|

ഇന്ത്യയുടെ ചരിത്രം തമിഴ്‌നാട്ടില്‍ നിന്നും തുടങ്ങണം; രാജ്യത്തെ ഇരുമ്പുയുഗത്തിന്റെ തുടക്കം തമിഴ്‌നാട്ടില്‍: എം.കെ സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഇന്ത്യയുടെ ചരിത്രം തമിഴ്‌നാട്ടില്‍ നിന്നും തുടങ്ങണമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. തമിഴ്‌നാട്ടില്‍ ഇരുമ്പുയുഗത്തിന്റെ തുടക്കത്തെ കുറിച്ചുള്ള പുസ്തകമായ ഇരുമ്പിന്‍ തോന്മൈ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് സ്റ്റാലിന്റെ പ്രഖ്യാപനം.

ഇന്ത്യയിലെ പഴക്കമേറിയ ഇരുമ്പുയുഗ വാസസ്ഥലം തമിഴ്‌നാട്ടിലെന്നും 5300 വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ ഇരുമ്പ് യുഗം തുടങ്ങിയെന്നും എം.കെ സ്റ്റാലിന്‍ പറഞ്ഞു. കാര്‍ബണ്‍ ഡേറ്റിങ്ങിന്റെ പിന്‍ബലത്തിലാണ് സ്റ്റാലിന്റെ പ്രഖ്യാപനം.

ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇരുമ്പ് യുഗത്തിന്റെ ആരംഭം ബിസി 4000ത്തിലേക്ക് മാറ്റിയെന്നും പൂനെയിലെയും അഹമ്മദാബാദിലെയും പ്രമുഖ ഗവേഷണ കേന്ദ്രങ്ങളിലേക്കും ഫ്‌ളോറിഡയിലെ പ്രശസ്തമായ ഗവേഷണ കേന്ദ്രത്തിലേക്കും മാതൃകകള്‍ അയച്ചുവെന്നും സ്റ്റാലിന്‍ പറഞ്ഞു.

5300 വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ ഉരുകുന്ന ഇരുമ്പ് കണ്ടുപിടിച്ചുവെന്നും തമിഴ്‌നാട് സര്‍ക്കാരിന്റെ കണ്ടെത്തലുകള്‍ ഗവേഷകര്‍ക്ക് അയച്ചുവെന്നും അവര്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ അഭിനന്ദിച്ചുവെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഇന്ത്യയുടെ ചരിത്രത്തില്‍ ഈ ചരിത്രം നിര്‍ണായകമാണെന്നും ഇന്ത്യയുടെ ചരിത്രം തമിഴ്‌നാട്ടില്‍ നിന്ന് എഴുതപ്പെടുമെന്ന് താന്‍ നിരന്തരമായി പറയുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.

പ്രാചീന സാങ്കേതിക വികാസങ്ങള്‍ പഠിക്കുന്ന ഗവേഷകര്‍ക്ക് പ്രോത്സാഹനമാകുന്ന കാര്യമാണിതെന്നും ഗവേഷണം തുടരണമെന്ന് മന്ത്രി തങ്കം തെന്നരസുവിനോടും ഉദ്യോഗസ്ഥരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.

സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് സ്റ്റാലിന്‍ ഇന്നലെ (ബുധനാഴ്ച) അദ്ദേഹത്തിന്റെ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

Content Highlight: History of India should start from Tamil Nadu; Start of Iron Age in Tamil Nadu: MK Stalin

Latest Stories