിറ്റോറിയം എന്നിവയും വിജയകരമായിത്തന്നെ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വിവിധ ദേശീയ പുരസ്‌കാരങ്ങളക്കം അനേകം അംഗീകാരങ്ങള്‍ കേരള ദിനേശ് സഹകരണ സംഘത്തെ തേടിയെത്തിയിട്ടുണ്ട്.

ഒരിക്കല്‍ 125 കോടി വിറ്റുവരവില്‍ നിന്നും നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തിയിട്ടും, ഉജ്ജ്വലമായ തിരിച്ചുവരവിന്റെ പാതയിലാണ് കേരള ദിനേശ് സഹകരണ സംഘം. അരനൂറ്റാണ്ടിലേറെയായി ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കിപ്പോരുന്ന സഹകരണസംഘമെന്ന നിലയില്‍, കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തില്‍ ചെറുതല്ലാത്ത പങ്കാണ് കേരള ദിനേശിനുള്ളത്. ബീഡിയില്‍ നിന്നും മറ്റു മേഖലകളിലേക്ക് വ്യാപിച്ചെങ്കിലും, ബീഡി നിര്‍മാണം ഇന്നും സംഘം നിര്‍ത്തിയിട്ടില്ല.

അടിസ്ഥാനവര്‍ഗ്ഗക്കാരായ തൊഴിലാളികള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, നാളെയെക്കുറിച്ച് പ്രതീക്ഷകള്‍ ഉണ്ടാക്കിക്കൊടുത്തിട്ടുള്ള പ്രസ്ഥാനമാണിത്. വര്‍ഗ സമരങ്ങളെക്കുറിച്ചും കൂട്ടായ്മയിലൂടെയുള്ള അതിജീവനത്തിനെക്കുറിച്ചും ഒരു തലമുറയെ പഠിപ്പിച്ച പ്രസ്ഥാനം. നാളെത്ര കഴിഞ്ഞാലും കേരളത്തിന്റെ മുഖമുദ്രയായി, അവകാശപ്പോരാട്ടത്തിന്റെ ചിഹ്നമായി കേരള ദിനേശ് ബീഡി എന്ന പേരും ഉദിച്ചുയരുന്ന സൂര്യന്റെ ചിത്രമുള്ള ആ ബീഡിക്കവറും മലയാളികളുടെ ഓര്‍മയില്‍ അങ്ങിനെ തന്നെ നിലനില്‍ക്കും.

Content Highlight: History of Kerala Dinesh beedi

ശ്രീഷ്മ കെ

We use cookies to give you the best possible experience. Learn more