| Saturday, 7th November 2020, 1:29 pm

അടങ്ങാത്ത പോരുകള്‍, ഗ്രൂപ്പുകള്‍; ബി.ജെ.പിയിലെ തമ്മിലടികളുടെ ചരിത്രമിങ്ങനെ

ജിതിന്‍ ടി പി

സി.പി.ഐ.എമ്മില്‍ വിഭാഗീയത, കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര്, കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പ്, ലയനം…. കേരള രാഷ്ട്രീയം ശ്രദ്ധിക്കുന്ന ഏതൊരാള്‍ക്കും വളരെ പരിചിതമായ വാര്‍ത്താ തലക്കെട്ടാണ് ഇപ്പറഞ്ഞവയെല്ലാം. എന്നാല്‍ ഇതിലൊന്നും പെടാത്ത, കേരളത്തിലെ ബി.ജെ.പിയ്ക്കുള്ളില്‍ ഉടലെടുക്കുന്ന പോരും ഭിന്നതയും ഒരുകാലത്തും വാര്‍ത്താപ്രാധാന്യം നേടിയിട്ടില്ല. എന്താണ് കേരളത്തിലെ ബി.ജെ.പിയിലെ തര്‍ക്കം, എത്ര ഗ്രൂപ്പുകളുണ്ട് ബി.ജെ.പിയ്ക്കുള്ളില്‍ എന്നതെല്ലാം മിക്കവര്‍ക്കും അറിയാത്ത കാര്യങ്ങളാണ്.

1990-ലാണ് ബി.ജെ.പിയുടെ കേരള ഘടകത്തില്‍ ആദ്യമായി ഗ്രൂപ്പ് രൂപം കൊള്ളുന്നത്. ബി.ജെ.പിയെ തങ്ങളുടെ ചൊല്പടിക്ക് നിര്‍ത്താന്‍ അന്ന് ആര്‍.എസ്.എസ് നിയോഗിച്ച സംഘടനാ സെക്രട്ടറി പി.പി.മുകുന്ദന്റെ നേതൃത്വത്തിലായിരുന്നു ആദ്യ ഗ്രൂപ്പ്. കെ. രാമന്‍ പിള്ളയുടെ നേതൃത്വത്തിലായിരുന്നു അന്നത്തെ എതിര്‍ ഗ്രൂപ്പ്.

മുതിര്‍ന്ന നേതാവായ പി.പി മുകുന്ദന്‍ പത്ത് വര്‍ഷം മുമ്പാണ് ബി.ജെ.പിയില്‍ നിന്നും ആര്‍.എസ്.എസില്‍ നിന്നും പുറത്താക്കപ്പെട്ടത്. പുറത്താക്കപ്പെടുമ്പോള്‍ അദ്ദഹം കേരളത്തിന്റെ സംഘടനാ ചുമതലയുള്ള സെക്രട്ടറിയായിരുന്നു. ആര്‍.എസ്.എസ് നോമിനിയായി പാര്‍ട്ടിയിലെത്തിയ മുകുന്ദന് ആര്‍.എസ്.എസുമായുള്ള അഭിപ്രായവ്യത്യാസമാണ് പുറത്തേയ്ക്കുള്ള വഴി തെളിച്ചത്.

മുകുന്ദന്‍ പുറത്തായതോടെ പി.കെ.കൃഷ്ണദാസ് ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുത്തു. പിന്നീട് വി.മുരളീധരന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായതോടെ പഴയ രാമന്‍പിള്ള ഗ്രൂപ്പിലെ പലരും കൃഷ്ണദാസ് പക്ഷത്തേക്ക് പോയി. ബാക്കിയുള്ളവര്‍ മുരളീധരന്‍ പക്ഷത്തും അണിനിരന്നു.

പി.പി മുകുന്ദന്‍

കെ.സുരേന്ദ്രന്‍, സി.ശിവന്‍കുട്ടി, പി.സുധീര്‍, വി.വി.രാജേഷ്, സി.കൃഷ്ണകുമാര്‍, പുഞ്ചക്കരി സുരേന്ദ്രന്‍ തുടങ്ങിയവരാണ് മുരളീധരന്‍ ഗ്രൂപ്പിലെ പ്രമുഖര്‍. എം.ടി.രമേശ്, എ.എന്‍.രാധാകൃഷ്ണന്‍, എം.എസ്.കുമാര്‍, ബി.ഗോപാലകൃഷ്ണന്‍, രാധാകൃഷ്ണമേനോന്‍, എന്‍.ശിവരാജന്‍ തുടങ്ങിയവരാണ് കൃഷ്ണദാസ് പക്ഷക്കാര്‍.

ഇരുഗ്രൂപ്പുകളും തമ്മിലുള്ള വൈരം തുടരുന്നതിനിടെയാണ് മൂന്നാമത്തെ ഗ്രൂപ്പും സംസ്ഥാന ഘടകത്തില്‍ ഉടലെടുത്തത്. പി.എസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തിലായിരുന്നു അത്. എന്നാല്‍ നേതാക്കളുടെ നീണ്ട നിരയുണ്ടായിട്ടും ഇരു ഗ്രൂപ്പുകള്‍ക്കെതിരെയും പോരടിച്ച് അധികാരം പിടിച്ചെടുക്കാന്‍ ഈ ഗ്രൂപ്പിനായില്ല.

ഒ.രാജഗോപാല്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പദ്മനാഭന്‍, ശോഭാ സുരേന്ദ്രന്‍, പി.എം.വേലായുധന്‍, ചേറ്റൂര്‍ ബാലകൃഷ്ണന്‍, കെ.പി.ശ്രീശന്‍, കെ.പി.പ്രകാശ് ബാബു, ടി.ലീലാവതി തുടങ്ങിയവരുടെ പേരുകള്‍ മൂന്നാം ഗ്രൂപ്പില്‍ ഉണ്ടെന്ന് പറയപ്പെട്ടിരുന്നു.

കെ. രാമന്‍ പിള്ള

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ഇരുവിഭാഗവുമായും ബന്ധമില്ലാതിരുന്ന ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരനെ ദേശീയ നേതൃത്വം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാക്കിയത് പാര്‍ട്ടിയിലെ ഗ്രൂപ്പ് വൈരം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍, നേരെ വിപരീത ഫലമാണ് ഉണ്ടായത്. കുമ്മനം പ്രസിഡന്റായതോടെ കൃഷ്ണദാസ് വിഭാഗം കുമ്മനവുമായി യോജിക്കുകയും ഒരു ഗ്രൂപ്പായി പ്രവര്‍ത്തിക്കുകയും ചെയ്തു.

പിന്നീട് പി.എസ് ശ്രീധരന്‍ പിള്ളയെ പ്രസിഡന്റാക്കി. എന്നാല്‍, പാര്‍ട്ടിയിലെ രണ്ട് ഗ്രൂപ്പുകളും ശ്രീധരന്‍ പിള്ളയുമായി സഹകരിക്കാതായതോടെ ഗ്രൂപ്പ് വൈരം മൂര്‍ച്ഛിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശനോട് മാത്രം പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്താണ് ശ്രീധരന്‍ പിള്ള മുന്നോട്ട് പോകുന്നതെന്ന് ചില നേതാക്കള്‍ ആക്ഷേപമുന്നയിച്ചു.

കുമ്മനത്തിന് സമാനമായി ശ്രീധരന്‍പിള്ളയേയും മിസോറാമിലേക്ക് കേന്ദ്രനേതൃത്വം പറഞ്ഞയച്ചു. കുറച്ചുകാലം സംസ്ഥാന അധ്യക്ഷനില്ലാതെ കേരള ബി.ജെ.പി മുന്നോട്ടുപോയി. ഇതിനിടെ വി.മുരളീധരന്‍ കേന്ദ്രസഹമന്ത്രിയും പിന്നാലെ കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനുമായി. പിന്നീട് നടന്ന പുനസംഘടന കേരള ബി.ജെ.പിയുടെ ചരിത്രത്തില്‍ മുമ്പില്ലാത്ത വിധം പരസ്യപ്രതികരണങ്ങള്‍ക്ക് കാരണമാകുകയായിരുന്നു.

കുമ്മനം രാജശേഖരന്‍

മൂന്നാം ഗ്രൂപ്പിലെ ശോഭാ സുരേന്ദ്രനും പി.എം വേലായുധനും പരസ്യമായി നേതൃത്വത്തിനെതിരെ രംഗത്തെത്തി. പാലക്കാട് ആലത്തൂരില്‍ പ്രാദേശികനേതാക്കള്‍ പാര്‍ട്ടി വിട്ടു. കെ. സുരേന്ദ്രനെതിരെ രഹസ്യയോഗം ചേരുന്നതിലേക്ക് വരെ ഗ്രൂപ്പ് പോര് മൂര്‍ച്ഛിച്ചുവെന്നാണ് മാധ്യമവാര്‍ത്തകള്‍ പറഞ്ഞുവെക്കുന്നത്.

വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന് പുറമെ സംസ്ഥാന ട്രഷറര്‍ ജെ ആര്‍ പത്മകുമാര്‍, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ പി.എം വേലായുധന്‍, കെ.പി ശ്രീശന്‍, മധ്യമേഖലാ പ്രസിഡന്റ് എ.കെ നസീര്‍ തുടങ്ങിയവര്‍ ഈ യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനും ചേര്‍ന്നാണ് ശോഭാ സുരേന്ദ്രനെ സംസ്ഥാന രാഷ്ട്രീയത്തില്‍ തീര്‍ത്തും അപ്രസക്തയാക്കിയതെന്നാണ് ഇവരുടെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് പരാതിയും നല്‍കിയിട്ടുണ്ട്.

ശോഭ സുരേന്ദ്രന്‍

വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന് പറഞ്ഞ് സുരേന്ദ്രന്‍ കബളിപ്പിച്ചുവെന്ന പരാതിയാണ് പി.എം വേലായുധന്‍ പരസ്യമായി ഉയര്‍ത്തിയത്. ഇതേ പരാതിയാണ് കെ.പി ശ്രീശനുമുള്ളത്. പരാജയമാണെന്ന് പറഞ്ഞ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയതാണ് ജെ.ആര്‍ പത്മകുമാറിനെ പ്രകോപിപ്പിച്ചത്. നിരന്തരം ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്ന ഇദ്ദേഹത്തോട് ഇനി മുതല്‍ പങ്കെടുക്കരുതെന്ന് നേതൃത്വം നിര്‍ദ്ദേശിക്കുകയായിരുന്നു.

രണ്ട് നേതാക്കളുണ്ടെങ്കില്‍ മൂന്ന് ഗ്രൂപ്പ് എന്ന നിലയ്ക്കാണ് നിലവില്‍ ബി.ജെ.പിയിലെ കാര്യങ്ങള്‍ പുരോഗമിക്കുന്നത്. കേരളത്തില്‍നിന്ന് അല്‍ഫോന്‍സ് കണ്ണന്താനം മന്ത്രിയും അബ്ദുള്ളക്കുട്ടി വൈസ് പ്രസിഡന്റുമാവുന്നത് ഈ വിഭാഗീയതയുടെ ഫലമായിട്ടാണ്.

പാര്‍ട്ടിയില്‍ തന്റെ സീനിയോറിറ്റിയും ബിജെപിയെ കെട്ടിപ്പടുക്കുന്നതില്‍ ഇപ്പോഴത്തെ നേതൃത്വത്തെ പോലെ തന്റെ പങ്കാളിത്തം ബോധ്യപ്പെടുത്തുകയുമാണ് ഈ കലാപത്തിലൂടെ ശോഭ ലക്ഷ്യമിടുന്നത്. സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിലല്ല, മറിച്ച് തരംതാഴ്ത്തി അപമാനിച്ചതിലാണു ശോഭയുടെ പരാതി. ബി.ജെ.പിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു സംസ്ഥാന നേതാവ് പാര്‍ട്ടിക്കുള്ളില്‍നിന്ന് നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം നടത്തുന്നത്.

കെ. സുരേന്ദ്രന്‍

നേരത്തെ കെ.രാമന്‍പിള്ളയും മറ്റും പാര്‍ട്ടിക്കു പുറത്തു പോയിരുന്നെങ്കിലും ഉള്ളില്‍ നിന്നുകൊണ്ട് ഈവിധം കലഹിച്ചിട്ടില്ല. സംസ്ഥാന വൈസ് പ്രസിഡന്റാക്കിയ ശേഷം പാര്‍ട്ടി പരിപാടികളിലോ യോഗങ്ങളിലോ ശോഭ പങ്കെടുത്തില്ല. വൈസ് പ്രസിഡന്റാക്കിയ എ.എന്‍.രാധാകൃഷ്ണനെ കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി പ്രശ്‌നം പരിഹരിച്ചെങ്കിലും ശോഭയുടെ പരാതി കേള്‍ക്കാന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ തയാറായില്ല.

2004ല്‍ ശ്രീധരന്‍പിള്ള പ്രസിഡന്റായിരിക്കെ വൈസ് പ്രസിഡന്റ് പദവിയിലെത്തിയ ശോഭയെ 16 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും വൈസ് പ്രസിഡന്റാക്കി തരംതാഴ്ത്തിയെന്നാണു പ്രധാന പരാതി.

പാര്‍ട്ടിയ്ക്കുള്ളിലെ നിലവിലെ നീക്കത്തില്‍ കൃഷ്ണദാസ് പക്ഷം തല്‍ക്കാലം നിശബ്ദരാണ്. എന്നാല്‍ മുരളീധരപക്ഷത്തിനെതിരായ നീക്കങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയ്ക്ക് വന്നാല്‍ ശോഭയ്‌ക്കൊപ്പം നില്‍ക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍.

പി.എസ് ശ്രീധരന്‍ പിള്ള

ശോഭാ സുരേന്ദ്രനെ പോലുള്ള നേതാക്കളെ നിശബ്ദരാക്കിയതിനെതിരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വലിയൊരു വിഭാഗത്തിന് കടുത്ത പ്രതിഷേധമുണ്ട്. നേതൃത്വം തഴയുന്നതില്‍ കടുത്ത അതൃപ്തിയുള്ള മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്‍ തത്ക്കാലം പരസ്യ പ്രതികരണത്തിനില്ലെന്ന നിലപാടിലാണ്. എന്നാല്‍ മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി പി.പി മുകുന്ദന്‍ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലാനേതൃത്വം പഴയ നമോ വിചാര്‍ മഞ്ചുകാര്‍ കൈയടക്കിയതോടെ തങ്ങളെ തഴഞ്ഞുവെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി.

അതിനിടെ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ ഗ്രൂപ്പ് പോര് പൊട്ടിത്തെറിയിലേക്ക് നീങ്ങിയേക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. പഴയകാല പ്രവര്‍ത്തകരെയും മറ്റും സംസ്ഥാനാദ്ധ്യക്ഷനെതിരേ രംഗത്തെത്തിക്കുന്നതിന് പിന്നില്‍ ഗൂഢനീക്കങ്ങളാണെന്ന വിലയിരുത്തലിലാണ് അവര്‍.

വി. മുരളീധരന്‍

കേന്ദ്രമന്ത്രി വി.മുരളീധരനെതിരെയുണ്ടായ ആരോപണം ഈ തരത്തിലുള്ളതാണ്. ഇതൊന്നും പാര്‍ട്ടിയെ ബാധിക്കില്ലെന്ന നിലപാടിലാണിപ്പോഴും സംസ്ഥാനനേതൃത്വം. നേതാക്കള്‍ക്കിടയിലെ ഭിന്നത മുതലെടുത്താണ് വി. മുരളീധരപക്ഷം കേരളത്തിലെ ആര്‍.എസ്.എസിനെതിരെ കഴിഞ്ഞ കുറെകാലമായി മേല്‍ക്കൈ നേടുന്നത്. ആര്‍.എസ്.എസ് കേന്ദ്രീയ കാര്യകാരി എസ്.സേതുമാധവന്‍ മറ്റ് കേന്ദ്ര നേതാക്കളായ ജെ.നന്ദകുമാര്‍, എ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഒരു വശത്തും സംസ്ഥാന പ്രാന്തകാര്യവാഹക് പി.ഗോപാലന്‍കുട്ടി, പ്രാന്തപ്രചാരക് പി. ആര്‍ ശശിധരന്‍, മുന്‍ പ്രാന്തപ്രചാരക് എം. രാധാകൃഷ്ണന്‍ മറുവശത്തുമായുള്ള പോരാണ് ആര്‍.എസ്.എസില്‍ വര്‍ഷങ്ങളായി നടക്കുന്നത്.

വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിന് കേരളത്തില്‍ കളമൊരുങ്ങുമ്പോള്‍ സംഘടനയ്ക്കുള്ളിലെ അനൈക്യമാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന് തലവേദനയാകുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: History of groups and splits in Kerala BJP

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more