കോഫീ ഹൗസ് ഉണ്ടായ കഥ
Details
കോഫീ ഹൗസ് ഉണ്ടായ കഥ
ശ്രീഷ്മ കെ
Sunday, 18th April 2021, 4:58 pm

1957 ജൂണ്‍ 25. ബാംഗ്ലൂരിലെ കബ്ബണ്‍ പാര്‍ക്കില്‍ ഒരു തൊഴിലാളി സംഘടനയുടെ യോഗം നടക്കുകയാണ്. അതീവ ദുഃഖത്തിലും ആശങ്കയിലുമാണ് യോഗത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികളെല്ലാം. വലിയൊരു പ്രതിസന്ധിയാണ് അന്ന് അവര്‍ക്കുമുന്നിലുണ്ടായിരുന്നത്. അവരടങ്ങുന്ന സാധാരണക്കാരായ ആയിരക്കണത്തിന് തൊഴിലാളികളുടെ ജോലി ഏതാനും ദിവസങ്ങള്‍ക്കകം നഷ്ടപ്പെടാന്‍ പോകുകയാണ്. കേന്ദ്രസര്‍ക്കാറിന് കീഴിലെ കോഫീബോര്‍ഡ് നേരിട്ട് നടത്തിയിരുന്ന കോഫി ഹൗസുകളുടെ ശൃംഖല പൂട്ടി അവിടുത്തെ തൊഴിലാളികളെ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ നീക്കമായിരുന്നു ചര്‍ച്ചാ വിഷയം.

മാസങ്ങളോളമായി തുടര്‍ന്നുപോന്നിരുന്ന അനുനയ ശ്രമങ്ങളെല്ലാം ഫലം കാണാതെ പരാജയപ്പെട്ടിരിക്കുകയാണ്. തൊഴിലാളി യൂണിയന്‍ നേതാക്കള്‍ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടും, പലയിടങ്ങളില്‍ ഹര്‍ജികള്‍ നല്‍കിയിട്ടും, സമരങ്ങള്‍ ചെയ്തിട്ടും അനുകൂലമായ നീക്കങ്ങളൊന്നും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. തൊഴിലാളികളെല്ലാം പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്. പലരും മറ്റു തൊഴിലുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങളിലേക്കു നീങ്ങിയിരുന്നു. ചിലരാകട്ടെ, മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാതെ ഉന്നത ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്സുകളില്‍ വീട്ടുവേല ചെയ്യാന്‍ തുടങ്ങിയിരുന്നു. മറ്റു ചിലര്‍, ജീവിതത്തെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് വിധിയെ പഴിച്ചു കൊണ്ടിരുന്നു.

മുന്നോട്ടൊരു വഴിയും കാണാതെ പിന്തിരിയാന്‍ ഒരുങ്ങി നിന്നിരുന്ന ആ തൊഴിലാളികളുടെ അന്നത്തെ ബാംഗ്ലൂര്‍ യോഗത്തിലേക്ക്, യൂണിയന്‍ നേതാവായ എ.കെ.ജി കടന്നുവന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായ സാക്ഷാല്‍ എ.കെ ഗോപാലന്‍. അതുവരെ ആരും ചിന്തിക്കുക പോലും ചെയ്തിട്ടില്ലാത്ത ഒരു പോംവഴി അദ്ദേഹം അന്ന് മുന്നോട്ടുവച്ചു – നഷ്ടത്തിലാണെന്ന പേരില്‍ പൂട്ടാന്‍ പോകുന്ന ആ സ്ഥാപനശൃംഖല, പിരിച്ചുവിടപ്പെടാന്‍ പോകുന്ന അവിടുത്തെ തൊഴിലാളികള്‍ ഏറ്റെടുത്തു നടത്തണം.

എ.കെ. ഗോപാലന്‍

യോഗത്തിലുണ്ടായിരുന്നവരെല്ലാം അത്ഭുതത്തോടെ ചുറ്റും നോക്കി. അവരുടെ സ്വപ്നങ്ങളില്‍ നിന്നുപോലും എത്രയോ അകലെയായിരുന്നു എ.കെ.ജിയുടെ ആ നിര്‍ദ്ദേശം. കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടുപോന്നിരുന്ന ഒരു ബോര്‍ഡ് – അതും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഐ.എ.എസുകാരും മാത്രം ഭരിച്ചിട്ടുള്ള ഒരു ബോര്‍ഡ് – തീര്‍ത്തും സാധാരണക്കാരായ തൊഴിലാളികള്‍ എങ്ങനെ ഏറ്റെടുത്തു നടത്താനാണ്? അതിന് സര്‍ക്കാര്‍ അനുമതി ലഭിക്കുമോ? ലഭിച്ചാല്‍ത്തന്നെ അത്രയും വലിയൊരു സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതകളില്ലാത്ത അടിസ്ഥാനവര്‍ഗ്ഗക്കാരായ തൊഴിലാളികള്‍ക്ക് എങ്ങനെയാണ് സാധിക്കുക? ഇങ്ങനെ നൂറു കണക്കിന് ചോദ്യങ്ങളുയര്‍ന്നുവന്നു.

അതിനെല്ലാമുത്തരമായി, അവിടെ കൂടിയിരുന്ന സംഘടനാപ്രവര്‍ത്തകരോട് എ.കെ.ജി പറഞ്ഞു: ‘തൊഴിലാളികളാണ് നിങ്ങള്‍. തൊഴിലാളികള്‍ ലോകം ഭരിക്കേണ്ടവരാണ്. നിങ്ങള്‍ക്കിത് വളരെ നിസ്സാരമായൊരു കാര്യമാണ്. ഈ സ്ഥാപനം നിങ്ങള്‍ നേരിട്ട് എറ്റെടുക്കണം, ഭരിക്കണം. മുതലാളിമാരില്ലാതെ നിങ്ങളിത് മുന്നോട്ടു കൊണ്ടുപോകണം.’ വടക്കന്‍ മലബാറിലെ ബീഡിക്കമ്പനികള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ജീവിതം പെരുവഴിയിലാകേണ്ടിയിരുന്ന ആയിരക്കണക്കിന് തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ ഉടമസ്ഥതയില്‍ കേരള ദിനേശ് ബീഡി എന്ന വിപ്ലവകരമായ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നതിന് മുന്നിലുണ്ടായിരുന്ന എ.കെ ഗോപലാന് തന്റെ ആശയത്തില്‍ ആശങ്കകളുണ്ടായിരുന്നില്ല.

അക്കാലത്തിനുള്ളില്‍ ഇന്ത്യയിലെ തൊഴിലാളി വര്‍ഗ പോരാട്ടങ്ങളുടെ മുഖമായി മാറിയിരുന്ന എ.കെ.ജി പകര്‍ന്നുകൊടുത്ത ഊര്‍ജ്ജത്തില്‍, അന്നത്തെ സംഘടനായോഗം ആ സുപ്രധാന തീരുമാനമെടുത്തു – ബാംഗ്ലൂരിലെ ഇന്ത്യന്‍ കോഫി ഹൗസ് തൊഴിലാളികള്‍ ഏറ്റെടുക്കും. അടുത്ത സ്വാതന്ത്ര്യ ദിനത്തില്‍ സ്ഥാപനം തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. സ്വതന്ത്ര ഇന്ത്യയിലെ സഹകരണപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലായി ആ തീരുമാനം മാറി.

കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച കോഫീ ബോര്‍ഡിനു കീഴിലെ കോഫി ഹൗസുകള്‍, ചുരുങ്ങിയ കാലത്തിനുള്ളില്‍ തൊഴിലാളികള്‍ ഏറ്റെടുത്ത് ഇന്ത്യന്‍ കോഫി ഹൗസ് എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു. വിവിധ തൊഴിലാളി സഹകരണ സംഘങ്ങളുടെ കീഴില്‍ രാജ്യത്തെ എല്ലാ നഗരങ്ങളിലും ഇന്ത്യന്‍ കോഫി ഹൗസുകള്‍ സ്ഥാപിക്കപ്പെട്ടു. രാജാക്കന്മാരുടെ വേഷത്തില്‍ വിളമ്പുകാരെത്തുന്ന, എ.കെ.ജിയുടെ ഛായാചിത്രം ചുമരില്‍ തൂങ്ങുന്ന കോഫി ഹൗസുകള്‍ നമ്മുടെയെല്ലാം നിത്യജീവിതത്തിന്റെ തന്നെ ഭാഗമായി മാറി.

പലപ്പോഴും ഗൃഹാതുരതയുടെയും നല്ല ഓര്‍മകളുടെയും കഥകളാണ് കോഫി ഹൗസിനോടു ചേര്‍ത്ത് പറയാനുണ്ടാവുക. എന്നാല്‍ രാജ്യം കണ്ട ഏറ്റവും ആവേശകരമായ ഒരു തൊഴിലാളി സമരത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ഇന്ത്യന്‍ കോഫി ഹൗസിന്റേത്. മുതലാളിയില്ലാത്ത, തൊഴിലാളികള്‍ തമ്മില്‍ അന്തരമില്ലാത്ത, അക്ഷരാര്‍ത്ഥത്തില്‍ സഹകരണപ്രസ്ഥാനമായി രാജ്യത്തിന് മാതൃകയായ ഒരു സ്ഥാപനത്തിന്റെ കഥ.

ഇന്ത്യന്‍ കോഫി ഹൗസ് എന്ന പേരിനൊപ്പം ആദ്യം ഓര്‍മയിലെത്തുന്നത് ആവി പറക്കുന്ന കാപ്പിയോ, ചുവന്ന മസാലയുള്ള മസാലദോശയോ, ബീറ്റ്റൂട്ടിട്ട കട്ലറ്റോ അതല്ലെങ്കില്‍ അവിടെ ചിലവഴിച്ച നല്ല ചില നിമിഷങ്ങളോ ആവാം. എന്നാല്‍, ആ പേരിനു പിറകിലുള്ള സമരചരിത്രമാണ് കൂടുതല്‍ പ്രാധാന്യത്തോടെ അടയാളപ്പെടുത്തപ്പെടേണ്ടത്. കോഫി ഹൗസുകളിലെ എ.കെ.ജിയുടെ ഛായാചിത്രത്തിനു പിറകില്‍ ആയിരക്കണക്കിന് തൊഴിലാളികളുടെ കണ്ണീരിന്റെയും വിയര്‍പ്പിന്റെയും പോരാട്ടത്തിന്റെയും കഥകളുണ്ട്. ഒരു രാജ്യത്തെയാകെ കാപ്പി കുടിക്കാന്‍ പഠിപ്പിച്ച പ്രസ്ഥാനം മാത്രമല്ല ഇന്ത്യന്‍ കോഫി ഹൗസ്. അതിജീവനത്തിന്റെ, ആത്മാഭിമാനത്തിന്റെ, വര്‍ഗ്ഗസമരങ്ങളുടെ ജീവിക്കുന്ന സ്മാരകം കൂടിയാണ് ഇന്ത്യന്‍ കോഫി ഹൗസ്.

കോഫി ഹൗസുകളുടെ ചരിത്രമന്വേഷിച്ചു പോയാല്‍, നൂറ്റാണ്ടുകള്‍ പിന്നിലേക്ക് നടക്കേണ്ടിവരും. പാശ്ചാത്യരാജ്യങ്ങളില്‍ പതിനേഴാം നൂറ്റാണ്ടു മുതല്‍ക്കു തന്നെ കോഫി ഹൗസ് സംസ്‌കാരം വ്യാപിച്ചുതുടങ്ങിയിരുന്നു. കാപ്പിയും ലഘുഭക്ഷണങ്ങളും ലഭിക്കുന്നയിടം എന്നതിനേക്കാള്‍, ഉപരിവര്‍ഗ്ഗത്തിന്റെ ബൗദ്ധികവ്യായാമകേന്ദ്രം കൂടിയായിരുന്നു ഇത്തരം കോഫി ഹൗസുകള്‍. ചിന്തകരും എഴുത്തുകാരും ഗവേഷകരും വിദ്യാര്‍ത്ഥികളുമെല്ലാമായിരുന്നു ഇവിടുത്തെ സ്ഥിരം സന്ദര്‍ശകര്‍. പുതിയ ചിന്തകളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകളും സാഹിത്യ സംവാദങ്ങളുമെല്ലാം കോഫി ഹൗസുകളില്‍ നടക്കുമായിരുന്നു. ഒരു പെന്നി വിലയുള്ള കാപ്പി ലഭിക്കുന്ന ഈ കോഫി ഹൗസുകളെ അവര്‍ ‘പെന്നി യൂണിവേഴ്സിറ്റി’ എന്ന് ഓമനപ്പേരിട്ടാണ് വിളിച്ചിരുന്നത്.

കോഫി ഹൗസ് സംസ്‌കാരം ബ്രിട്ടീഷുകാര്‍ വഴി ഇന്ത്യയിലെത്തിയപ്പോഴും ഇതില്‍ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല. 1780ല്‍ കൊല്‍ക്കത്തയിലാണ് ഇന്ത്യയിലെ ആദ്യത്തെ കോഫി ഹൗസ് പ്രവര്‍ത്തനമാരംഭിക്കുന്നത്. പിന്നീട് മദ്രാസിലും ബാംഗ്ലൂരിലുമെല്ലാം തുടങ്ങിയ ഇത്തരം കോഫി ഹൗസുകളും കോഫി ക്ലബ്ബുകളുമെല്ലാം ബ്രിട്ടീഷുകാരുടെ വിനോദത്തിനും ഒത്തുചേരലിനും വേണ്ടിയുള്ളതായിരുന്നു എന്നതാണ് വാസ്തവം. പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോഫി ബോര്‍ഡ് സ്ഥാപിക്കപ്പെടുന്നതും, ഇന്നു കാണുന്ന രൂപത്തിലുള്ള ജനകീയ കോഫി ഹൗസുകള്‍ നിലവില്‍ വരുന്നതും.

കണ്‍സോളിഡേറ്റഡ് കമ്പനിയായിരുന്നു ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ കാപ്പിത്തോട്ടത്തിന്റെ ഉടമകള്‍. കമ്പനിയുടെ ചെയര്‍മാനാകട്ടെ, ഐവര്‍ബുള്‍ എന്ന ബ്രിട്ടീഷുകാരനും. ഇന്ത്യയിലെ കാപ്പിത്തോട്ടങ്ങളില്‍ ബ്രിട്ടീഷ് കമ്പനികള്‍ വിളവെടുത്തിരുന്ന കാപ്പിയ്ക്ക് രാജ്യത്തിനകത്തു തന്നെ മാര്‍ക്കറ്റുണ്ടാക്കാനുള്ള ശ്രമങ്ങളാരംഭിച്ചത് ഐവര്‍ബുള്ളാണ്. തോട്ടങ്ങളില്‍ വിറ്റുപോകാതെ കിടക്കുന്ന കാപ്പിയ്ക്ക് ലാഭകരമായ ഒരു പുതിയ വിപണിയുണ്ടാക്കാനായി, ഇന്ത്യന്‍ കാപ്പിവ്യവസായത്തെ രക്ഷിക്കാനെന്ന പേരില്‍ 1940ല്‍ ഐവര്‍ബുള്ളിന്റെ നേതൃത്വത്തില്‍ ഇന്ത്യാ കോഫീ മാര്‍ക്കറ്റ് എക്സ്പാന്‍ഷന്‍ ബോര്‍ഡ് രൂപീകരിച്ചു.

തോട്ടമുടമകളായിരുന്നു ബോര്‍ഡിലെ അംഗങ്ങളില്‍ ഭൂരിഭാഗവും. 1942ല്‍, ഈ സംവിധാനം കോഫി ബോര്‍ഡായി മാറി. കോഫി ബോര്‍ഡിനു കീഴിലാണ് പിന്നീട് ഇന്ത്യയില്‍ അങ്ങോളമിങ്ങോളം കോഫീ ഹൗസുകള്‍ പ്രവര്‍ത്തിച്ചത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ബോര്‍ഡില്‍ തോട്ടമുടമകളുടെ പ്രാതിനിധ്യം കുറഞ്ഞു, ചെയര്‍മാന്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥരെത്തി. ഇന്ത്യയിലെ കാപ്പിവ്യവസായത്തെക്കുറിച്ചുള്ള സര്‍വ തീരുമാനങ്ങളും കൈക്കൊണ്ടിരുന്നത് അന്ന് കോഫി ബോര്‍ഡായിരുന്നു.

തോട്ടമുടമകള്‍ ആഗ്രഹിച്ച പോലെ, കാപ്പിയ്ക്ക് ഇന്ത്യയില്‍ ഒരു വലിയ വിപണിയുണ്ടാക്കാനും അത് നിലനിര്‍ത്താനും കോഫി ബോര്‍ഡിനു സാധിച്ചു. അതിനൊപ്പം, നഗരവാസികളുടെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമായി കാപ്പിയെ മാറ്റാന്‍ കോഫി ഹൗസുകള്‍ക്കായി. ബ്രിട്ടീഷുകാര്‍ പതിറ്റാണ്ടുകളോളം ശ്രമിച്ചിട്ടും എത്തിപ്പിടിക്കാനാകാത്ത ജനസമ്മിതി കോഫി ഹൗസുകള്‍ വഴി ചുരുങ്ങിയ കാലയളവില്‍ കാപ്പിക്കു ലഭിച്ചു എന്നു പറയേണ്ടിവരും. കോഫി ബോര്‍ഡ് സ്ഥാപിതമാകുമ്പോള്‍ ഏതാണ്ട് അന്‍പതോളം കോഫി ഹൗസുകളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നത്. പാശ്ചാത്യര്‍ക്ക് കോഫി ഹൗസ് പെന്നി യൂണിവേഴ്സിറ്റിയായിരുന്നെങ്കില്‍, ഇന്ത്യക്കാര്‍ക്ക് അത് മറ്റൊരു തരത്തിലുള്ള സാംസ്‌കാരിക കേന്ദ്രങ്ങളായി മാറിത്തുടങ്ങിയിരുന്നു.

സാഹിത്യകാരും സംഗീതജ്ഞരും ചലച്ചിത്രകാരന്മാരുമെല്ലാം ഒരുകാലത്ത് ഈ കോഫി ഹൗസുകളിലെ നിത്യസാന്നിദ്ധ്യമായിരുന്നു. രവീന്ദ്രനാഥടാഗോര്‍, സത്യജിത്ത് റായ്, മന്നാഡേ, അമര്‍ത്യാ സെന്‍, മൃണാള്‍ സെന്‍, അപര്‍ണസെന്‍ എന്നിവരുടെയെല്ലാം പ്രധാന വിഹാരകേന്ദ്രമായിരുന്നു കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജിന് എതിര്‍വശത്തുള്ള കോഫിഹൗസ്. സാഹിത്യ-സിനിമാ ചര്‍ച്ചകള്‍ക്ക് കാപ്പി അകമ്പടി സേവിക്കുന്ന പതിവ് പതിയെ മറ്റു നഗരങ്ങളിലേക്കും പടര്‍ന്നു. ‘കോഫി ഹൗസ് ഇന്റലക്ച്വല്‍’ എന്നൊരു പദപ്രയോഗം തന്നെ അങ്ങനെ പുതുതായി ഉണ്ടായിവന്നു.

കോഫി ഹൗസുകളുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നതില്‍ ഏറെ വിയര്‍പ്പൊഴുക്കിയിട്ടുള്ളത് മലയാളികളാണെന്നതാണ് മറ്റൊരു കൗതുകം. കോഫി ബോര്‍ഡിന്റെ ആദ്യത്തെ സെക്രട്ടറി ഒരു മലയാളിയായിരുന്നു – ആലുവാ സ്വദേശിയായ എം.ജെ. സൈമണ്‍. സൈമണിന്റെ സ്വാധീനമാണ് ഇന്ത്യയിലെ കോഫി ഹൗസുകളില്‍ ഭൂരിഭാഗവും മലയാളി ജീവനക്കാരായി മാറാനുള്ള പ്രധാന കാരണം. നാട്ടില്‍ നിന്നും തൊഴിലന്വേഷിച്ച് മഹാനഗരങ്ങളിലെത്തിപ്പെട്ട പല മലയാളികള്‍ക്കും പല കാലങ്ങളില്‍ കോഫി ഹൗസ് അഭയസ്ഥാനമായിരുന്നു. മാത്രമല്ല, ഇന്നും ഇന്ത്യന്‍ കോഫി ഹൗസിന്റെ മുഖമുദ്രയായി നില്‍ക്കുന്ന സപ്ലയര്‍ യൂണിഫോം ആദ്യമായി ഈ രൂപത്തില്‍ തയ്യാറാക്കിയതും എം.ജെ സൈമണ്‍ തന്നെ.

കോഫി ഹൗസുകള്‍ ഇന്ത്യന്‍ നഗരങ്ങളില്‍ ആഴത്തില്‍ വേരൂന്നിക്കൊണ്ടിരുന്ന കാലഘട്ടത്തിലാണ് പൊടുന്നനെ കോഫീ ബോര്‍ഡ് പിരിച്ചുവിടാനുള്ള തീരുമാനമുണ്ടാകുന്നത്. ഇന്ത്യയിലെ കാപ്പി വിപണിയെ താങ്ങിനിര്‍ത്താന്‍ രൂപീകരിച്ച കോഫി ബോര്‍ഡ്, അതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്നതായിരുന്നു അടച്ചുപൂട്ടലിനു നല്‍കിയ ഒരു വിശദീകരണം. രാജ്യത്ത് ഇനി കാപ്പി പ്രചരിപ്പിക്കാന്‍ ഒരു ബോര്‍ഡിന്റെയോ, അതിനു കീഴില്‍ കോഫി ഹൗസുകളുടെയോ ആവശ്യമില്ല എന്ന അപ്രതീക്ഷിത തീരുമാനം ആശങ്കയിലാക്കിയത് അന്ന് കോഫി ഹൗസുകളില്‍ ജോലി ചെയ്തിരുന്ന ആയിരത്തോളം വരുന്ന കീഴ്ജീവനക്കാരെയാണ്.

കോഫി ഹൗസ് നഷ്ടത്തിലാണെന്ന ഓഡിറ്റ് കണക്കുകള്‍ അടിസ്ഥാനമാക്കി, അവ സ്വകാര്യവ്യക്തികള്‍ക്ക് കൈമാറാനുള്ള ശുപാര്‍ശ ആദ്യമായി ഉണ്ടാകുന്നത് 1951ലാണ്. 1952ല്‍, ഈ ശുപാര്‍ശ കോഫി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചു. 1956ല്‍ നിലവില്‍ വന്ന തോട്ട വ്യവസായ കമ്മീഷന്റെ കണ്ടെത്തലുകള്‍ ഈ തീരുമാനത്തിന് ബലമേകുന്നവയായിരുന്നു. കാപ്പിവ്യവസായത്തെ പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ കോഫി ഹൗസുകള്‍ നടത്തിക്കൊണ്ടുപോകേണ്ടതില്ല, ഇത്തരം സ്ഥാപനങ്ങള്‍ നന്നായി നടത്താനാകുക കച്ചവടക്കാര്‍ക്കാണ്, അതിനാല്‍, കോഫിഹൗസുകള്‍ വ്യവസായികള്‍ക്ക് കൈമാറണം – ഇത്രയുമായിരുന്നു പ്രധാന നിരീക്ഷണങ്ങള്‍.

കേന്ദ്രസര്‍ക്കാരിന്റെ അനുമതി കൂടെ ലഭിച്ചതോടെ പിന്നീട് അടച്ചുപൂട്ടല്‍ നടപടികള്‍ ധ്രുതഗതിയില്‍ മുന്നോട്ടുപോയി. കോഫി ബോര്‍ഡിന്റെ തലപ്പത്തിരുന്ന ഉന്നത ഉദ്യോഗസ്ഥരെ മറ്റു വകുപ്പുകളിലേക്ക് മാറ്റി, ഏറ്റവും താഴെക്കിടയിലുള്ള തൊഴിലാളികളെ പിരിച്ചുവിട്ടു. ജോലി നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങേണ്ടിവരുന്ന തൊഴിലാളികളെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും കോഫി ബോര്‍ഡിന്റെ യോഗങ്ങളില്‍ അജണ്ടയായില്ല. കോഫി ഹൗസുകള്‍ ജനകീയമാക്കിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സാധാരണക്കാരായ തൊഴിലാളികള്‍ സര്‍ക്കാറിനാല്‍ ക്രൂരമായി വഞ്ചിക്കപ്പെട്ടു.

എന്നാല്‍, തൊഴിലാളികള്‍ക്കായി ശബ്ദിക്കാന്‍ കോഫി ബോര്‍ഡിലെ ലേബര്‍ യൂണിയന്‍ രംഗത്ത് വന്നു. 1947 മുതല്‍ ബോര്‍ഡിലെ തൊഴിലാളികള്‍ക്കിടയില്‍ രഹസ്യമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു യൂണിയന്‍. യൂണിയന്റെ സമ്മര്‍ദ്ദപ്രകാരം രാഷ്ട്രീയ നേതാക്കളും പാര്‍ലമെന്റംഗങ്ങളും അന്നത്തെ കേന്ദ്രമന്ത്രിമാരെ നേരില്‍ക്കണ്ട് കോഫി ഹൗസ് അടച്ചുപൂട്ടരുതെന്ന് അഭ്യര്‍ത്ഥിച്ചു. പക്ഷേ ഫലമുണ്ടായില്ല. മറ്റു വഴികളെല്ലാം അടഞ്ഞതോടെയാണ്, സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് കോഫി ബോര്‍ഡുകള്‍ തൊഴിലാളികള്‍ ഏറ്റെടുക്കണം എന്ന നിര്‍ദ്ദേശവുമായി എ.കെ.ജിയുടെ ഇടപെടലുണ്ടായത്.

വിപ്ലവകരമായ ഒരു തീരുമാനമായിരുന്നു അതെങ്കിലും, കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. തൊഴിലാളികളുടെ സമരങ്ങള്‍ വകവയ്ക്കാതെ പിരിച്ചുവിടല്‍ ഉത്തരവുകള്‍ ഘട്ടം ഘട്ടമായി പുറത്തിറങ്ങിക്കൊണ്ടിരുന്നു. ഒടുവില്‍, തൊഴിലാളികളും നേതാക്കളും മരണം വരെ നിരാഹാരമിരിക്കുമെന്ന് ലേബര്‍ യൂണിയന്‍ പ്രഖ്യാപിക്കുക വരെ ചെയ്തു. എന്നാല്‍, കോഫി ബോര്‍ഡ് ഒരു തരത്തിലും സഹകരിക്കാന്‍ തയ്യാറായിരുന്നില്ല. തൊഴിലാളികളുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ കോഫി ഹൗസ്, പ്രഖ്യാപിച്ച തീയതിയില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഔദ്യോഗിക തടസ്സങ്ങള്‍ കാരണം സാധിച്ചില്ല.

എങ്കിലും, എ.കെ.ജിയും തൊഴിലാളികളും പിന്‍വാങ്ങിയില്ല. രാജ്യം മുഴുവന്‍ സഞ്ചരിച്ച് എ.കെ.ജി കോഫി ഹൗസ് തൊഴിലാളികളെ സംഘടിപ്പിച്ചു. 1957 ആഗസ്ത് 19ന് ഇന്ത്യയിലെ ആദ്യത്തെ കോഫി ബോര്‍ഡ് തൊഴിലാളി സഹകരണ സംഘം ബാംഗ്ലൂരില്‍ രൂപംകൊണ്ടു. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ അനുമതി കൂടി ലഭിച്ചതോടെ, അതേവര്‍ഷം ഒക്ടോബര്‍ 27ന് ദില്ലിയില്‍ സഹകരണ സംഘത്തിനു കീഴിലെ ആദ്യത്തെ കോഫീ ഹൗസ് പ്രവര്‍ത്തനമാരംഭിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വിജയകരമായ തൊഴിലാളി മുന്നേറ്റങ്ങളിലൊന്നിന്റെ ആരംഭമായിരുന്നു അത്.

ആദ്യഘട്ടത്തിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളും ആശങ്കകളുമെല്ലാം മറികടന്ന്, ഇന്ത്യന്‍ കോഫി ഹൗസുകള്‍ അതിവേഗം വളര്‍ന്നുതുടങ്ങുകയായിരുന്നു പിന്നീട്. ദില്ലിക്കു ശേഷം തൊട്ടടുത്ത വര്‍ഷം ബാംഗ്ലൂരിലും സഹകരണസംഘത്തിനു കീഴില്‍ കോഫി ഹൗസ് സ്ഥാപിക്കപ്പെട്ടു. പിന്നീട് പോണ്ടിച്ചേരിയിലും പ്രവര്‍ത്തനമാരംഭിച്ച ശേഷം, നാലാമതായാണ് തൊഴിലാളി കോഫി ഹൗസ് കേരളത്തിലെത്തിയത്. 1958 മാര്‍ച്ച് 8ന് തൃശ്ശൂരിലായിരുന്നു കേരളത്തിലെ ആദ്യ ഇന്ത്യന്‍ കോഫി ഹൗസിന്റെ ആരംഭം. തെക്കേ ഗ്രൗണ്ടിലുള്ള മംഗളോദയം കെട്ടിടത്തില്‍ 13 ജീവനക്കാരുമായി പ്രവര്‍ത്തനം തുടങ്ങിയ തൃശ്ശൂര്‍ കോഫി ഹൗസിന്റെ ആദ്യത്തെ മൂലധനം 2100 രൂപയായിരുന്നു. ഒരു കപ്പ് കാപ്പിയുടെ അന്നത്തെ വിലയാകട്ടെ, പത്തു പൈസയും. തൊട്ടുപിന്നാലെ തലശ്ശേരിയില്‍ കേരളത്തിലെ രണ്ടാമത്തെ കോഫി ഹൗസും സ്ഥാപിതമായി. കോഫി ബോര്‍ഡ് ലേബറേഴ്സ് യൂണിയന്റെ സ്ഥാപകനേതാക്കളിലൊരാളും രാജ്യത്തെ കോഫിഹൗസുകളുടെ കൂട്ടായ്മയുടെ ഡയറക്ടറുമായിരുന്ന എന്‍.എസ് പരമേശ്വന്‍പിള്ളയ്ക്കായിരുന്നു കേരളത്തില്‍ കോഫി ഹൗസുകള്‍ സ്ഥാപിക്കാനുള്ള ചുമതല. ഇന്ത്യന്‍ കോഫി ഹൗസിന്റെ ലഭ്യമായ ഒരേയൊരു ലിഖിത ചരിത്രമായ ‘കോഫി ഹൗസിന്റെ കഥ’ എന്ന പുസ്തകം ഇദ്ദേഹത്തിന്റേതാണ്.

നിലവില്‍, രണ്ട് സഹകരണ സംഘങ്ങളായാണ് കേരളത്തില്‍ ഇന്ത്യന്‍ കോഫി ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നത്. തെക്കന്‍ കേരളത്തിലെ കോഫി ഹൗസുകളുടെ ചുമതല തൃശ്ശൂര്‍ ആസ്ഥാനമായ സംഘത്തിനാണ്. വടക്കന്‍ കേരളത്തിലെ കോഫി ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നതാകട്ടെ, കണ്ണൂര്‍ ആസ്ഥാനമായ സംഘത്തിനു കീഴിലും. ഈ രണ്ടു സംഘങ്ങള്‍ക്കു കീഴിലായി ഏകദേശം എണ്‍പതോളം കോഫി ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

രാജ്യത്തൊട്ടാകെ പതിമൂന്ന് സഹകരണ സംഘങ്ങളും അവയ്ക്കു കീഴില്‍ നാന്നൂറിലധികം കോഫി ഹൗസുകളും ഇപ്പോഴുണ്ട്. തൊഴിലാളികള്‍ക്കു കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോഴും, സാംസ്‌കാരിക കേന്ദ്രമെന്ന നിലയിലുള്ള പരിവേഷം ഇന്ത്യന്‍ കോഫി ഹൗസിനു നഷ്ടപ്പെട്ടിരുന്നില്ല. മോഹന്‍ലാലും പ്രിയദര്‍ശനുമടങ്ങുന്ന തിരുവനന്തപുരത്തെ സിനിമാസംഘങ്ങള്‍, ബഷീറും എം.ടിയും സുകുമാര്‍ അഴീക്കോടുമടക്കമുള്ള സാഹിത്യകാരന്മാരുടെ ചര്‍ച്ചാസംഘങ്ങള്‍ എന്നിവയ്ക്കെല്ലാം വേദിയൊരുക്കിയത് കേരളത്തിലെ വിവിധ കോഫി ഹൗസുകളായിരുന്നു. തൊഴിലാളികള്‍ ഏറ്റെടുത്തതോടെ, ഉപരിവര്‍ഗ്ഗത്തിന്റെ വിനോദകേന്ദ്രം എന്ന പ്രതിച്ഛായയില്‍ നിന്നും മാറി, കോഫി ഹൗസുകള്‍ സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങിവരികയായിരുന്നു.

പുതിയൊരു ഭക്ഷ്യസംസ്‌കാരത്തെ മാത്രമല്ല, അന്നേവരെ കണ്ടുപഴകിയിട്ടില്ലാത്തൊരു തൊഴില്‍ സംസ്‌കാരത്തെക്കൂടിയാണ് ഇന്ത്യന്‍ കോഫി ഹൗസുകള്‍ പ്രതിനിധാനം ചെയ്യുന്നത്. ഏറ്റവും താഴെക്കിടയിലെ തസ്തികയില്‍ ജോലിയാരംഭിക്കുന്നവര്‍ക്കും കോഫി ഹൗസിന്റെ ഏറ്റവും ഉയര്‍ന്ന പദവികളിലെത്താനുള്ള അവസരമുണ്ട്. ജനറല്‍ വര്‍ക്കര്‍ എന്ന തസ്തികയിലേക്കു മാത്രമാണ് നേരിട്ടുള്ള തെരഞ്ഞെടുപ്പ് നടക്കുക. കൂടുതല്‍ ഉയര്‍ന്ന തസ്തികകളിലേക്ക് പ്രമോഷന്‍ പരീക്ഷകള്‍ എഴുതാനുള്ള അവസരങ്ങള്‍ എല്ലാ തൊഴിലാളികള്‍ക്കുമുണ്ട്. കോഫി ഹൗസിലെ ഓരോ തൊഴിലാളിയ്ക്കും ലഭിക്കുന്ന ടിപ്പുകള്‍ മറ്റെല്ലാ തൊഴിലാളികള്‍ക്കും ഒരു പോലെ അവകാശപ്പെട്ടതാണ്. കിടമത്സരങ്ങളില്ലാതെ, സഹവര്‍ത്തിത്വത്തിന്റെ ആശയത്തിലൂന്നി മുന്നോട്ടു പോകുന്ന കോഫി ഹൗസുകള്‍ അതുകൊണ്ടാണ് വേറിട്ടൊരു തൊഴിലിടമായി മാറുന്നത്.

കൊല്‍കത്ത, ദില്ലി, മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയ ഇന്ത്യയിലെ വന്‍നഗരങ്ങളിലും കേരളത്തിലെ വിവിധ ജില്ലാ കേന്ദ്രങ്ങളിലുമൊക്കെ ജീവിക്കുന്നവരെ സംബന്ധിച്ച്, ഒരു കാലത്ത് ജീവിച്ചിരുന്നവരെ സംബന്ധിച്ച് കോഫി മറക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ തന്നെയാണ്… കേരളത്തിന്റെ ഭക്ഷ്യസംസാകരത്തിലും നാഗരികമായ സാമൂഹ്യ ജീവിതത്തിലുമൊക്കെ ചെറുതല്ലാത്ത സ്വാധീനമാണ് കോഫീ ഹൗസുകള്‍ ചെലുത്തിയിട്ടുള്ളത്. കോഫീ ഹൗസുകളിലെ തൊഴിലാളികളണിയുന്ന കിരീടം ചൂഷണത്തിനെരായി അവര്‍ നടത്തിയ സമരങ്ങളിലൂടെ നേടിയെടുത്ത അധികാരത്തിന്റെ തലപ്പാവ് കൂടിയാണ്… ആ പോരാട്ടങ്ങളില്‍ അവര്‍ക്ക് വഴികാണിച്ച നേതാവിനെയാണ് കോഫീ ഹൗസുകളിലെ ചുമരുകളില്‍ നാം കാണുന്നത്. ഒരിക്കല്‍ ഫേസ്ബുക്കില്‍ കണ്ട തമാശ കലര്‍ന്ന ഒരു കുറിപ്പിങ്ങനെയാണ്…. ലോകം മുഴുവന്‍ ചുവപിക്കാനിറങ്ങിത്തിരിച്ച ആ മനുഷ്യന്‍ മസാലദേശയെപോലും വെറുതെ വിട്ടില്ല എന്ന്….

Content Highlight: History of Indian Coffee House