| Tuesday, 17th March 2015, 9:51 am

ചരിത്ര കൗണ്‍സിലിന്റെ സ്ഥാപക ദിനചടങ്ങില്‍ അമേരിക്കന്‍ വേദ പണ്ഡിതനെ ക്ഷണിച്ചതു വിവാദമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചരിത്ര കൗണ്‍സിലിന്റെ സ്ഥാപകദിന ചടങ്ങുകളില്‍ അമേരിക്കന്‍ വേദ പണ്ഡിതനെ ക്ഷണിച്ചതു വിവാദമാകുന്നു. യോഗ, ആയുര്‍വേദം, വേദ ജ്യോതിഷം എന്നിവയെക്കുറിച്ചു പ്രസംഗിക്കുന്ന അമേരിക്കന്‍ പണ്ഡിതനായ ഡോ. ഡേവിഡ് ഫ്രോലിയെയാണ് ചരിത്ര കൗണ്‍സില്‍ ക്ഷണിച്ചിരിക്കുന്നത്. ഇത് വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണെന്നാണ് ആക്ഷേപമുയരുന്നത്.

മാര്‍ച്ച് 27നു നടക്കുന്ന സ്ഥാപകദിന ആഘോഷത്തില്‍ പ്രസംഗിക്കാനാണ് ഫ്രോലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചടങ്ങില്‍ ഇന്ത്യന്‍ ചരിത്ര രചനകള്‍ സംസ്‌കാരം, മതം, ആത്മീയത എന്നിവയ്ക്കു ഊന്നല്‍ നല്‍കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചാണ് അദ്ദേഹം സംസാരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

അക്കാദമിക് സര്‍ക്കിളുകളില്‍ ഫ്രോലിയെ ഒരു ചരിത്രകാരനായി പരിഗണിച്ചിട്ടില്ല. അങ്ങനെയൊരാളെ ചരിത്ര കൗണ്‍സില്‍ പ്രഭാഷണത്തിനായി ക്ഷണിച്ചതിനെ ചോദ്യം ചെയ്ത് നിരവധി ചരിത്ര ഗവേഷകര്‍ രംഗത്തെത്തിയിട്ടുണ്ട്.

“ഞാന്‍ പറയട്ടെ, ചരിത്രകാരന്മാര്‍ ഗൗരവമായി പരിഗണിക്കുന്നയാളല്ല ഫ്രോലി.” ദല്‍ഹി യൂണിഫേഴ്‌സിറ്റിയിലെ ചരിത്ര വിഭാഗം പ്രഫസറും, ഐ.സി.എച്ച്.ആര്‍ കൗണ്‍സിലിലെ മുന്‍ അംഗവുമായ ബി.പി സാഹു പറയുന്നു.

പണ്ഡിത് വാമദേവ ശാസ്ത്രിയെന്നാണ് ഫ്രോലിയുടെ ഇന്ത്യന്‍ പേര്. വെബ് അടിസ്ഥാനമാക്കിയുള്ള പഠന കേന്ദ്ര അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വേദിക് സ്റ്റഡീസിന്റെ സ്ഥാപകനുമാണ് അദ്ദേഹം. ഇന്ത്യന്‍ യോഗിനിയായ ശംഭാവി ദേവിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്.

We use cookies to give you the best possible experience. Learn more