| Monday, 5th August 2019, 2:57 pm

കശ്മീരിലേത് കേന്ദ്രത്തിന്റെ പിന്തിരിപ്പന്‍ നീക്കം; സംസ്ഥാനം കേന്ദ്രഭരണ പ്രദേശമാകുന്നത് ചരിത്രത്തിലാദ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതു മാത്രമല്ല, അവിടം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കണമെന്ന ആവശ്യം കൂടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നു മുന്നോട്ടുവെച്ചത്. എന്നാല്‍ ചരിത്രത്തിലുടനീളം പരിശോധിച്ചാല്‍ പോലും ഇത്തരമൊരു നീക്കം പിന്തിരിപ്പനും അപ്രതീക്ഷിതവുമെന്നേ പറയാനാവൂ.

കാരണം, സാധാരണ കേന്ദ്രഭരണ പ്രദേശങ്ങളെ സംസ്ഥാനങ്ങളാക്കി മാറ്റുകയാണു പതിവ്. കേന്ദ്രത്തിന്റെ നേരിട്ടുള്ള ഇടപെടലുകള്‍ കുറച്ച് ജനങ്ങളുമായി അടുത്തു നില്‍ക്കുന്ന ഭരണനിര്‍വഹണ സംവിധാനം നടപ്പാക്കുകയാണ് അതുവഴി ലക്ഷ്യമിട്ടത്.

അസമും മേഘാലയയും മാറ്റിനിര്‍ത്തിക്കഴിഞ്ഞാല്‍ വടക്കുകിഴക്കന്‍ മേഖലയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും ആദ്യം കേന്ദ്രഭരണ പ്രദേശങ്ങളായിരുന്നു. വന്‍തോതിലുള്ള ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്നായിരുന്നു ആ കേന്ദ്രഭരണ പ്രദേശങ്ങളൊക്കെയും സംസ്ഥാനങ്ങളാക്കിയത്.

അറുപതുകളില്‍ നാഗാലാന്‍ഡിലാണ് ഈ പ്രവണതയുണ്ടായത്. അസമില്‍ നിന്നു വേര്‍പ്പെട്ടശേഷം അമ്പതുകളില്‍ നാഗാലാന്‍ഡിനെ ഒരു കേന്ദ്രഭരണ പ്രദേശമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭമാണ് അസമിനുശേഷം വടക്കുകിഴക്കന്‍ മേഖലയിലെ രണ്ടാമത്തെ സംസ്ഥാനമായി നാഗാലാന്‍ഡിനെ മാറ്റിയത്.

ആ സമയവും മണിപ്പുരും ത്രിപുരയും കേന്ദ്രഭരണപ്രദേശങ്ങളായിരുന്നു. അസമിന്റെ ഭാഗമായിരുന്ന അരുണാചല്‍ പ്രദേശാകട്ടെ, വിദേശകാര്യമന്ത്രാലയത്തിനു കീഴിലും പിന്നീട് ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുമായി. 1962-ലെ ചൈനീസ് അധിനിവേശത്തിനു ശേഷമായിരുന്നു ആഭ്യന്തരമന്ത്രാലയം അരുണാചലിന്റെ നിയന്ത്രണം ഏറ്റെടുത്തത്.

1972-ല്‍ മേഘാലയയെ കേന്ദ്രഭരണ പ്രദേശമാക്കാതെ തന്നെ സംസ്ഥാനമായി പ്രഖ്യാപിച്ചു. അതോടൊപ്പം മണിപ്പുരും ത്രിപുരയും ഹിമാചല്‍പ്രദേശും സമാനമായി പ്രഖ്യാപിക്കപ്പെട്ടു.

എണ്‍പതുകളിലാണ് അരുണാചലിനു പൂര്‍ണ സംസ്ഥാന പദവി ലഭിക്കുന്നത്. അതോടൊപ്പം ഗോവയ്ക്കും മിസോറമിനും സമാന പദവി ലഭിച്ചു. 1987-ല്‍ ദാമന്‍ ആന്‍ഡ് ദിയുവില്‍ നിന്നു വേര്‍പ്പെട്ട ഗോവയെ സംസ്ഥാനമായി പ്രഖ്യാപിക്കുകയായിരുന്നു.

ദല്‍ഹിയാകട്ടെ പാര്‍ട്ട് സി-യിലുള്ള സംസ്ഥാനമാണ്. ഒരു ചീഫ് കമ്മീഷണറോ ലെഫ്റ്റനന്റ് ഗവര്‍ണറോ ആണ് ഇത്തരം സംസ്ഥാനങ്ങളില്‍ അധികാരം കൈയ്യാളുന്നത്. അതോടൊപ്പം ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുമുണ്ടാകും.

ഒരു സംസ്ഥാനം പോലും കേന്ദ്രഭരണ പ്രദേശമായിട്ടില്ല എന്നതാണ് വസ്തുത. ഒരുഘട്ടത്തില്‍പ്പോലും ഒരു സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശമാക്കണമെന്ന ആവശ്യവും ഉയര്‍ന്നുവന്നിട്ടില്ല. എന്നാല്‍ ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കണമെന്നത് ബി.ജെ.പി കുറേക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്.

We use cookies to give you the best possible experience. Learn more