ഐ.പി.എല്‍ പതിനാറാം സീസണിലെ ചാമ്പ്യന്മാരെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്- ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് നേരിടാനൊരുങ്ങുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഞായറാഴ്ച വൈകുന്നേരം 07.30നാണ് മത്സരം.
സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്തിനൊപ്പമായിരുന്നു വിജയം. എന്നാല്‍ പ്ലേ ഓഫിലെ ആദ്യ ക്വാളിഫയറില്‍ ജയം ചെന്നൈക്കൊപ്പമായിരുന്നു. ചെന്നൈയുടെ 10ാം ഫൈനലാണിത്. നാല് തവണ ഐ.പി.എല്‍ കിരീടം നേടിയ ചെന്നൈ ഇത്തവണ വിജയിച്ചാല്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ മുംബൈയുടെ റെക്കോര്‍ഡിനൊപ്പമെത്താം.
ആകെ 46.45 കോടി രൂപയാണ് ഇത്തവണത്തെ ഐ.പി.എല്‍ വിജയികളെ കാത്തിരിക്കുന്നത്. ചാമ്പ്യന്മാര്‍ക്ക് 20 കോടി രൂപ ലഭിക്കുമ്പോള്‍ റണ്ണര്‍ അപ്പിന് 13 കോടി രൂപയാണ് ലഭിക്കുക. മൂന്നാമതുള്ള മുംബൈ ഇന്ത്യന്‍സിന് ഏഴ് കോടി രൂപയും നാലാമതുള്ള ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് 6.5 കോടിയും ലഭിക്കും.
ഏറ്റവും കൂടുതല്‍ റണ്‍സ് നേടി ഓറഞ്ച് കാപ്പ് സ്വന്തമാക്കുന്ന ബാറ്റര്‍ക്കും ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തി പര്‍പിള്‍ ക്യാപ് സ്വന്തമാക്കുന്ന ബൗളര്‍ക്കും 15 ലക്ഷം രൂപ വീതം ലഭിക്കും. മികച്ച താരത്തിന് 12 ലക്ഷം രൂപയും മികച്ച യുവ താരത്തിന് 20 ലക്ഷം രൂപയും സ്വന്തമാക്കം.
അതേസമയം, ഐ.പി.എല്‍ ആദ്യ സീസണിലെ സമ്മാനത്തുകയുടെ നാല് ഇരിട്ടിയാണ് ഇത്തവണത്തേത്. 2008ലെ ആദ്യത്തെ സീസണില്‍ വിജയികളായ രാജസ്ഥാന്‍ റോയല്‍സിന് 4.8 കോടി രൂപയാണ് അന്ന് സമ്മാനത്തുകയായി ലഭിച്ചത്.
തുടര്‍ന്ന് 2010 മുതല്‍ 2013 വരെയുള്ള സീസണിലും 2014, 2015 സീസണുകളിലും ഐ.പി.എല്‍ സമ്മാനത്തുക വര്‍ധിപ്പിക്കുകയുണ്ടായി. 2016 മുതല്‍ 2019 വരെയുള്ള സീസണിലാണ് വിജയിക്ക് 20 കോടി രൂപയായും റണ്ണറപ്പിന് 11 കോടി രൂപയായും തുടര്‍ന്നുപോന്നത്.
എന്നാല്‍ 2020ല്‍ കൊവിഡ് പ്രതിസന്ധി കാരണമുള്ള ചെലവ് ചുരുക്കല്‍ നടപടിയെന്ന നിലയില്‍ സമ്മാനത്തുക പകുതിയായി കുറക്കാന്‍ ബി.സി.സി.ഐ നില്‍ദേശിച്ചിരുന്നു. കഴിഞ്ഞ സീസണ്‍ മുതല്‍ സമ്മാനത്തുക 20 കോടി തന്നെയായി നിശ്ചയിക്കുകയായിരുന്നു.
Content Highlight: History of lPL prize money