കൊവിഡ് പശ്ചാത്തലത്തില്‍ അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നതിനായി സിലബസുകളില്‍ നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കുന്നു എന്ന പ്രസ്താവനയോടെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രായലം സി.ബി.എസ്.സി സിലബസില്‍ നിന്നും മുപ്പത് ശതമാനം വരെ പാഠഭാഗങ്ങള്‍ വെട്ടിക്കുറച്ചത് ദേശീയ തലത്തില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. സിലബസുകളില്‍ നിന്നും ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങളുടെ പൊതുസമാനതയാണ് വിവാദങ്ങള്‍ക്ക് കാരണമായത്.
പാഠ്യപദ്ധതിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയ വിഷയങ്ങള്‍ പരിശോധിച്ചാല്‍, കൊവിഡ് കാരണം ബുദ്ധിമുട്ടിലായ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ പാഠഭാഗങ്ങള്‍ ഒഴിവാക്കുകയായിരുന്നോ, അതോ നമ്മുടെ കുട്ടികള്‍ പഠിച്ചുകൊണ്ടിരുന്ന ചില പാഠഭാഗങ്ങള്‍ ഒഴിവാക്കാന്‍ ഈ കൊവിഡ് സാഹചര്യത്തെ സര്‍ക്കാര്‍ ഒരു മറയാക്കുകയായിരുന്നോ എന്ന സംശയം ആര്‍ക്കും തോന്നാം.
സിലബസില്‍ നിന്നും ഒഴിവാക്കിയ ചില പാഠഭാഗങ്ങള്‍ നോക്കാം. പതിനൊന്നാം ക്ലാസിന്റെ പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങളാണ് വെട്ടിമാറ്റിയത്. പന്ത്രണ്ടാം ക്ലാസ്സിലെ പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് ആസൂത്രണ കമ്മീഷന്‍, പഞ്ചവത്സര പദ്ധതി, സമ്പദ്‌വ്യവസ്ഥയുടെ സ്വഭാവ വ്യതിയാനം എന്നിവ നീക്കി.
വിദേശനയത്തില്‍ നിന്ന് ഒഴിവാക്കിയത് അയല്‍രാജ്യങ്ങളുമായുള്ള ബന്ധം, നവ സാമൂഹിക മുന്നേറ്റങ്ങള്‍ തുടങ്ങിയവയും. ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം എന്നിവ വാണിജ്യനയങ്ങളില്‍ ഉണ്ടാക്കിയ മാറ്റം, നോട്ടുനിരോധനം എന്നീ ഭാഗങ്ങള്‍ 12ാം ക്ലാസ്സിലെ ബിസിനസ് സ്റ്റഡീസില്‍ നിന്നും ഒഴിവാക്കി. ബയോളജിയില്‍ നിന്ന് പരിണാമ സിദ്ധാന്തവും സാമ്പത്തികശാസ്ത്രത്തില്‍ നിന്ന് വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയും നീക്കി.
പത്താംക്ലാസ്സിലെ സോഷ്യല്‍ സയന്‍സില്‍ നിന്ന് ജനാധിപത്യം, ജനാധിപത്യം നേരിടുന്ന വെല്ലുവിളി, വൈവിധ്യം, ജാതി, മതം, ലിംഗം, തുടങ്ങിയ ഭാഗങ്ങളില്‍ കൃത്യമായി കത്രിക വെച്ചു. ഒമ്പതാം ക്ലാസ്സിലെ സിലബസില്‍ നിന്ന് ഒഴിവാക്കിയത് ജനാധിപത്യ അവകാശങ്ങളെക്കുറിച്ചും ഇന്ത്യയിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ചുമുള്ള ഭാഗങ്ങള്‍.
പൗരത്വവും ഫെഡറലിസവും സംരക്ഷിക്കുന്നതിനും മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കുന്നതിനുമായി ഇന്ത്യയില്‍ അതിശക്തമായ സമരങ്ങള്‍ നടന്ന കാലമാണ് രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്റെ ഭരണകാലം. ഈ സമരങ്ങളുടെയെല്ലാം പോര്‍മുഖങ്ങളില്‍ മുന്നണിപ്പോരാളികളായി ഇന്ത്യയിലെ കലാലയങ്ങളില്‍ നിന്നുള്ള അസംഖ്യം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഡല്‍ഹിയിലെ തെരുവുകളില്‍ വിദ്യാര്‍ത്ഥികള്‍ പടര്‍ത്തിയ പ്രതിഷേധത്തീയില്‍ നിന്നാണ് രാജ്യത്തെ പ്രക്ഷുബ്ധമാക്കിയ സമരങ്ങളുടെ വേലിയേറ്റങ്ങള്‍ പിന്നീടുണ്ടായതും രാജ്യവ്യാപക പൗരത്വവിരുദ്ധസമരങ്ങളാല്‍ കേന്ദ്രം പ്രതിരോധത്തിലായതും. അത്‌കൊണ്ട്കൂടിയാവാം വളര്‍ന്നുവരുന്ന തലമുറ മതേതരത്വത്തിന്റെയും തുല്യതയുടെയും ജനാധിപത്യത്തിന്റെയും അടിസ്ഥാന തത്വങ്ങളെ മനസ്സിലാക്കുന്നതിനെ സംഘപരിവാര്‍ ഭരണകൂടം ഭയപ്പെടുന്നത്.
പാഠഭാഗങ്ങളിലെ വിഷയങ്ങള്‍ വളര്‍ന്നുവരുന്ന തലമുറയുടെ ചിന്തകളെ സ്വാധീനിക്കുമെന്നത് തീര്‍ച്ചയാണ്. അതുകൊണ്ടാണ് ചരിത്രത്തിലും സിലബസുകളിലും തങ്ങളുടെ ആശയങ്ങളെ തിരുകിക്കയറ്റാന്‍ സംഘപരിവാര്‍ എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബി.ജെ.പി യും ആര്‍.എസ്.എസും രാജ്യത്ത് അധികാരം നേടിയ ഘട്ടങ്ങളിലെല്ലാം ഈ ശ്രമങ്ങള്‍ തുടര്‍ച്ചയായി നടന്നിട്ടുമുണ്ട്.
വിദ്യാഭാരതിയിലൂടെയും സരസ്വതി ശിശുമന്ദിരങ്ങളിലൂടെയും ആര്‍.എസ്.എസ്. നടപ്പിലാക്കിക്കൊണ്ടിരുന്ന വിദ്യാഭ്യാസത്തിന്റെ കാവിവല്ക്കരണം പൊതുവിദ്യാഭ്യാസ മേഖലയിലേക്കും കടന്നു വരുന്നതാണ് ഇന്ന് നാം കാണുന്നത്. പ്രാഥമിക വിദ്യാലയങ്ങളിലെ പാഠ്യവിഷയങ്ങള്‍ മുതല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണ മേഖലകളിലേക്ക് വരെ ഹിന്ദുത്വ രാഷ്ട്രീയം അവരുടെ താത്പര്യങ്ങളുമായി ഇന്ന് കടന്നുകയറിക്കഴിഞ്ഞു.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരപോരാട്ടങ്ങളില്‍ യാതൊരു പങ്കുമില്ലാതിരുന്ന, നമ്മുടെ രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിക്കൊണ്ട് മുഖ്യധാരയിലേക്ക് കടന്നുവന്ന ഹിന്ദുത്വരാഷ്ട്രീയം എക്കാലവും ഭയപ്പെടുന്നതും വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതും ഈ നാടിന്റെ യഥാര്‍ത്ഥ ചരിത്രത്തെയാണ്. ചരിത്രത്തെ വര്‍ഗീയമായി വളച്ചൊടിക്കാന്‍ അവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ബി.ജെ.പി യുടെ മുന്‍രൂപമായിരുന്ന ജനസംഘം 1977-ല്‍ തന്നെ അന്നത്തെ ജനതാ സര്‍ക്കാറിന്റെ തണലില്‍ ഇത്തരം ശ്രമങ്ങള്‍ നടത്തിയിരുന്നു. പ്രമുഖ ചരിത്രകാരന്മാരായ ആര്‍.എസ്. ശര്‍മ, സതീഷ് ചന്ദ്ര, ബിപിന്‍ ചന്ദ്ര, റോമിലാ ഥാപര്‍ തുടങ്ങിയവരുടെ ചരിത്ര പാഠപുസ്തകങ്ങള്‍ നിരോധിക്കുവാന്‍ നടത്തിയ സംഘപരിവാറിന്റെ ശ്രമങ്ങള്‍ രാജ്യ വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് അന്ന് അവസാനിച്ചത്.
ജനത സര്‍ക്കാറിന്റെ കാലത്തെ വിദ്യാഭാസ പരിഷ്‌കാര ശ്രമങ്ങള്‍ക്കെതിരെ അന്ന് ശക്തമായ നിലപാട് സ്വീകരിച്ചത് സര്‍ക്കാര്‍ സ്ഥാപനങ്ങളായ
എന്‍.സി.ഇ.ആര്‍.ടി, യു.ജി.സി, ഐ.സി.എസ്.എസ്.ആര്‍, ഐ.സി.എച്ച്.ആര്‍. തുടങ്ങിയവയായിരുന്നു. അതുകൊണ്ട് തന്നെ പിന്നീട് വന്ന ബി.ജെ.പി സര്‍ക്കാറുകള്‍ ആദ്യം നടത്തിയ ശ്രമം ഈ സ്ഥാപനങ്ങളിലെല്ലാം ആര്‍.എസ്.എസിന്റെ ആജ്ഞാനുവര്‍ത്തികളായ ചാന്‍സ്‌ലര്‍മാര്‍, ഡയറക്റ്റര്‍മാര്‍, ചെയര്‍പേഴ്‌സണ്‍സ്, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരെ നിയമിക്കുന്നതിന് വേണ്ടിയായിരുന്നു.
വാജ്‌പേയി സര്‍ക്കാറിന്റെ കാലത്തും വലിയ രീതിയിലുള്ള ശ്രമങ്ങള്‍ ഇക്കാര്യത്തില്‍ ബി.ജെ.പി നടത്തിയിരുന്നു. സംഘപരിവാര്‍ താത്പര്യങ്ങളെ പാഠ്യപദ്ധതിയിലേക്ക് തിരുകിക്കയറ്റാന്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുരളി മനോഹര്‍ ജോഷി അനുവാദവും പിന്തുണയും നല്‍കി. അന്ന് ആ നീക്കങ്ങളെ എതിര്‍ത്ത സാമൂഹ്യപ്രവര്‍ത്തകരെയും ബുദ്ധിജീവികളേയും ചരിത്രകാരന്മാരെയുമെല്ലാം രാജ്യദ്രോഹികളായി മുദ്രകുത്തി പ്രചരണം അഴിച്ചുവിട്ടതും മുരളി മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ തന്നെയായിരുന്നു.
ഒടുവില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ ശ്രമങ്ങളെല്ലാം അതിന്റെ തീവ്രതയില്‍ അരങ്ങേറുകയായിരുന്നു. കേന്ദ്രഭരണകൂടവും വ്യത്യസ്ത സംസ്ഥാനങ്ങളിലെ ബി.ജെ.പി ഭരണകൂടവും ഇക്കാര്യത്തിന് വേണ്ടി ഒന്നിച്ച് മുന്നിട്ടിറങ്ങി. പത്താം ക്ലാസ്സിലെ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തില്‍ ഗാന്ധി കൊല്ലപ്പെട്ട ഭാഗം ഇല്ലാതായി. ഗുജറാത്തിലെ പാഠപുസ്തകത്തില്‍, ഹിന്ദുക്കളെ ന്യൂനപക്ഷങ്ങളാക്കുവാന്‍ ശ്രമിക്കുന്ന വിദേശീയരായി ക്രിസ്ത്യാനികളും മുസ്ലീങ്ങളും ചിത്രീകരിക്കപ്പെട്ടു.
സ്‌കൂളുകളിലും മദ്രസകളിലും ഭഗവത്ഗീത പഠിപ്പിക്കണമെന്ന് മധ്യപ്രദേശ് സര്‍ക്കാറിന്റെ സര്‍ക്കുലര്‍ ഇറങ്ങി. ആര്‍.എസ്.എസിന്റെ പ്രസിദ്ധീകരണമായ ദേവ പുത്തര്‍ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കിക്കൊണ്ട് മധ്യപ്രദേശ് സര്‍ക്കാറിന്റെ ശുപാര്‍ശ വന്നു. രാജസ്ഥാനിലെ പാഠഭാഗങ്ങളില്‍ മുഗള്‍ ഭരണാധികാരിയായ അക്ബറിനെ അക്രമകാരിയായി ചിത്രീകരിക്കുകയും മഹാറാണാപ്രതാപിനെ പോലുള്ള ഹിന്ദു രാജാക്കന്മാരെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഭാഗങ്ങള്‍ കടന്നുവന്നു.
സരസ്വതി വന്ദനവും സൂര്യനമസ്‌കാരവും നിര്‍ബന്ധമാക്കിക്കൊണ്ടും രാജസ്ഥാന്‍ ഗവണ്‍മെന്റ് ഉത്തരവിറക്കി. എം.എല്‍.എ മാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിദ്യാഭാരതി സ്‌കൂളുകള്‍ക്ക് 10 ലക്ഷം രൂപ വരെ അനുവദിക്കാനുള്ള തീരുമാനവും രാജസ്ഥാന്‍ സര്‍ക്കാര്‍ നടപ്പാക്കി. ജനസംഘം സ്ഥാപകനേതാവും ആര്‍.എസ്.എസ് താത്വികാചാര്യനുമായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.
എന്‍.സി.ഇ.ആര്‍.ടിയുടെ ഒമ്പതാം ക്ലാസ്സിലെ ഇന്ത്യ ആന്റ് കണ്ടംപററി വേള്‍ഡ് എന്ന പുസ്തകത്തില്‍ നിന്ന് ഇന്ത്യയിലെ ജാതീയതയ്‌ക്കെതിരെ കീഴാളര്‍ നടത്തിയ മാറുമറയ്ക്കല്‍ സമരം, ചാന്നാര്‍ ലഹള, എന്നിവയെക്കുറിച്ചും മുതലാളിത്തവും കോളനിവല്‍ക്കരണവും കര്‍ഷകരുടെ ജീവിതത്തെയും കൃഷിരീതികളെയും എങ്ങനെ മാറ്റിമറിച്ചു എന്ന് വിവരിക്കുന്നതുമായ ചരിത്ര പാഠഭാഗങ്ങള്‍ ഒഴിവാക്കപ്പെട്ടു. വിദ്യാര്‍ത്ഥികളില്‍ ദേശസ്‌നേഹവും ധീരതയും വര്‍ധിപ്പിക്കുന്നതിനായി ഉദയ്പൂരിലെ ഗൗരവ് പ്രതാപ് കേന്ദ്ര എന്ന ആര്‍.എസ്.എസ് സ്ഥാപനത്തിലേക്ക് സന്ദര്‍ശനം നടത്താന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ കൊളേജുകള്‍ക്ക് നിര്‍ദേശം നല്‍കി. സംഘപരിവാര്‍ ചിന്തകനായ ദിനനാഥ് ബത്രയുടെ എട്ടോളം പുസ്തകങ്ങള്‍ ഗുജറാത്തിലെ പ്രാഥമിക വിദ്യാലയങ്ങളില്‍ വിതരണം ചെയ്യപ്പെട്ടു. ടെലിവിഷന്‍, മോട്ടോര്‍ കാര്‍ വിമാനം തുടങ്ങിയവയുടെ കണ്ടുപിടിത്തങ്ങള്‍ പുരാണങ്ങളുടെ അടിസ്ഥാനത്തില്‍ വക്രീകരിച്ച് കൊണ്ട് പാഠപുസ്തകങ്ങളില്‍ ചിത്രീകരിക്കപ്പെട്ടു.
ജെ.എന്‍.യു, എച്ച്.സി.യു, പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ഉന്നതസ്ഥാനങ്ങളില്‍ സംഘപരിവാര്‍ അനുകൂലികള്‍ നിയമിക്കപ്പെട്ടു. ഇന്ത്യയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് ആര്‍.എസ്.എസ് ചായ്വുള്ള ഉദ്യോഗസ്ഥരെ സൃഷ്ടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടു കൂടി സിവില്‍ സര്‍വ്വീസ് പരിശീലന സ്ഥാപനങ്ങളും ആര്‍.എസ്.എസ് ആരംഭിച്ചു. ശാസ്ത്രബോധവും ശാസ്ത്രഗവേഷണവും പ്രോല്‍സാഹിപ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ 102-ാം സമ്മേളനത്തില്‍ ‘പ്രാചീന ശാസ്ത്രങ്ങള്‍ സംസ്‌കൃതത്തിലൂടെ’ എന്ന പേരിട്ട് ആനന്ദ ജെ ബോഡാസ്, അമേയ യാദവ് എന്നിവര്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ ഇന്ത്യന്‍ ശാസ്ത്ര പുരോഗതിയെ പോലും പരിഹാസ്യമാക്കുന്ന, വികലങ്ങളായ ആശയങ്ങളാണ് മുന്നോട്ട് വെച്ചത്.
ഇത്തരത്തിലുള്ള ചെറുതും വലുതുമായ എണ്ണിയാലൊടുങ്ങാത്ത പ്രവര്‍ത്തനങ്ങളിലൂടെ സംഘപരിവാര്‍ വരുംതലമുറയുടെ ചിന്തകളുടെ അടിവേരുകളിലേക്ക് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ബീജങ്ങളെ കുത്തിയിറക്കാന്‍ ശ്രമിക്കുകയാണ്.
സ്വതന്ത്രമായ വിജ്ഞാനാന്വേഷണത്തിലൂടെ അറിവിന്റെ പുതിയ തലങ്ങളിലേക്ക് ഉയരേണ്ട ഒരു തലമുറയെയാണ് സംഘപരിവാര്‍ രാഷ്ട്രീയം അവരുടെ മൂഢമായ ഭൗതിക ലോകത്ത് തളച്ചിടാന്‍ ശ്രമിക്കുന്നത്. ഗണപതിയുടെ പ്ലാസ്റ്റിക് സര്‍ജറിയും ചാണകത്തിലെ ആണവ കണങ്ങളും ഗോമൂത്ര ചികിത്സയും കണ്ണുനീര്‍ കുടിച്ച് ഗര്‍ഭിണിയാവുന്ന മയൂരവും പരശുരാമന്റെ എഞ്ചിനീയറിംഗും മഹാഭാരത കാലത്തെ ഇന്റര്‍നെറ്റുമെല്ലാം വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കമായി മാറുകയാണിവിടെ. അതേ സമയം ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീനും ഐസക് ന്യൂട്ടണും മേരി ക്യൂറിയും ആര്യഭട്ടനും ചാള്‍സ് ഡാര്‍വിനുമെല്ലാം ക്ലാസ്സ് മുറികള്‍ക്ക് വെളിയിലാവുകയും പകരം മനുസ്മൃതിയും കര്‍മ്മകാണ്ഡവും ജ്യോതിഷവും കൈനോട്ടവും മഷിനോട്ടവുമെല്ലാം പാഠ്യപദ്ധതിയായി മാറുകയും ചെയ്യുന്നു. തീര്‍ച്ചയായും നമ്മുടെ ചരിത്രത്തെയും ശാസ്ത്രസാമൂഹിക പുരോഗതിയെയുമെല്ലാം മുറുകെ പിടിച്ച് വിദ്യാഭ്യാസത്തെയും ജനാധിപത്യത്തെയും ബഹുസ്വരതെയയും കാത്തുസൂക്ഷിക്കാന്‍ ഈ സമൂഹത്തിന് ബാധ്യതയുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ