| Friday, 9th February 2024, 5:25 pm

മഞ്ഞുമ്മല്‍ ബോയ്‌സ് കാരണം വീണ്ടും ശ്രദ്ധിക്കപ്പെടുന്ന ഗുണാ കേവ്‌സ് അഥവാ ഡെവിള്‍സ് കിച്ചണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോവുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ് സിനിമ പറയുന്നത്. യാത്ര പോവുന്ന ചെറുപ്പക്കാര്‍ കൊടൈക്കനാലിലെ ഗുണാ കേവ്‌സിലെത്തുകയും കൂട്ടത്തിലൊരാള്‍ ഗുഹയില്‍ പെട്ടുപോവുന്നതും ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഗുണാ കേവ്‌സ് എന്ന സ്ഥലം വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്.

എന്താണ് ഗുണാ കേവ്‌സ് അഥവാ ഡെവിള്‍സ് കിച്ചണ്‍. കൊടൈക്കനാല്‍ മലനിരകളിലുള്ള ഗുഹയാണിത്. 1921ല്‍ ബി.എസ്. വാര്‍ഡ് എന്ന ബ്രിട്ടീഷ് ഓഫീസറാണ് പ്രകൃതിയില്‍ മറഞ്ഞിരുന്ന ഈ സ്ഥലം കണ്ടെത്തിയത്. ഒരു ദിവസം വാര്‍ഡ് കാട്ടില്‍ കൂടി നടക്കുമ്പോള്‍ എവിടെ നിന്നോ ആരൊക്കെയോ പാചകം ചെയ്യുന്ന ശബ്ദവും പാത്രങ്ങളുടെ ഒച്ചയും കേട്ടു. അത് എന്താണെന്ന് കണ്ടുപിടിക്കാന്‍ വേണ്ടി നാട്ടുകാരുടെ സഹായത്തോടെ കാട് വെട്ടിത്തെളിച്ച് ഈ ഗുഹ കണ്ടെത്തി. അതിന്റെ അവസാനം കാണാന്‍ മുന്നോട്ട് പോയി.

എന്നാല്‍ മുന്നോട്ടു പോകുന്തോറും കൂടുതല്‍ അപകടം പിടിച്ച വഴിയായി അത് മാറി. 600 അടിയോളം താഴ്ചയിലെത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല. നിഗൂഢത നിറഞ്ഞ ആ ഗുഹക്ക് ഡെവിള്‍സ് കിച്ചന്‍ എന്ന് പേരിട്ടത് വാര്‍ഡ് ആയിരുന്നു. പിന്നീട് ആ ഗുഹയില്‍ നിരവധിപേര്‍ അപകടത്തില്‍ പെട്ടു. സ്വാതന്ത്ര്യനന്തരം വീണ്ടും വിസ്മൃതിയിലേക്ക് പൊയ്‌ക്കൊണ്ടിരുന്ന ആ സ്ഥലം 1992ല്‍ റിലീസായ ഗുണാ എന്ന സിനിമയിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ പ്രധാനഭാഗം ചിത്രീകരിച്ചത് ആ ഗുഹയിലായിരുന്നു.

പിന്നീട് ആ സ്ഥലം ഗുണാ കേവ്‌സ് എന്നറിയപ്പെടാന്‍ തുടങ്ങി. നിരവധി ടൂറിസ്റ്റുകള്‍ ഗുഹ കാണാന്‍ വന്നുതുടങ്ങി. ഇതിനോടൊപ്പം അപകടങ്ങളും അവിടെ ഇടയ്ക്കിടെ ഉണ്ടായിത്തുടങ്ങി. 12 യുവാക്കള്‍ വിവിധ സമയങ്ങളിലായി ആ ഗുഹയില്‍ വീണ് കാണാതായിട്ടുണ്ട്. 2012ല്‍ കേരളത്തിലെ മഞ്ഞുമ്മല്‍ എന്ന ഗ്രാമത്തില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോവുകയും കൂട്ടത്തിലൊരാള്‍ ഗുണാ കേവ്‌സില്‍ കുടുങ്ങുകയും ചെയ്തു. പൊലീസുകാരും നാട്ടുകാരും നിസഹായരായി നില്‍ക്കുമ്പോള്‍ കൂട്ടുകാര്‍ തന്നെ മുന്നിട്ടിറങ്ങി അയാളെ രക്ഷിച്ചു. ഈ സംഭവമാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കഥ.

ഫെബ്രുവരിയില്‍ റലീസ് ചെയ്യുന്ന സിനിമയെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മികച്ച ഒരു സിനിമാനുഭവമായിരിക്കും മഞ്ഞുമ്മല്‍ ബോയ്‌സ് എന്നതില്‍ സംശയമില്ല.

Content Highlight: History and stories of  Guna Caves

We use cookies to give you the best possible experience. Learn more