കേരളത്തിലെ അംബേദ്കറൈറ്റ് വിദ്യാര്‍ഥി രാഷ്ട്രീയം; ചരിത്രത്തിലൂടെ
Dalit Life and Struggle
കേരളത്തിലെ അംബേദ്കറൈറ്റ് വിദ്യാര്‍ഥി രാഷ്ട്രീയം; ചരിത്രത്തിലൂടെ
സോനു പാപ്പച്ചന്‍
Saturday, 2nd June 2018, 10:52 pm

കേരളത്തിലെ അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ സാന്നിദ്ധ്യമേറി വരുന്നതായി രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏത് വ്യക്തിക്കും മനസിലാകുന്ന കാര്യമാണ്. പ്രത്യേകിച്ച് ഏപ്രില്‍ 9ന് വിജയകരമായി നടന്ന ഹര്‍ത്താലിന് ശേഷം ദളിത് ആദിവാസി ബഹുജന്‍ പ്രസ്ഥാനങ്ങളെ ഒരുമിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ബ്രാഹ്മണിക് ചരിത്രാഖ്യാനത്തില്‍ നിറം മങ്ങി നില്‍ക്കുന്ന ദളിത് ജനതയുടെ പോരാട്ടത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് പുതിയ ചരിത്രം കുറിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കേരളത്തിലെ ദളിത് ആദിവാസി പ്രസ്ഥാനങ്ങള്‍. എന്നാല്‍ കേരളത്തിലെ കലാലയങ്ങളിലെ അംബേദ്കറൈറ്റ് പ്രസ്ഥാനത്തിന്റെ സാന്നിദ്ധ്യം പരിശോധിച്ചാല്‍ തുലോം കുറവാണ്. എന്നിരുന്നാലും കേരളത്തിലെ പല കലാലയങ്ങളിലും ഇന്ന് അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങള്‍ ദൃശ്യമാണ് എന്നത് വസ്തുതയാണ്.

അംബേദ്കറൈറ്റ് വിദ്യാര്‍ഥി പ്രസ്ഥാനം; ചരിത്രത്തിലൂടെ

1968ല്‍ കേരളത്തിലെ തെക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് കേരള ഹരിജന്‍ സ്റ്റുഡന്‍സ് ഫെഡറേഷന്‍ (KHSF) എന്ന സംഘടനയ്ക്ക് രൂപം നല്‍കി. താഴ്ന്ന ജാതിക്കാരായ ഹിന്ദു സമുദായത്തിലെ എസ്.സി./എസ്.ടി. വിദ്യാര്‍ഥികളുടെ സംവരണം ക്യാമ്പസുകളില്‍ ഉറപ്പ് വരുത്തുക എന്നതായിരുന്നു ലക്ഷ്യം. നഗരപ്രദേശങ്ങളിലെ ഹോസ്റ്റലുകള്‍ കേന്ദീകരിച്ചായിരുന്നു സംഘടന പ്രവര്‍ത്തിച്ച് വന്നിരുന്നത്. പിന്നീട് എഴുപതുകളുടെ അവസാനത്തില്‍ കേരള സ്റ്റൈപെന്‍ഡറി സ്റ്റുഡന്‍സ് അസോസിയേഷന്‍ (KSSA) എന്ന സംഘടന നിലവില്‍ വന്നു. അംബേദ്കറുടെ ആശയങ്ങളില്‍ വിശ്വസിച്ച് തുടങ്ങിയ ആദ്യ വിദ്യാര്‍ഥി പ്രസ്ഥാനമായിരുന്നു ഇത്. അധസ്ഥിത വിഭാഗത്തിലെ എല്ലാ വിദ്യാര്‍ഥികളേയും ജാതി-മതഭേതമന്യേ ഒന്നിച്ച് ചേര്‍ക്കുന്നതിന് സംഘടനയ്ക്ക് സാധ്യമായി.

കേരളത്തിലെ ദളിത് പ്രക്ഷോഭങ്ങളിലും പോരാട്ടങ്ങളിലും KSSAയുടെ സജീവസാന്നിധ്യം ഉണ്ടായിരുന്നു. സ്‌റ്റൈപന്റ് തുക വര്‍ധിപ്പിക്കുക, സമയബന്ധിതമായി സ്‌റ്റൈപന്റ് തുക നല്‍കുക, കോളേജുകളിലെ പ്രവേശനം സുതാര്യമാക്കുക, കലാലയങ്ങളില്‍ ദളിത് വിദ്യാര്‍ഥി സൗഹാര്‍ദ അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നിയാണ് ഈ സംഘടന പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ട് കൊണ്ട് പോയത്. അതോടൊപ്പം തന്നെ അംബേദ്കറുടെ ആശയങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനും ചുക്കാന്‍ പിടിച്ചു.

Image result for ambedkar students association

1990കളുടെ ആദ്യം എറണാകുളം മഹാരാജാസ് കോളേജിലും പരിസര പ്രദേശങ്ങളിലെ കോളേജുകളേയും ഏകോപിപ്പിച്ച് കൊണ്ട് ദളിത് വിദ്യാര്‍ഥി സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ പറ്റി ചര്‍ച്ച ചെയ്യാന്‍ ഒരു ചര്‍ച്ച വേദി തുടങ്ങി. ആ കാലയളവിലാണ് ദളിത് വിദ്യാര്‍ഥി ഏകോപന സമിതി രൂപീകരിക്കുന്നത്. ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കലാലയങ്ങളില്‍ അതിന്റെ വിമര്‍ശകരാകുക എന്നത് പലപ്പോഴും വ്യക്തിപരമായും സംഘടനാപരമായും നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സംഗതിയായിരുന്നു. ആ പ്രതിസന്ധികളെ മറികടന്നാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

പിന്നീട് പല ഭാഗങ്ങളിലായി നടന്നിരുന്ന പ്രവര്‍ത്തകരെ കോര്‍ത്ത് ഇണക്കി ദളിത് സ്റ്റുഡന്‍സ് മൂവ്‌മെന്റ് (DSM) എന്ന പേര് സ്വീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. അതിന്റെ ആദ്യ ജനറല്‍ സെക്രട്ടറി പി.സി. ഉഷ ആയിരുന്നു. ഒരു ദലിത് സ്ത്രീ രാഷ്ട്രീയപരമായ ഉന്നത സ്ഥാനം കൈയ്യാളുന്ന ആദ്യ ദളിത് രാഷ്ട്രീയ സംഘടനയായിരുന്നു അത്. D.S.M. പ്രധാനമായും മൂന്ന് വ്യക്തികളുടെ ആശയങ്ങളില്‍ ഉറച്ചാണ് പ്രവര്‍ത്തിച്ചത് അയ്യന്‍കാളി, പൊയ്കയില്‍ അപ്പച്ചന്‍, അംബേദ്കര്‍. അംബേദ്കര്‍ ഉദ്ധരണികളും അംബേദ്കറുടെ ചിത്രവും കേരളത്തില്‍ കൂടുതല്‍ പരിചയപ്പെടുത്തിയത് D.S.M. പ്രവര്‍ത്തനങ്ങളായിരുന്നു.

പോസ്റ്റ് മണ്ഡല്‍ കാലത്തെ അംബേദ്കറൈറ്റ് പ്രസ്ഥാനം

1979ല്‍ ചരണ്‍സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ജനത ഗവണ്‍മെന്റാണ് ബി.പി. മണ്ഡലിന്റെ നേതൃത്വത്തില്‍ സാമൂഹിക വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ജന വിഭാഗങ്ങളെ പറ്റി പഠിക്കുവാന്‍ കമ്മറ്റിയെ നിയോഗിച്ചത്. 1980ലെ കമ്മറ്റിയുടെ കണ്ടെത്തലായി Other Backward Caste (OBC) മറ്റ് പിന്നാക്ക സമുദായങ്ങള്‍ക്കും സവരണം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. 27% സര്‍ക്കാര്‍ ജോലിയിലും പൊതു സ്ഥാപനങ്ങളിലും മറ്റും സംവരണം അവര്‍ക്ക് ഏര്‍പ്പെടുത്താന്‍ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഇന്ത്യയിലെ 51% വരുന്ന OBC ജനവിഭാഗങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം സമൂഹത്തില്‍ ലഭിക്കുന്നില്ല, അവരെ പരിഗണിക്കുന്നില്ല എന്ന സാഹചര്യത്തെ മറികടക്കാനായിരുന്നു സംവരണം ഏര്‍പ്പെടുത്തിയത്. 1983ല്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു എന്നാല്‍ 1990ലില്‍ വി.പി. സിംഗ് മന്ത്രിസഭയാണ് ഈ റിപ്പോര്‍ട്ട് നടപ്പിലാക്കിയത്. തുടര്‍ന്ന് ഇന്ത്യയില്‍ വ്യാപകമായ പ്രക്ഷോഭ പരമ്പരകള്‍ അരങ്ങേറി.

 

ഈ രാഷ്ട്രീയ സാമൂഹിക അവസ്ഥ ഇന്ത്യയിലെ കലാലയങ്ങളിലും പ്രകടമായിരുന്നു. രാജ്യത്തിന്റെ പല കലാലയങ്ങളിലും മണ്ഡല്‍ കമ്മീഷന്‍ വിരുദ്ധ വികാരങ്ങള്‍ അലയടിച്ചു. അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് അംബേദ്കറൈറ്റുകള്‍ ഇന്ന് കാണുന്ന നിലയിലേക്ക് ഉരുവം പ്രാപിക്കുന്നത്. ജാതി അധിഷ്ടിതമായ കലാലയ അന്തരീക്ഷത്തെ നിര്‍മ്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടൊപ്പം ദളിത് മുസ്ലിം ഐക്യം സ്ഥാപിക്കുക സംവരണവിരുദ്ധത മാറ്റിയെടുക്കുക എന്നിവയും സ്വീകരിച്ച് തുടങ്ങിയത് ഒരുപക്ഷേ പോസ്റ്റ് മണ്ഡല്‍ കാലയളവിലാണ്. ആദ്യ കാലങ്ങളില്‍ അംബേദ്കറുടെ ആശയങ്ങളെ മനസിലാക്കുക അവ ചര്‍ച്ച ചെയ്യുക എന്നതായിരുന്നു ഇന്ത്യന്‍ ക്യാമ്പസുകളില്‍ അംബേദ്കറൈറ്റുകള്‍ ചെയ്തിരുന്നത്, എന്നാല്‍ 1990ന് ശേഷം വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പ്രാപിക്കാന്‍ തുടങ്ങി.

1993ല്‍ കുറച്ച് ദളിത് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ (എ.എസ്.എ.) എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളില്‍ നിന്ന് കടന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്ക് കലാലയങ്ങളില്‍ ഇടപെടുന്നതിന് ഒരു വേദി തുറക്കുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. അതിന് മുന്‍പ് 1990ല്‍ ആരംഭിച്ച പ്രോഗ്രസീവ് സ്റ്റുഡന്‍സ് ഫോറം എന്ന ചര്‍ച്ച വേദിയാണ് പിന്നീട് എ.എസ്.എ. ആയി പരിണമിച്ചത്. ജാതി,വര്‍ഗ്ഗ നിര്‍മ്മൂലനം, ലിംഗ സമത്വം ഉറപ്പ് വരുത്തുക എന്നീ ലക്ഷ്യത്തോടെയാണ് എ.എസ്.എ.യുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ദളിത് വിദ്യാര്‍ഥികളെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് എത്തിക്കുന്നതിനും എ.എസ്.എയുടെ പ്രവര്‍ത്തനങ്ങള്‍ മുഖാന്തരമായി തീര്‍ന്നു.

 

എന്നാല്‍ ജാതി ഇന്ത്യയുടെ അക്കാദമിക് മേഖലയിലും പ്രകടമായിരുന്നു.വരേണ്യ വര്‍ഗത്തിന്റെ കൃത്യമായി പറഞ്ഞാല്‍ ബ്രാഹ്മണ മേധാവിത്വത്തിന് കീഴിലാണ് ഇന്ത്യന്‍ അക്കാദമിക് മേഖല അന്നും ഇന്നും. ബ്രാഹ്മണ മേധാവിത്തത്തെ ഡോ. ബാബാ സാഹിബ് ബി.ആര്‍. അംബേദ്കര്‍ കൃത്യമായി വിശകലനം ചെയ്യുന്നുണ്ട്. അത് ഇപ്രകാരമാണ് ” എന്റെ അഭിപ്രായത്തില്‍ ഈ രാജ്യത്തെ തൊഴിലാളികള്‍ക്ക് പ്രധാനമായും രണ്ട് എതിരാളികളാണ് ഉള്ളത് അവ ബ്രാഹ്മണ മേധാവിത്തവും മുതലാളിത്തവും ആണ്.ബ്രാഹ്മണ മേധാവിത്തം എന്നത് കൊണ്ട് ബ്രാഹ്മണ സമുദായത്തിന്റെ അധികാരമോ അവകാശത്തേയോ താല്‍പര്യങ്ങളേയോ അല്ല ഞാന്‍ പരാമര്‍ശിക്കുന്നത് മറിച്ച് സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നിവയുടെ ആത്മാവിനെ നശിപ്പിക്കുന്ന ശക്തിയേ ആണ്.”” ബ്രാഹ്മണ മേധാവിത്തം നിലനില്‍ക്കുവോളം അധികാരം ഒരു വിഭാഗത്തിലേക്ക് ചുരുങ്ങി പോകും. അത് സമൂഹത്തില്‍ സമത്വമില്ലാതെയാക്കും ആ ശക്തിയെ ചെറുത്ത് തോല്‍പ്പിക്കുവാന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനത ഒരുമിക്കണം എന്ന് അംബേദ്കര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഇനി ബ്രാഹ്മണ മേധാവിത്തം അക്കാദമിക് മേഖലയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കാം. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിശോധിച്ചാല്‍ അവയില്‍ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് വരേണ്യ വിഭാഗമാണ്. അവിടെ ദളിത് പ്രാതിനിധ്യം ഇല്ലെന്ന് തന്നെ പറയേണ്ടി വരും. ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും അവസര സമത്വം നല്‍കിയിട്ടും ദളിത് വിഭാഗത്തിന്റെ പ്രാതിനിധ്യം എങ്ങനെ കുറഞ്ഞു? ഇത് കൂടാതെ ദളിത് വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് നിരവധി അനവധി ഉദാഹരണങ്ങള്‍ ഉണ്ട്. അത് നേരിടേണ്ടി വരുന്നത് സര്‍വ്വകലാശാല അധികാരികളില്‍ നിന്ന് മാത്രമല്ല മറിച്ച് അധ്യാപകരില്‍ നിന്നും സഹപാഠികളില്‍ നിന്നും കൂടിയാണ്. ഇത്തരം പ്രവണതകള്‍ക്ക് ഇരകളായി മാറിയ അനേകം വിദ്യാര്‍ഥികളെ ഒന്നിപ്പിക്കുവാന്‍ അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഇന്ന് സാധിക്കുന്നു.

 

ഇന്ത്യയിലെ കേന്ദ്ര സര്‍വ്വകലാശാലകള്‍ രാജ്യത്തിന്റെ പരിഛേദമാണെന്ന് പറയേണ്ടി വരും കാരണം അവിടെ വിദ്യാഭ്യാസത്തിനായി കടന്ന് വരുന്നത് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്ത സാമൂഹിക അന്തരീക്ഷത്തില്‍ നിന്നും വരുന്ന വിദ്യാര്‍ഥികളാണ്. എന്നാല്‍ അവിടെയും സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി വേര്‍തിരിവുകള്‍ വ്യക്തമാണ്. ജാതിയെ കൃത്യമായ രീതിയില്‍ വിശകലനം ചെയ്യാന്‍ ഇടതുപക്ഷം മറന്ന് പോയപ്പോള്‍ അതിനെ ശരിയായ രീതിയില്‍ പഠിച്ചത് അംബേദ്കറൈറ്റുകള്‍ ആണ്. ജാതിയെ മനസിലാക്കാതെ ബ്രാഹ്മണവത്കരണത്തെ കണ്ടില്ലെന്ന് നടിച്ച ഇടതുപക്ഷത്തോട് ആശയപരമായി അംബേദ്കറൈറ്റുകള്‍ക്ക് യോജിക്കുവാന്‍ സാധ്യമല്ല.

രോഹിത് വെമുലയുടെ സ്ഥാപനവല്‍കൃത കൊല

അംബേദ്കര്‍ സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രവര്‍ത്തകനായിരുന്ന രോഹിത്ത് വെമുലയുടെ സ്ഥാപനവല്‍കൃത കൊലപാതകം ഇന്ത്യയിലെ വിദ്യാര്‍ഥി സമൂഹത്തിന് ഇടയില്‍ ഉണ്ടാക്കിയ മാറ്റം ചെറുതല്ല. രോഹിത്തിന്റെ മരണശേഷം രാജ്യ വ്യാപകമായി വിദ്യാര്‍ഥി പ്രക്ഷോഭം പൊട്ടിപുറപ്പെടുന്നതിന് നമ്മള്‍ സമീപകാലത്ത് സാക്ഷിയായതാണ്. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ അധികൃതരുടേയും കേന്ദ്ര സര്‍ക്കാരിന്റെയും മൗനാനുവാദത്തോടെ നടത്തിയ ഈ കുറ്റകൃത്യത്തിന്റെ അലയടികള്‍ ഇങ്ങ് കേരളത്തിലും ഉണ്ടായി. കേരളത്തിലെ വിദ്യാര്‍ഥി സമരങ്ങളില്‍ രോഹിത്ത് വെമുലയുടെ മരണശേഷം കാര്യമായ മാറ്റം സംഭവിച്ചു. ക്യാംപസുകള്‍ക്ക് ഉള്ളില്‍ നടന്നിരുന്ന ചെറുത്ത് നില്‍പ്പുകള്‍ അതിന് പുറത്ത് കൊണ്ട് വന്ന് പൊതുജനസമക്ഷം എത്തിക്കുവാന്‍ സാധിച്ചു.

 

അന്ന് വരെ ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ അംബേദ്കറൈറ്റുകളോട് കാണിച്ച നിസംഗതയെ മറികടക്കാന്‍ ഒരുപക്ഷേ രോഹിത്തിന്റെ മരണം ഇടയാക്കി. അതിന്റെ ബാക്കിപത്രമാണ് ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ മുഴങ്ങി കേട്ട ജയ് ഭീം ലാല്‍ സലാം. അതിലൂടെ ഒരു വിശാല ഫാസിസ്റ്റ് വിരുദ്ധ ചേരി രൂപീകരിച്ചു എങ്കിലും രാഷ്ട്രീയമായി അത് കൂടുതല്‍ സഹായിച്ചത് ഇടതുപക്ഷത്തെയാണ്. രാഷ്ട്രീയമായി അംബേദ്കറൈറ്റുകളെ ഒപ്പം ചേര്‍ത്തു എന്ന വരുത്തി തീര്‍ക്കലായി മാത്രം അത് ചുരുങ്ങി പോയി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ എ.എസ്.എ.യുടെ പ്രവര്‍ത്തകര്‍ മനോരമ ചാനലില്‍ വന്ന ചൂണ്ടുവിരല്‍ എന്ന പരിപാടിയില്‍ പറഞ്ഞതില്‍ നിന്ന് അത് മനസിലാക്കുവാനായി സാധിക്കുന്നതാണ്. ഫാസിസം കൊടിക്കുത്തി വാഴുമ്പോള്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനുള്ള വിവേചനബുദ്ധി രണ്ട് കൂട്ടര്‍ക്കും നഷ്ടമായി (അതിന് പല കാരണങ്ങളും നിരത്താനാകും). അങ്ങനെ അധിക കാലം നില്‍ക്കുന്നതിന് രണ്ട് പക്ഷത്തിനും സാധ്യമല്ല. ഈ ഫാസിസ്റ്റ് ഭരണകാലത്ത് പരസ്പരം നിലനില്‍ക്കുന്ന ആശയധാരയിലെ സ്വര ചേര്‍ച്ച ഇല്ലായ്മ പരസ്പരം അംഗീകരിച്ച് കാലം ആവശ്യപ്പെടുന്ന ഒരു ഒത്തുചേരലാണ് ഇടതുപക്ഷ-അംബേദ്കറൈറ്റ് ആശയങ്ങളുടെ സമ്മേളനം.

കേരളത്തിലെ ക്യാമ്പസുകളുടെ അംബേദ്കറൈറ്റ് രാഷ്ട്രീയം ഇന്ന്

കേരളത്തിലെ ക്യാമ്പസുകളില്‍ അംബേദ്കറൈറ്റ് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ രൂപം പ്രാപിച്ച് വരുന്ന സമയമാണ് ഇത്. എന്നിരുന്നാലും അവ വളരുന്നതിന് വിലങ്ങുതടിയാകുന്നത് മുഖ്യധാര ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ തന്നെയാണ് എന്നത് നീല്‍ സലാം ലാല്‍ സലാം മുന്‍പോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തോടുള്ള ഇരട്ടത്താപ്പാണ്. All India Students Association (AISA) എന്ന സി.പി.ഐ. (എം.എല്‍.) വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ വളര്‍ച്ച കേരളത്തിലെ ക്യാമ്പസുകളില്‍ തടഞ്ഞ എസ്.എഫ്.ഐ യില്‍ നിന്ന് സൗഹാര്‍ദപരമായ രാഷ്ട്രീയ അന്തരീക്ഷം അംബേദ്കറൈറ്റ് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. തൃശൂര്‍ കേരളവര്‍മ്മ കോളേജ് അത്തരമൊരു സാഹചര്യത്തിന് വേദിയായതാണ്.

 

മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളേയും അവര്‍ പലപ്പോഴായി പ്രതിരോധിക്കുക ഉണ്ടായി. മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ ദളിത് അംബേദ്കറൈറ്റുകളായ വിദ്യാര്‍ഥികളെ എസ്.എഫ്.ഐ. മര്‍ദിച്ച പല കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവയൊക്കെ സൂചിപ്പിക്കുന്നത് എതിര്‍സ്വരങ്ങളെ ഉന്മൂലനം ചെയ്യുക എന്ന ഫാസിസ്റ്റ് നയമാണ്.

അലീന ആകാശമിഠായി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഇപ്രകാരം പറയുന്നു. “”അക്രമങ്ങള്‍ക്ക് പേരുകേട്ടതാണ് എം.ജി യൂണിവേഴ്സിറ്റി ക്യാമ്പസിലെ SFI. സ്വത്വരാഷ്ട്രീയം സംസാരിക്കുന്ന വിദ്യാര്‍ഥികള്‍ തങ്ങളുടെ നിലനില്‍പ്പിനു ഭീഷണിയും വെല്ലുവിളിയുമാണെന്നറിഞ്ഞ് വയലന്‍സിലൂടെ അവരെ നിശബ്ദരാക്കാനാണ് SFI എന്നും ശ്രമിച്ചിട്ടുള്ളത്. വിവേക് കുമാരന്‍ മുതല്‍ കഴിഞ്ഞദിവസം ആക്രമണം നേരിട്ട ഗവേഷകവിദ്യാര്‍ഥി കണ്ണന്‍ വരെ അതിന് ഉദാഹരണങ്ങളാണ്.

വ്യത്യസ്ത ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ മര്‍ദ്ദനമുറകള്‍ മാത്രമല്ല, കള്ളക്കേസുകളും ഇല്ലാത്ത ആരോപണങ്ങളും തയാറാക്കി വെച്ചിട്ടുമുണ്ട്. 2017 ജനുവരി 10 ന് ആയിരുന്നു വിവേക് കുമാരനെ തല്ലിച്ചത്. ഒരുവര്‍ഷം ആയിട്ടും ആ കേസില്‍ ഒരു നടപടിയുമാവാത്തത് ഇത്തരത്തിലുള്ള പ്രവണതകള്‍ തുടരാന്‍ അവര്‍ക്ക് ഊര്‍ജമാവുന്നു. തട്ടിക്കൊണ്ട് പോയാലും തല്ലിക്കൊന്നിട്ടാലും ആരും അന്വേഷിക്കാന്‍ വരില്ലെന്ന് പിണറായി പോലീസ് കാണിച്ചുതന്നിട്ടുമുണ്ടല്ലോ. ഇതേ അവസ്ഥയില്‍ തന്നെ മുന്നോട്ട് പോകുന്നതുകൊണ്ട് ക്യാമ്പസില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളവരുടെ നിലനില്‍പ്പുതന്നെ പ്രശ്‌നത്തിലാണ്. രോഹിത് വെമുലയുടെ രക്തസാക്ഷിത്വം കൊണ്ടാടുകയും ക്യാമ്പസില്‍ അതേ ആശയങ്ങള്‍ സംസാരിക്കുന്നവരെ ആക്രമിക്കുകയും ചെയ്യുന്നതാണ് SFI യുടെ രീതി.””

 

എന്നിരുന്നാലും കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ സ്ഥിതി വ്യത്യസ്തമാണ്. കേരളത്തിലെ മറ്റ് കലാലയങ്ങളില്‍ നിന്ന് വ്യത്യസ്തമായി അംബേദ്കറൈറ്റ് ആശയങ്ങള്‍ക്ക് വേരോട്ടമുള്ള മണ്ണാണ് കേരള കേന്ദ്ര സര്‍വ്വകലാശാലയുടേത്. അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ (ASA) എന്ന സംഘടന 24 മാര്‍ച്ച് 2014 മുതല്‍ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ പ്രവര്‍ത്തനം ആരംഭിച്ച വിദ്യാര്‍ഥി പ്രസ്ഥാനമാണ്. അന്ന് തുടങ്ങിയ സാമൂഹിക നീതിക്കും ലിംഗ നീതിക്കുമായുള്ള പോരാട്ടം ഇന്ന് 2018ല്‍ എത്തി നില്‍ക്കുമ്പോള്‍ കാലഘട്ടത്തിന്റെ രാഷ്ട്രീയ ഐക്യത്തെ മാനിച്ച് അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷനും സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും (SFI) ചേര്‍ന്നാണ് വിദ്യാര്‍ഥി കൗണ്‍സില്‍ ഭരിക്കുന്നത്. വിദ്യാര്‍ഥി കൗണ്‍സില്‍ പ്രസിഡന്റ് അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്റെ പ്രതിനിധിയായ ജേസുദാസ് നെടുപുരി സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി കൗണ്‍സിലിന്റെ ആദ്യ ദളിത് പ്രസിഡന്റാണ്. ആന്ധ്രാപ്രദേശ് സ്വദേശിയായ ഇദ്ദേഹം ആദ്യ മലയാളി ഇതര വിദ്യാര്‍ഥി കൗണ്‍സില്‍ പ്രസിഡന്റ് കൂടിയാണ്.

ബ്രാഹ്മണിക് അക്കാദമിക് അന്തരീക്ഷത്തില്‍ പ്രകടമായ ദളിത് വേട്ടകള്‍ മറ്റ് സര്‍വ്വകലാശാലകളിലെന്ന പോലെ കേരള കേന്ദ്ര സര്‍വ്വകലാശാലയിലും ദൃശ്യമാണ്. അജിത് കെ. എന്ന ദളിത് ഗവേഷക വിദ്യാര്‍ഥി പ്രവേശനം നേടിയ ശേഷം നിയമനം അസാധുവാണെന്ന പേരില്‍ സര്‍വ്വകലാശാല പുറത്താക്കിയിരുന്നു. I.R. and Politics ഡിപ്പാര്‍ട്ട്‌മെന്റ് ഗവേഷക വിദ്യാര്‍ഥിയായ ഇദ്ദേഹം ഹൈക്കോടതിയില്‍ നിലവില്‍ തന്നെ പുനഃപ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് വാദിക്കുകയാണ്.

ഇതുപോലെ അനവധി പ്രശ്‌നങ്ങള്‍ സര്‍വ്വകലാശാലയില്‍ നടക്കുന്നുണ്ട്. പാചക തൊഴിലാളികളുടെ പിരിച്ചുവിടല്‍, ഹോസ്റ്റല്‍ സൗകര്യം വര്‍ദ്ധിപ്പിക്കല്‍ എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി വിദ്യാര്‍ഥികള്‍ കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് നിരാഹാരസമരത്തിലായിരുന്നു. അവയൊക്കെ നിശ്ചിത സമയത്തിനകം പരിശോധിച്ച് പരിഹാരം കാണാം എന്ന രേഖാമൂലമുള്ള ഉറപ്പിന്‍മേലാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. സര്‍ക്കുലറുകളിലൂടെ സമരത്തിന് നേതൃത്വം വഹിച്ച വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയത് ഈ അടുത്തിടയ്ക്കാണ്. ഇത്തരം ഓലപാമ്പിനെ കാട്ടി വിദ്യാര്‍ഥി ഐക്യം തകര്‍ക്കാം എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് എന്ന് പറയാതെ വയ്യ.

 

കേരളത്തിലെ കലാലയങ്ങളില്‍ അംബേദ്കറുടെ ആശയങ്ങള്‍ വായിക്കപ്പെടുന്നു ചര്‍ച്ച ചെയ്യപ്പെടുന്നു എന്നതാണ് മറ്റൊരു സവിശേഷത. അക്കാദമിക് തലത്തില്‍ പോലും അംബേദ്കറൈറ്റ് ദളിത് ഗവേഷണങ്ങള്‍ ധാരാളമായി നടക്കുന്നു എന്നത് ആശാവഹമായ സംഗതിയാണ്.

ദീലിപ് രാജ് അടുത്തിടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറച്ചത് ഇപ്രകാരമാണ് ” “മാര്‍ക്‌സ് ” എന്ന യൂണിവേഴ്സല്‍ നിമിത്തം തമസ്‌കൃതമാവുന്ന പലതുമുണ്ട് ലോകത്തില്‍ ; കേരളത്തിലും. അംബേദ്കര്‍ ഏഷ്യയില്‍ നിന്നുള്ള മറ്റൊരു യൂണിവേഴ്സല്‍ ആണ്; ആവശ്യാനുസരണം ആഗോളത്തില്‍ വിളക്കിച്ചേര്‍ക്കാവുന്ന ഒരു പ്രാദേശിക /ദേശീയ അംശം അല്ല. ഒരു പാട് പ്രയോഗ -സൈദ്ധാന്തിക സമരങ്ങളുടെ ഫലമായിട്ടാണ് നേരത്തെ ഉറച്ച ഉച്ചനീച ശ്രേണികളും “കാനനു”കളും ചോദ്യം ചെയ്യപ്പെടുകയും പുതിയ യുണിവേഴ്സലുകള്‍ ഉയര്‍ന്നു വരികയും ചെയ്തിട്ടുള്ളത് .””21ാം നൂറ്റാണ്ടില്‍ അത്തരമൊരു ആശയവിസ്‌ഫോടനമായി അംബേദ്കറുടെ ആശയങ്ങള്‍ മാറുമെന്നതിന് സംശയം ലവലേശമില്ല അതിന് വഴി മരുന്നിടുക കലാലയങ്ങളിലും നിന്നും തന്നെയാണ്.

സോനു പാപ്പച്ചന്‍
കേരള കേന്ദ്ര സര്‍വകലാശാലയില്‍ എം.എ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് വിദ്യാര്‍ത്ഥിയാണ്.