| Saturday, 7th August 2021, 9:08 am

സി.എച്ചിന്റെ ചന്ദ്രികയില്‍ ലീഗ് നേതാക്കളുടെ കള്ളപ്പണമൊഴുകുമ്പോള്‍

ഷഫീഖ് താമരശ്ശേരി

മലയാള അച്ചടി മാധ്യമങ്ങള്‍ക്കിടയില്‍ ഏറെ ചരിത്ര പാരമ്പര്യമുള്ള പ്രസിദ്ധീകരണവും മുസ്‌ലിം ലീഗിന്റെ മുഖപത്രവുമായ ചന്ദ്രിക ഇപ്പോള്‍ വലിയ വിവാദങ്ങളില്‍ പെട്ടിരിക്കുകയാണ്. സമീപകാല കേരളത്തില്‍ നടന്ന ഒരു വലിയ അഴിമതിയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തത് ചന്ദ്രിക വഴിയാണെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍.

ചന്ദ്രികയില്‍ നടന്ന സുതാര്യമല്ലാത്ത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും, തുടര്‍ന്നും ചോദ്യം ചെയ്യല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ മുസ്‌ലിം ലീഗില്‍ ഭിന്നിപ്പും പൊട്ടിത്തെറിയും ആരംഭിച്ചിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങള്‍ പരസ്യമായി രംഗത്ത് വരികയും ചെയ്തു. മുസ്‌ലിം ലീഗിനകത്ത് വലിയ ആഭ്യന്തര സംഘര്‍ഷങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ലീഗിനകത്തെ കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യത്തെക്കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയ – സാമ്പത്തിക താത്പര്യങ്ങള്‍ മുസ്‌ലിം ലീഗിനുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും പരാമര്‍ശിച്ചുകൊണ്ട് ഏതാനും പേര്‍ പരോക്ഷമായി രംഗത്ത് വന്നിട്ടുണ്ട്. അതേ സമയം ഔദ്യോഗിക പദവികളിലുള്ള വലിയൊരു വിഭാഗം നേതൃനിര കുഞ്ഞാലിക്കുട്ടിയെ അനുകൂലിച്ചും രംഗത്ത് വന്നിട്ടുണ്ട്. ഈ കോലാഹലങ്ങള്‍ മുസ്‌ലിം ലീഗിനെ ഏതെല്ലാം വിധത്തില്‍ ബാധിക്കുമെന്നത് ശ്രദ്ധേയമായ കാര്യമാണ്. എന്നാല്‍ അതിനേക്കാള്‍ ഗൗരവമേറിയ മറ്റൊരു വിഷയമാണ് ഇത്തരം കള്ളപ്പണവിവാദങ്ങളില്‍ ചന്ദ്രിക ഇടം പിടിക്കുന്നു എന്നത്.

മുഈന്‍ അലി ഷിഹാബ് തങ്ങള്‍

അങ്ങേയറ്റം പിന്നോക്കാവസ്ഥയില്‍ കഴിഞ്ഞിരുന്ന കേരളത്തിലെ മുസ്‌ലിങ്ങളുടെ സാമൂഹികവും സാസ്‌കാരികവും സാമ്പത്തികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയ്ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച സാക്ഷാല്‍ സി.എച്ച്. മുഹമ്മദ് കോയ അടക്കമുള്ള അനേകം മഹാരഥന്‍മാരുടെ ജീവിതവിയര്‍പ്പിന്റെയും കഠിനാധ്വാനങ്ങളുടെയും ഉപോല്‍പ്പന്നമായ ചന്ദ്രിക, ഇന്ന് ഏതാനും രാഷ്ട്രീയപ്രമാണിമാര്‍ക്ക്, അവര്‍ നടത്തുന്ന അഴിമതിയുടെ കള്ളപ്പണം നിക്ഷേപിക്കാനുള്ള ഇടമായി മാറുന്നു എന്നത് അങ്ങേയറ്റം ദയനീയമാണ്.

കേരളത്തില്‍ ഇന്ന് ഏറെ ജനപ്രീതിയും സര്‍ക്കുലേഷനുമെല്ലാമുള്ള മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ക്കൊന്നും അവകാശപ്പെടാന്‍ സാധിക്കാത്ത ഒരു വലിയ സാംസ്‌കാരിക പൈതൃകവും സമ്പന്നമായ ഒരു ഭൂതകാലവുമുണ്ട് ചന്ദ്രികയ്ക്ക്. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലങ്ങളില്‍ അതുല്യ വ്യക്തിത്വങ്ങളായിത്തീര്‍ന്ന അനേകം എഴുത്തുകാരെ മലയാളത്തിന് സമ്മാനിച്ച, അനേകം ദശാബ്ദങ്ങള്‍ മലയാളിയുടെ ചിന്തകളില്‍ വായനകളില്‍, വിദ്യാഭ്യാസപരമായ വളര്‍ച്ചകളിലെല്ലാം വലിയ പങ്കുവഹിച്ച, മലബാറിന്റെ സാംസ്‌കാരികമായ വളര്‍ച്ചയില്‍ നെടുംതൂണായി നിന്ന വാരികയും പത്രവുമെല്ലാമായിരുന്ന ചന്ദ്രിക, ഇന്ന് അഴിമതിയുടെയും കള്ളപ്പണങ്ങളുടെയും വിവാദങ്ങളില്‍ കക്ഷിയായി മാറുന്നത് ഏറെ സങ്കടകരമായ ഒന്നാണ്.

1921 ലെ മലബാര്‍ സമരാനന്തരം കേരളത്തില്‍ മുസ്ലിം ജീവിതം ഏറെ സംഘര്‍ഷഭരിതമായിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയ മലബാറിലെ മാപ്പിളമാര്‍ ഏറെ അടിച്ചമര്‍ത്തലുകള്‍ അക്കാലങ്ങളില്‍ നേരിട്ടിരുന്നു. ഭരണകൂടത്തിന്റെ ആനുകൂല്യങ്ങള്‍ മാപ്പിളമാര്‍ക്ക് നിഷേധിക്കപ്പെട്ടു. പൊതുമണ്ഡലങ്ങളില്‍ നിന്നും രാഷ്ട്രീയവും സാംസ്‌കാരികവുമായ മേഖലകളില്‍ നിന്നുമെല്ലാം മുസ്‌ലിങ്ങള്‍ കടുത്ത അപരവത്കരണമാണ് അന്ന് നേരിട്ടിരുന്നത്. സാമ്പത്തികമായും കേരളത്തിലെ മുസ്‌ലിങ്ങള്‍ അന്ന് അങ്ങേയറ്റം പിന്നോക്കാവസ്ഥയിലായിരുന്നു. ഇത്തരമൊരു സാമൂഹിക രാഷ്ട്രീയ സാഹചര്യത്തിലാണ് ചന്ദ്രിക പിറവിയെടുക്കുന്നത്. 1934-ല്‍ തലശ്ശേരിയില്‍ നിന്ന് സ്വതന്ത്ര വാരിക എന്ന നിലയില്‍ ആരംഭിച്ച ചന്ദ്രിക 1938-ല്‍ ദിനപത്രവും ആരംഭിച്ചു.

അക്ഷരങ്ങളിലൂടെയും അറിവിലൂടെയും സമുദായത്തെ മുന്നോട്ട് നയിക്കണമെന്നും വിദ്യാഭ്യാസത്തിലൂടെ സാമൂഹിക മുന്നേറ്റം നേടണമെന്നുമാഗ്രഹിച്ച സി.എച്ച്. മുഹമ്മദ് കോയയും കെ.എം. സീതി സാഹിബുമടക്കമുള്ള പഴയകാല മുസ്‌ലിം ലീഗ് നേതാക്കള്‍ ജനങ്ങളില്‍ നിന്ന് പിരിവെടുത്തുകൊണ്ടാണ് ഒരു വാരികയുടെ രൂപത്തില്‍ ചന്ദ്രികയ്ക്ക് തുടക്കം കുറിക്കുന്നത്. സാമ്പത്തിക പരാധീനതകളെത്തുടര്‍ന്ന് പലതവണ അടച്ചുപൂട്ടേണ്ടി വന്നിട്ടും കടം വാങ്ങിയും പിരിവെടുത്തും അവര്‍ ചന്ദ്രികയെ മുന്നോട്ടുകൊണ്ടുപോയി. ചുരുങ്ങിയ കാലം കൊണ്ട് ചന്ദ്രിക മലയാളത്തിന്റെ ഏറ്റവും മികച്ച വാരികകളിലൊന്നായി മാറി. കൂടെ ചന്ദ്രിക പത്രവും വളര്‍ന്നു. പ്രഗത്ഭരായ അനേകം മാധ്യമപ്രവര്‍ത്തകര്‍ ചന്ദ്രികയില്‍ ജോലി ചെയ്തു.

ഇടശ്ശേരിയും, വള്ളത്തോളും, ഉറൂബും, വൈക്കം മുഹമ്മദ് ബഷീറും, പി. കുഞ്ഞിരാമന്‍ നായരും, വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും, തകഴിയും, പി. ഭാസ്‌കരനും, അക്കിത്തവും, കേശവദേവും, എസ്.കെ പൊറ്റെക്കാട്ടും, തിക്കോടിയനും, കെ.ടി. മുഹമ്മദും, പൂവച്ചല്‍ ഖാദറും, മാധവിക്കുട്ടിയും, യു.എ. ഖാദറും, വി.കെ.എന്നും പുനത്തില്‍ കുഞ്ഞബ്ദുള്ളയുമെല്ലാം ചന്ദ്രികയില്‍ എഴുതി. മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് എഴുത്തിന് ആദ്യമായി പ്രതിഫലം നല്‍കിയത് ചന്ദ്രികയായിരുന്നു. ഇന്ന് മലയാളത്തിലെ മുതിര്‍ന്ന എഴുത്തുകാരായി മാറിയ പലരുടെയും കൃതികള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ചന്ദ്രികയിലായിരുന്നു.

മുസ്‌ലിം ലീഗിന്റെ പ്രസിദ്ധീകരണമായിരുന്നിട്ടും കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ചന്ദ്രിക സാംസ്‌കാരിക കേരളത്തില്‍ ഇടം പിടിച്ചിരുന്നു. വൈവിധ്യമാര്‍ന്ന അനേകം ആശയങ്ങള്‍ക്ക് ചന്ദ്രിക ഇടം കൊടുത്തിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാളും ഇടതുപക്ഷ തത്വചിന്തകനുമായിരുന്ന കെ. ദാമോദരന്‍ അടക്കമുള്ള അനേകം ഇടതുപക്ഷ ചിന്തകര്‍ ചന്ദ്രികയില്‍ സ്ഥിരമായി എഴുതിയിരുന്നു എന്ന് മാത്രമല്ല, കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന പി.എ. മുഹമ്മദ് കോയയെ ചന്ദ്രികയുടെ എഡിറ്ററായി സി.എച്ച്. മുഹമ്മദ് കോയ നിയമിക്കുകയും ചെയ്തിരുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയുടെ പരസ്യങ്ങള്‍ പോലും ചന്ദ്രികയില്‍ വരാറുണ്ടായിരുന്നു. കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിന്റെ ഫോട്ടോ മുഖചിത്രമായി അച്ചടിച്ച ലക്കം പോലുമിറക്കിയ ചന്ദ്രിക അക്ഷരാര്‍ത്ഥത്തില്‍ മലയാളികള്‍ ഒന്നടങ്കം സ്വീകരിച്ച പ്രസിദ്ധീകരണമായിരുന്നു. സിനിമയ്ക്കും സ്‌പോര്‍ട്‌സിനുമൊക്കെ ചന്ദ്രിക വലിയ പ്രാധാന്യം നല്‍കിയിരുന്നു.

ഒരു മുസ്‌ലിം പ്രസിദ്ധീകരണമായിരുന്നിട്ടും യുക്തി ചിന്തയും മതവിമര്‍ശനവുമെല്ലാമടങ്ങിയ കൃതികള്‍ പോലും അക്കാലത്ത് ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായി ഓണപ്പതിപ്പിറക്കിയ മുസ്‌ലിം പ്രസിദ്ധീകരണവും ചന്ദ്രികയാണ്. ഇത്തരത്തില്‍ കേരളത്തിന്റെ മതേതര സാംസ്‌കാരിക സാഹോദര്യ ചിന്തകള്‍ക്ക് ഏറെ കരുത്ത് പകര്‍ന്ന, സമ്പന്നമായ പാരമ്പര്യമുള്ള ചന്ദ്രിക വാരിക ഇന്ന് അച്ചടിക്കുന്നുപോലുമില്ല.
പത്രമാകട്ടെ മുസ്‌ലിം ലീഗിന്റെ ജിഹ്വ എന്നതിനപ്പുറം യാതൊരു പ്രധാന്യവുമില്ലാത്ത നിലയില്‍ കാര്യമായ സര്‍ക്കുലേഷന്‍ പോലുമില്ലാത്ത നിലയില്‍ അധപതിച്ചു.

നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രാഷ്ട്രീയത്തില്‍ ഇടപെട്ട, ധിഷണാശാലിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയില്‍ നിന്നും കുഞ്ഞാലിക്കുട്ടിയിലേക്ക് മുസ്‌ലിം ലീഗ് സഞ്ചരിച്ച ദൂരം കേരളത്തിന്റെ ന്യൂനപക്ഷ വിമോചന രാഷ്ട്രീയത്തിന്റെ തകര്‍ച്ച കൂടിയായിരുന്നു. സമുദായത്തിന്റെയും സമൂഹത്തിന്റെയും ഉന്നമനം ലക്ഷ്യം വെച്ച് മാത്രം ജീവിച്ച്, ഒടുവില്‍ മരണപ്പെട്ടപ്പോള്‍ കിടപ്പാടം പോലും പണയത്തിലായിരുന്ന നേതാക്കളാണ് മുസ്‌ലിം ലീഗ് എന്ന പ്രസ്ഥാനത്തെ കൈപിടിച്ച് വളര്‍ത്തിയത്. ആ നേതാക്കളിരുന്ന സ്ഥാനത്ത് വ്യവസായ മോഹികളായ രാഷ്ട്രീയക്കാര്‍ പകരം വന്നതിന്റെ പ്രതിഫലനമാണ് ഇന്ന് ചന്ദ്രിക എന്ന പ്രസിദ്ധീകരണത്തിന് സംഭവിച്ച തകര്‍ച്ചയും കോടികളുടെ അഴിമതിക്കഥകളില്‍ ആ സ്ഥാപനം ഭാഗമാകുന്നതും.

1967 ല്‍ എം.ടി. വാസുദേവന്‍ നായര്‍ ചന്ദ്രികയില്‍ എഴുതിയ കഥ

പാലാരിവട്ടം അഴിമതിക്കേസ്സുമായി ബന്ധപ്പെട്ട പണം ചന്ദ്രികയിലൂടെ വെളുപ്പിച്ചെടുത്തു എന്നത് മാത്രമല്ല ചന്ദ്രികയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍. ഒരു പ്രസിദ്ധീകരണമെന്ന നിലയിലുള്ള ചന്ദ്രികയുടെ സാംസ്‌കാരികവും രാഷ്ട്രീയവുമായ പ്രാധാന്യങ്ങള്‍ ഒരു തരത്തിലും തിരിച്ചറിയാന്‍ സാധിക്കാത്ത ഇന്നത്തെ ലീഗ് നേതൃത്വവും അവരുടെ സില്‍ബന്തികളും ചന്ദ്രികയിലൂടെ നടത്തിയ അഴിമതികള്‍ നിരവധിയാണ്.

ചന്ദ്രികയ്ക്ക് മേല്‍ അധികാരമുള്ള ഇന്നത്തെ ലീഗ് നേതൃത്വത്തിന് പത്രവും വാരികയുമെല്ലാം ഒരു ബാധ്യതയാണ്. എങ്ങിനെയെങ്കിലും സ്ഥാപനത്തിന്റെ പ്രവര്‍ത്തനമസാനിപ്പിച്ച് ചന്ദ്രികയുടെ ആസ്തി സ്വന്തമാക്കാനാണ് ഇവരില്‍ പലരും ശ്രമിക്കുന്നത് എന്നത് വ്യക്തമാണ്. സമീപകാലത്ത് ചന്ദ്രികയില്‍ നടന്ന നിരവധി ഇടപാടുകളും സാമ്പത്തിക ക്രയവിക്രയങ്ങളുമെല്ലാം അതിനുദാഹരണമാണ്.

ചന്ദ്രികയുടെ പ്രിന്റിംഗ് മെഷീന്‍ മാറ്റുന്നതിനായി ഖത്തര്‍ കെ.എം.സി.സി നാല് കോടി രൂപ നല്‍കിയിരുന്നു. എന്നാല്‍ പ്രിന്റിംഗ് മെഷീന്‍ മാറ്റിയില്ല എന്ന് മാത്രമല്ല ആ പണത്തിന് പിന്നീട് തെളിവുമില്ലാതായി. പണം എങ്ങോട്ട് പോയെന്നറിയില്ല. സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്റെ ഭാഗമായി 35 ലക്ഷം രൂപ ചെലവഴിച്ചുവെന്ന് ചന്ദ്രികയുടെ കണക്കുകളില്‍ കാണുമ്പോഴും അങ്ങനെയൊരു സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ നടന്നിട്ടില്ല. ന്യൂസ് പ്രിന്റ്, മഷി എന്നിവയെല്ലാം ടെന്റര്‍ വിളിക്കാതെ തോന്നിയ വിലയ്ക്കാണ് വാങ്ങുന്നത്.

2013-14 വര്‍ഷക്കാലത്തെ ചന്ദ്രികയുടെ വാര്‍ഷിക നഷ്ടം 85,600 രൂപയായിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഇത് 3.69 കോടിയായി. ഇത്രയ്ക്ക് ഭീമമായ അധിക ചിലവ് സംഭവിക്കാനുള്ള യാതൊരു മാറ്റവും ചന്ദ്രികയില്‍ ഉണ്ടായില്ലെന്നിരിക്കെ ഈ തുക ചിലവാക്കിയതാരാണ്? ചന്ദ്രികയുടെ വരിസംഖ്യാ ക്യാംപയിനുകളുടെ ഭാഗമായി വര്‍ഷം തോറും കോടികള്‍ സ്വരൂപിക്കുന്നുണ്ടെങ്കിലും ആ പണമെല്ലാം എവിടെ പോകുന്നു എന്നതിന് യാതൊരു തെളിവുകളുമില്ല. തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന ജീവനക്കാരില്‍ നിന്നും പിരിക്കുന്ന പി.എഫ്. തുക പോലും കൃത്യമായി അടയ്ക്കുന്നില്ല. ആ പണവും എവിടേക്ക് പോകുന്നുവെന്നതിന് തെളിവുകളില്ല.

ചന്ദ്രികയുടെ കോഴിക്കോട്ടെ ഹെഡ് ഓഫീസ്

ചന്ദ്രികയുടെ അക്കൗണ്ടുകളിലൂടെ കോടികളുടെ ഇടപാടുകള്‍ നടക്കുമ്പോഴും ചന്ദ്രികയുടെ വിവിധ യൂണിറ്റുകളില്‍ ജോലി ചെയ്യുന്ന സാധാരണക്കാരായ പാവം ജീവനക്കാര്‍ അവരുടെ തുച്ഛമായ മാസ ശമ്പളത്തിന് വേണ്ടി സമരം ചെയ്യേണ്ട ഗതികേടിലാണ്. കൊറോണ കാലത്ത് പോലും അവര്‍ക്ക് യാതൊരു സഹായവും മാനേജ്‌മെന്റില്‍ നിന്ന് ലഭിച്ചില്ല എന്ന് മാത്രമല്ല മാസങ്ങളായി കിട്ടാനുള്ള പണത്തിന് വേണ്ടി അവര്‍ മാനേജ്‌മെന്റിന് മുന്നില്‍ യാചിക്കേണ്ട സ്ഥിതിയിലാണ്.

ചന്ദ്രിക വലിയ നഷ്ടത്തിലാണെന്ന് കാണിച്ച് സ്ഥാപനം പ്രവര്‍ത്തനമവസാനിപ്പിച്ച് ചന്ദ്രികയുടെ പേരിലുള്ള കോഴിക്കോട് നഗരത്തിലെ കണ്ണായ ഭൂമിയും അനുബന്ധ സ്വത്തുക്കളും വില്‍പന നടത്തി അതിലൂടെ കോടികള്‍ ലാഭം കൊയ്യാമെന്നാണ് കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതൃത്വം കണക്ക് കൂട്ടുന്നത് എന്നാണ് ചന്ദ്രികയിലെ ജീവനക്കാര്‍ പറയുന്നത്.

എന്തായാലും ചന്ദ്രികയില്‍ ഇന്ന് മരണമണി മുഴങ്ങുകയാണ്. 70 വര്‍ഷത്തെ പാരമ്പര്യമുള്ള ചന്ദ്രിക എന്ന പ്രസിദ്ധീകരണം കള്ളപ്പണവാര്‍ത്തകളിലൂടെ വിവാദത്തിലിടം പിടിക്കുമ്പോള്‍ പോറലേല്‍ക്കുന്നത് സി.എച്ച്. മുഹമ്മദ് കോയയുടെ ഓര്‍മകള്‍ക്ക് കൂടിയാണ്. ഇന്ത്യന്‍ സ്വാതന്ത്രസമരപോരാട്ടങ്ങളുടെ ഭാഗമായി നിന്ന് ന്യൂനപക്ഷ രാഷ്ട്രീയമുയര്‍ത്തിപ്പിടിപ്പ് വളര്‍ന്നുവന്ന ഒരു പ്രസ്ഥാനം ഇന്ന് എവിടെയെത്തി നില്‍ക്കുന്നു എന്നതിന്റെ നേര്‍സാക്ഷ്യമാണ് ഈ വിവാദങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: History of Chandrika Weekly – Muslim League

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more