ന്യൂദൽഹി: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം മോദി അധികാരത്തിലെത്തുന്നത് വരെ ഒരു കുടുംബത്തിലേക്ക് മാത്രം ഒതുങ്ങിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബാബാ രാംദേവിന്റെ പതഞ്ജലി യോഗപീഠത്തിൽ നടന്ന 2-ാമത് സന്യാസ ദീക്ഷ മഹോത്സവത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ കുടുംബ സംസ്കാരത്തിന് തടയിട്ടെന്നും ഷാ പറഞ്ഞു.
“ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം ഒരു കുടുംബത്തിൽ മാത്രം ഒതുങ്ങിയ നിലയിലാണ്. എന്നാൽ പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റി സ്ഥാപിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആ കുടുംബ സംസ്കാരത്തെ ഇല്ലാതാക്കി. പട്ടേലിനെ അനശ്വരനാക്കി,” ഷാ പറഞ്ഞു.
മോദി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് ഹിന്ദു മതത്തിന് പുനരുജ്ജീവനം ഉണ്ടായെന്നും ക്ഷേത്രങ്ങൾ പുനർമിർമിക്കപ്പെട്ടുവെന്നും ഷാ കൂട്ടിച്ചേർത്തു.
“ഐക്യരാഷ്ട്രസഭയിൽ യോഗയ്ക്ക് വേണ്ടി നിലകൊണ്ടതിലൂടെ അന്താരാഷ്ട്ര വേദിയിൽ യോഗയ്ക്ക് അർഹമായ അംഗീകാരം ലഭിച്ചതിന് പിന്നിൽ മോദിയുടെ കഴിവാണ്. വിദ്യാഭ്യാസത്തെ പൂർണമായി ഇന്ത്യൻ വത്ക്കരിക്കാൻ മികച്ച പിന്തുണ നൽകുകയും പോരാടുകയും ചെയ്ത വ്യക്തിയാണ് രാംദേവ്. കള്ളപ്പണത്തിനെതിരേയും അദ്ദേഹം പോരാടി, ” ഷാ പറഞ്ഞു.
യോഗ, ആയുർവേദം എന്നീ മേഖലകളിൽ രാംദേവിന്റെ വ്യക്തിഗത സംഭാവനകൾ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാബറിന്റെ കാലം മുതൽക്കേ രാമക്ഷേത്ര പ്രശ്നം നിലനിന്നിരുന്നു. എന്നാൽ മോദി അധികാരത്തിലെത്തിയ ശേഷം സുപ്രീം കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി അയോധ്യയിൽ ഭൂമി പൂജ നടത്തി. അടുത്ത വർഷത്തോടെ ക്ഷേത്രം സജ്ജമാകുമെന്നും ഷാ കൂട്ടിച്ചേർത്തു.
ഭല്ല കോളേജ് ഹെലിപാഡിലായിരുന്നു ഷാ ഇറങ്ങിയത്. കരിങ്കൊടി കാട്ടിയും ബി.ജെ.പി വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയുമായിരുന്നു കോൺഗ്രസ് പ്രവർത്തകർ ഷായെ നേരിട്ടത്. അതേസമയം ആഭ്യന്തര മന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവത്തിൽ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്.
Content Highlight: History of freedom struggle confined to one family till Modi became PM: Shah